'മാന്ത്രിക'വാൾ കാണാനില്ല, 1300 വർഷം പഴക്കം, ഗ്രാമത്തിന്റെ ഐശ്വര്യം, എവിടെപ്പോയി? പരിഭ്രാന്തരായി ജനങ്ങള്‍
ഭീമാകാരമായ പാറകൾ പോലും മുറിക്കാൻ ശേഷി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മധ്യകാലത്തിലെ ഈ വാൾ പാറക്കൂട്ടത്തിനിടയിൽ കല്ലിൽ ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്.
ഒരുകാലത്ത് ഫ്രാൻസിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്ന ദുരാൻഡൽ എന്നറിയപ്പെടുന്ന 'മാന്ത്രിക'വാൾ കാണാനില്ല. റോക്കമഡോർ ഗ്രാമത്തിലെ പാറക്കെട്ടുകളിൽ സൂക്ഷിച്ചിരുന്ന ഈ മാന്ത്രികവാൾ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു.
ഫ്രഞ്ച് എക്‌സ്‌കാലിബർ എന്ന് പോലും വിളിക്കപ്പെടുന്ന ഈ പ്രസിദ്ധമായ ആയുധത്തിന് 1,300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അതിപുരാതനമായ ഈ വാൾ ഒരു മുൻ റോമൻ ചക്രവർത്തിയുടെ ഉദ്യോഗസ്ഥനായ റോളണ്ടുമായി ബന്ധപ്പെട്ടതാണ്. ജൂൺ 21 -നും 22 -നും ഇടയിലാണ് ഇത് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഫ്രഞ്ച് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.
വാൾ മോഷണം പോയതായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, പരിമിതമായി മാത്രം പ്രവേശനമുള്ള ഒരു വന്യജീവി സങ്കേതത്തിനടുത്തുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാൾ എങ്ങനെ മോഷ്ടിക്കപ്പെട്ടു എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഭീമാകാരമായ പാറകൾ പോലും മുറിക്കാൻ ശേഷി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മധ്യകാലത്തിലെ ഈ വാൾ പാറക്കൂട്ടത്തിനിടയിൽ കല്ലിൽ ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്.
പ്രാദേശികമായി പ്രചരിച്ചു വരുന്ന നാടോടിക്കഥകൾ അനുസരിച്ച് വാൾ കിലോമീറ്ററുകൾ മാന്ത്രികമായി സഞ്ചരിച്ച് റോക്കമഡോർ ഗ്രാമത്തിലെ വന്നു പതിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ വാൾ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. നിലവിലുള്ള ഏറ്റവും പഴയ ഫ്രഞ്ച് സാഹിത്യകൃതിയായ സോംഗ് ഓഫ് റോളണ്ടിൻ്റെ കവിതകളിലും ഈ മാന്ത്രിക വാളിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
ഓക്‌സ്‌ഫോർഡിലെ ബോഡ്‌ലിയൻ ലൈബ്രറിയിൽ ആണ് ഇതിൻറെ ഏക പകർപ്പ് സൂക്ഷിച്ചിരിക്കുന്നത്. പവിത്രമായി കരുതിവന്നിരുന്ന തങ്ങളുടെ ഗ്രാമത്തിൻറെ ഐശ്വര്യമായ മാതൃകവാൾ കാണാതായതോടെ ഗ്രാമവാസികളും ഏറെ പരിഭ്രാന്തിയിലാണ് ഇപ്പോൾ.