Asianet News MalayalamAsianet News Malayalam

ടൈറ്റാനിക് ദുരന്തം നടന്ന രാത്രിയിലെ വെള്ളം ഇങ്ങനെയായിരുന്നു, നിങ്ങൾക്കും അനുഭവിച്ചറിയാം, ഈ മ്യൂസിയത്തിൽ

ടൈറ്റാനിക് ദുരന്തം നടന്ന ആ രാത്രിയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ ഉണ്ടായിരുന്ന ജലത്തിൻറെ അതേ ഊഷ്മാവിൽ ആണ് ഈ വെള്ളം ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

You can experience the water temperature of the night the Titanic sank here in Titanic Museum
Author
First Published Sep 14, 2024, 2:48 PM IST | Last Updated Sep 14, 2024, 2:50 PM IST

ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ടൈറ്റാനിക് ദുരന്തം. ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഒരു മനുഷ്യന് 15 മിനിറ്റിൽ കൂടുതൽ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. അറ്റ്ലാൻ്റിക് സമുദ്രത്തിലെ ജലത്തിൻ്റെ തണുപ്പിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാക്കുന്നതിനും കപ്പൽ മുങ്ങിയപ്പോൾ അതിലുണ്ടായിരുന്ന യാത്രക്കാർക്ക് എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന് അനുഭവിക്കാനും അവസരമൊരുക്കുന്ന ഒരു മ്യൂസിയമുണ്ട്. അമേരിക്കയിലെ ടെന്നസിയിൽ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക് മ്യൂസിയത്തിൽ ആണ് ഈ അപൂർവ്വാനുഭവം കാഴ്ചക്കാരെ കാത്തിരിക്കുന്നത്.

400 -ലധികം യഥാർത്ഥ ടൈറ്റാനിക് സ്മരണികകളുടെ ശേഖരമുണ്ട് ടൈറ്റാനിക് മ്യൂസിയത്തിൽ. ‌RMS ടൈറ്റാനിക്കിനോട് സാമ്യമുള്ളതാണ് മ്യൂസിയത്തിന്റെ രൂപകല്പന തന്നെ. കൂടാതെ കാഴ്ചക്കാർക്ക് ടൈറ്റാനിക്കിന്റെ യഥാർത്ഥ അനുഭവം പ്രധാനം ചെയ്യുന്നതിനായി നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൈറ്റാനിക് കപ്പലിന്റെ മുറികളുടെ പകർപ്പുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കപ്പലിലെ യഥാർത്ഥ യാത്രക്കാരൻ്റെ പേരുള്ള ഒരു ബോർഡിംഗ്  പാസ് ഇവിടുത്തെ മറ്റൊരു അവിസ്മരണീയ കാഴ്ചയാണ്. ആ ദുരന്തത്തിൽ ഇരയാക്കപ്പെട്ട 2,208 പേരുടെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായുള്ള ടൈറ്റാനിക് മെമ്മോറിയൽ റൂം മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്. 

22,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയത്തിലെ മറ്റു പ്രധാന ആകർഷണം ഒരു പ്രത്യേക ഊഷ്മാവിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ്. ടൈറ്റാനിക് ദുരന്തം നടന്ന ആ രാത്രിയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ ഉണ്ടായിരുന്ന ജലത്തിൻറെ അതേ ഊഷ്മാവിൽ ആണ് ഈ വെള്ളം ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തിൽ എത്തുന്നവർക്ക് ഈ വെള്ളത്തിൽ സ്പർശിച്ചാൽ അന്നേദിവസം ദുരന്തത്തിൽ പെട്ടവർക്ക് ഉണ്ടായ അതേ അനുഭവം സ്വയം അനുഭവിച്ചറിയാം. 1912 ഏപ്രിൽ 15 -ന് അറ്റ്ലാൻ്റിക് സമുദ്രത്തിൽ ഉണ്ടായിരുന്ന ജലത്തിൻറെ താപനിലയായ -2° സെൽഷ്യസിലാണ് ഈ ജലവും മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ മ്യൂസിയത്തിൽ സന്ദർശനത്തിന് എത്തിയ മൂന്നു വ്യക്തികൾ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന വെള്ളത്തിൽ കൈകൾ ഇട്ട് തങ്ങൾക്കുണ്ടായ അനുഭവം വ്യക്തമാക്കുന്നതാണ്. കൈകൾ വച്ച് മൂന്ന് പേരും സെക്കന്റുകൾക്കുള്ളിൽ ജലത്തിൽ നിന്നും തങ്ങളുടെ കൈ പിൻവലിക്കുന്നു. സഹിക്കാനാവാത്ത അനുഭവം എന്നാണ് ഇവർ ഈ അനുഭവത്തെ വിശേഷിപ്പിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios