ഊബറിനുപകരം ഹെലികോപ്‍റ്റർ, യാത്രാച്ചെലവും സമയവും ഇങ്ങനെ, സ്ക്രീൻഷോട്ട് പങ്കുവച്ച് യുവതി, വൈറൽ
ഊബർ യാത്രയ്ക്ക് ഒരു മണിക്കൂറിന് $131.99 (11,000 രൂപ) ചിലവാകും, അതേസമയം ബ്ലേഡ് ഹെലികോപ്റ്റർ റൈഡിന് 5 മിനിറ്റിന് $165 (ഏകദേശം ₹13,765) ആണ് ചെലവ് വരുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ ട്രാഫിക്കിനെ മറികടക്കാൻ ഊബറിന് പകരം ഹെലികോപ്റ്ററിൽ യാത്ര ചെയ്ത ഇന്ത്യൻ അമേരിക്കൻ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ക്ലീനർ പെർകിൻസിലെ ജീവനക്കാരിയായ ഖുഷി സൂരിയാണ് മാൻഹട്ടനിൽ നിന്ന് ക്വീൻസിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്ററിൽ യാത്ര പോയത്.
രണ്ട് ഓപ്ഷനാണ് അവൾക്കുണ്ടായിരുന്നത്. ഒന്ന്, ഒരു മണിക്കൂർ നീണ്ട ഊബർ യാത്ര. അല്ലെങ്കിൽ വെറും 5 മിനിറ്റ് മാത്രമെടുക്കുന്ന ഹെലികോപ്റ്റർ യാത്ര. $30 (2,505.25) മാത്രമായിരുന്നു രണ്ടും തമ്മിലുള്ള വ്യത്യാസം. അങ്ങനെ യാത്രക്കുള്ള സമയം കുറക്കുന്നതിന് വേണ്ടി അവൾ ഹെലികോപ്റ്ററാണ് യാത്രക്ക് തെരഞ്ഞെടുത്തത്.
ബ്ലേഡ് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതും ഊബർ എടുക്കുന്നതും താരതമ്യം ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടും ഖുഷി പങ്കുവച്ചിട്ടുണ്ട്. ചെലവും സമയവും അവൾ അതിൽ താരതമ്യം ചെയ്യുന്നുണ്ട്. ഊബർ യാത്രയ്ക്ക് ഒരു മണിക്കൂറിന് $131.99 (11,000 രൂപ) ചിലവാകും, അതേസമയം ബ്ലേഡ് ഹെലികോപ്റ്റർ റൈഡിന് 5 മിനിറ്റിന് $165 (ഏകദേശം ₹13,765) ആണ് ചെലവ് വരുന്നത്.
വളരെ പെട്ടെന്ന് തന്നെ ഖുഷി പങ്കുവച്ച സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് സത്യമാണോ, എനിക്ക് ഒരു ഹെലികോപ്റ്ററിൽ യാത്ര ചെയ്യണമെന്നുണ്ട് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അതേസമയം, യുവതിയുടെ തീരുമാനത്തെ പാരിസ്ഥിതികമായ കാരണങ്ങൾ പറഞ്ഞ് വിമർശിച്ചവരും ഒരുപാടുണ്ട്.