ഓൺലൈൻ ഗെയിമിംഗിന് പണം നൽകിയില്ല, ഭാര്യയുടെ കണ്ണ് അടിച്ചു പൊട്ടിച്ച് ഭർത്താവ്
ഇത് കൂടാതെ മർദ്ദനത്തിനിടയിൽ സീ ലാവോയുടെ അമ്മയെ വീഡിയോ കോൾ ചെയ്ത് തനിക്ക് പണം നൽകിയില്ലെങ്കിൽ മകളെ അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഓൺലൈൻ ഗെയിമിങ്ങിന് പണം നൽകാൻ വിസമ്മതിച്ച ഭാര്യയുടെ കണ്ണ് ഭർത്താവ് അടിച്ചു പൊട്ടിച്ചു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം പിന്നിടുന്നതിനിടയിലാണ് ഭർത്താവിൻറെ ക്രൂരമായ മർദ്ദനത്തിന് യുവതി ഇരയാക്കപ്പെട്ടത്.
കണ്ണുകൾ അടിച്ചു പൊട്ടിച്ചത് കൂടാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായ മർദ്ദനം ഏൽപ്പിച്ചിട്ടിട്ടുണ്ട്. വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയയിൽ നിന്നുള്ള ലാവോ ചുങ്‌ക്യു എന്ന 28 -കാരിയാണ് ഭർത്താവിന്റെ ക്രൂരമായി മർദ്ദനത്തിന് ഇരയാക്കപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരനായ സീയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
2022 ലാണ് മുപ്പതുകാരനായ സീയെ ഒരു ബന്ധു വഴി ലാവോ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ, വിവാഹശേഷം സീയുടെ ഗെയിം അഭിനിവേശം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഇവർക്കിടയിൽ പതിവായിരുന്നു. ലഭിക്കുന്ന സമ്പാദ്യത്തിൽ പകുതിയിലധികവും സീ ഗെയിമിങ്ങിനായി ചെലവഴിച്ചതാണ് ലാവോയെ പ്രകോപിപ്പിച്ചത്.
വിവാഹത്തിന് ശേഷം, ഇവർ ജോലി തേടി മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ സി ജോലി കണ്ടെത്താൻ തയ്യാറാകാതെ മുഴുവൻ സമയവും ഗെയിമിങ്ങിനായി ചെലവഴിക്കുകയായിരുന്നു. കൂടാതെ ഗെയിം കളിക്കാനായി ലാവോയിൽ നിന്ന് തുടരെത്തുടരെ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തൻറെ കൈവശം പണമില്ലെന്നും ഇനി പണം തരാൻ സാധിക്കില്ലെന്നും ലാവോ വിശദീകരിച്ചതാണ് സീയെ പ്രകോപിതനാക്കിയത്. തുടർന്ന് ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവതിയുടെ മുഖത്ത് ഗുരുതരമായ പരിക്കേൽക്കുകയും കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.
ഇത് കൂടാതെ മർദ്ദനത്തിനിടയിൽ സീ ലാവോയുടെ അമ്മയെ വീഡിയോ കോൾ ചെയ്ത് തനിക്ക് പണം നൽകിയില്ലെങ്കിൽ മകളെ അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ ലാവോയുടെ ഒരു ബന്ധുവെത്തിയാണ് സിയുടെ കയ്യിൽ നിന്നും അവളെ രക്ഷപ്പെടുത്തിയത്. തുടർന്ന് മൂന്നുമാസത്തോളം കോമയിൽ കിടന്ന ലാവോ കണ്ണുതുറന്നപ്പോൾ കാഴ്ച ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് സിക്കെതിരെ പോലീസ് കേസെടുത്തു. ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിലെ സോങ്‌യുവാൻ ഡിസ്ട്രിക്റ്റിലെ പീപ്പിൾസ് കോടതി സീയെ 11 വർഷത്തെ തടവിന് ശിക്ഷിക്കുകയും നഷ്ടപരിഹാരമായി ലാവോയ്ക്ക് 657,000 യുവാൻ (US$93,000) ഉത്തരവിടുകയും ചെയ്തു. ഈ വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് ലാവോയുടെ മാതാപിതാക്കൾ. സിക്ക് ജീവപര്യന്തം തടവ് നൽകണമെന്നാണ് ഇവരുടെ ആവശ്യം.