കാണാൻ തന്നെപ്പോലെ തന്നെ, അപരിചിതയായ പെൺകുട്ടിയുടെ പിന്നാലെ രഹസ്യം തേടിപ്പോയ യുവതി കണ്ടെത്തിയത്
2005 -ൽ ആറ് മാസം പ്രായമുള്ളപ്പോഴാണ് ആശുപത്രിയിൽ നിന്ന് അവളെ ദത്തെടുത്തത് എന്ന് എലെൻ്റെ വളർത്തമ്മയായ ലിയ കോർകോടാഡ്സെ പറഞ്ഞു.
നമുക്കൊരു ഇരട്ട സഹോദരിയോ സഹോദരനോ ഉണ്ട്. പക്ഷേ, അങ്ങനെയൊരാൾ ജനിച്ച കാര്യമോ അവർ ലോകത്ത് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യമോ നമുക്ക് അറിയില്ല. എന്തൊരു ദുരവസ്ഥയാണ് അത് അല്ലേ? എന്നാൽ, അത് തന്നെയായിരുന്നു ജോർജ്ജിയയിൽ നിന്നുള്ള 19 -കാരിയായ എലെൻ ഡെയ്സാഡെയുടെ ജീവിതവും.
കുറച്ച് കാലം മുമ്പ് വരെ തനിക്കൊരു ഇരട്ട സഹോദരിയുണ്ട്, അവൾ ഇപ്പോഴും മറ്റൊരിടത്ത് ജീവിച്ചിരിക്കുന്നു ഇതൊന്നും തന്നെ അവൾക്ക് അറിയുമായിരുന്നില്ല. 2022 -ലാണ് എലെൻ ടിക്ടോക്കിൽ ഒരു പെൺകുട്ടിയെ കണ്ടത്. ശരിക്കും അവളെ കാണാൻ എലെനെ പോലെ തന്നെയുണ്ടായിരുന്നു. അന്ന പഞ്ചുലിഡ്സെ എന്നായിരുന്നു അവളുടെ പേര്. അവൾ ഉടനെ തന്നെ അന്നയെ ബന്ധപ്പെടാൻ ശ്രമിച്ചു. അധികം വൈകാതെ അവരിരുവരും സുഹൃത്തുക്കളായി മാറുകയും ചെയ്തു.
അപ്പോഴും സൗഹൃദത്തിനപ്പുറം അവർ തമ്മിൽ മറ്റൊരു ബന്ധമുണ്ട് എന്ന് അവർക്ക് അറിയുകയേ ഇല്ലായിരുന്നു. കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ടുപേരും പരസ്പരം പറഞ്ഞത് തങ്ങളെ ദത്തെടുത്തതാണ് എന്നാണ്. അപ്പോഴാണ് ശരിക്കും തങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് രണ്ടുപേരും ചിന്തിച്ചത്. തങ്ങളുടെ സംശയം തീർക്കുന്നതിനായി ഇരുവരും ഒരു ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. ഡിഎൻഎ ടെസ്റ്റിന്റെ ഫലം അമ്പരപ്പിക്കുന്നതായിരുന്നു. അവർ ഇരുവരും ഐഡറ്റിക്കൽ ട്വിൻസ് (സരൂപ ഇരട്ടകൾ) ആണെന്നായിരുന്നു ടെസ്റ്റിന്റെ ഫലം.
'ഞങ്ങൾ സഹോദരിമാരായിരിക്കും എന്ന് സംശയിക്കാതെ തന്നെയാണ് ഞങ്ങൾ സുഹൃത്തുക്കളായത്. എന്നാൽ, അന്നും നമ്മുടെ ബന്ധം വളരെ ശക്തമായിരുന്നു. എന്തോ സ്പെഷ്യലായ അടുപ്പം തങ്ങൾക്ക് പരസ്പരം തോന്നിയിരുന്നു' എന്നാണ് എലെൻ പറയുന്നു. 2005 -ൽ ആറ് മാസം പ്രായമുള്ളപ്പോഴാണ് ആശുപത്രിയിൽ നിന്ന് അവളെ ദത്തെടുത്തത് എന്ന് എലെൻ്റെ വളർത്തമ്മയായ ലിയ കോർകോടാഡ്സെ പറഞ്ഞു.
അതേസമയം, പരസ്പരം ഇരട്ടസഹോദരിമാരാണ് എന്ന് തിരിച്ചറിഞ്ഞുവെങ്കിലും തങ്ങളുടെ യഥാർത്ഥ അച്ഛനും അമ്മയും ആരാണ് എന്നത് ഇരുവർക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. കാരണം, ജോർജ്ജിയയിലെ ആയിരക്കണക്കിന് വരുന്ന മനുഷ്യക്കടത്തിന്റെ ഇരകളിൽ പെട്ടവരായിരുന്നു ഇരുവരും.