പ്രണയവും വേണ്ട, പ്രണയികളും വേണ്ട; ഒറ്റക്കുള്ള ജീവിതമാണ് സമാധാനം മച്ചാനേ, വൈറലാവുന്ന 'ബോയ്‍സോബർ'
ഡേറ്റിംഗിൽ നിന്നും, സിറ്റ്വേഷൻഷിപ്പിൽ നിന്നും, ടോക്സിക് ബന്ധങ്ങളിൽ നിന്നും മുൻകാല ബന്ധങ്ങളിൽ നിന്നും ഒക്കെ മാറിനിൽക്കുക എന്നതാണത്രെ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രണയവുമായി ബന്ധപ്പെട്ട് പല പുതിയ വാക്കുകളും ഇന്ന് നമുക്ക് പരിചിതമാണ്. അതിൽ ഏറ്റവും പുതിയ വാക്കായിരിക്കണം ബോയ്‍സോബർ (boysober). എന്താണ് ബോയ്‍സോബർ?
കാലം ഒരുപാട് മാറി. ലോകവും മാറി. സാങ്കേതികവിദ്യയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. അതുപോലെയുള്ള മാറ്റങ്ങൾ ബന്ധങ്ങളിലും സംഭവിച്ചു കഴിഞ്ഞു. പ്രണയം തകർന്ന ശേഷമോ, അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിച്ച് മടുത്തോ ആളുകൾ സിറ്റ്വേഷൻഷിപ്പിലേക്ക് പോകാറുണ്ട്. സാഹചര്യത്തിന്റെ സമ്മർദ്ദത്തിലോ, ആ സമയത്തിന് വേണ്ടിയോ ഒക്കെ സംഭവിക്കുന്ന ബന്ധങ്ങളാണിത്. അതുകൊണ്ട് തന്നെ ഒരു ഘട്ടം കഴിയുമ്പോൾ ചിലർ അത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വിഷമിക്കാറുണ്ട്.
എന്നാൽ, ഇന്ന് ബന്ധങ്ങളില്ലാതെ ജീവിക്കാനും അവരവർക്ക് തന്നെ പ്രണയത്തിൽ നിന്ന് ഒരു ബ്രേക്ക് നൽകാനും യുവാക്കൾ ശ്രമിക്കാറുണ്ട്. അതാണ് ബോയ്‍സോബർ (boysober).
ഹാസ്യനടനായ ഹോപ്പ് വുഡാർഡാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഉടൻ തന്നെ ഇത് ഇൻ്റർനെറ്റിൽ വൈറലാവുകയും ചെയ്തു. ഡേറ്റിംഗിൽ നിന്നും, സിറ്റ്വേഷൻഷിപ്പിൽ നിന്നും, ടോക്സിക് ബന്ധങ്ങളിൽ നിന്നും മുൻകാല ബന്ധങ്ങളിൽ നിന്നും ഒക്കെ മാറിനിൽക്കുക എന്നതാണത്രെ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.
പുതിയ ബന്ധം കണ്ടെത്തുന്നതിന് പകരമായി പഴയകാല ബന്ധങ്ങളിൽ നിന്നും അത് സമ്മാനിച്ച ബുദ്ധിമുട്ടുകളിൽ നിന്നും എല്ലാം ഒരു ബ്രേക്കെടുത്ത് അവനവനെ സന്തോഷിപ്പിക്കുക, അവനവനെ സ്നേഹിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
പ്രണയബന്ധങ്ങളിൽ ഊർജ്ജവും സമാധാനവും കളയുന്നതിന് പകരം അവരവർക്ക് വേണ്ടി സമയം ചെലവഴിക്കുക. കൂട്ടുകാർക്കൊപ്പവും വീട്ടുകാർക്കൊപ്പവും കൂടുതൽ നേരമിരിക്കുക. സമാധാനം തരുന്ന ബന്ധങ്ങളിൽ മാത്രം സമയം ചെലവഴിക്കുക എന്നതൊക്കെ ഇതിൽ പെടുന്നു. എന്തായാലും, പുതിയ കാലത്തെ യുവാക്കൾക്ക് അവരെ ദ്രോഹിക്കുന്ന ബന്ധങ്ങളിൽ ഒട്ടും താല്പര്യമില്ല എന്നാണ് പറയുന്നത്.
(ചിത്രങ്ങൾ പ്രതീകാത്മകം)