നടക്കില്ലാന്ന് പറഞ്ഞാൽ നടക്കില്ല; ജോലി ചെയ്യുന്നതായി നടിച്ചു, ജീവനക്കാരുടെ ജോലി പോയി
വെൽസ് ഫാർഗോ പറയുന്നത്, തങ്ങളുടെ ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച, പ്രൊഫഷണലായിട്ടുള്ള പെരുമാറ്റമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അതില്ലെങ്കിൽ അതിനെതിരെ ഇതുപോലെ നടപടികൾ സ്വീകരിക്കും എന്നാണ്.
ഓഫീസിൽ ചെന്നാൽ, ബോസിന്റെ അടുത്തോ മറ്റ് ഹെഡ്ഡിന്റെയടുത്തോ ഒക്കെ തിരക്ക് ഭാവിക്കുന്നവരേയും, ജോലി ചെയ്യുന്നതായി അഭിനയിക്കുന്നവരേയും നാം ഒരുപാട് കണ്ടിട്ടുണ്ടാകും. കൂടുതൽ ജോലി കിട്ടാതിരിക്കാൻ വേണ്ടിയും നല്ല അഭിപ്രായം നേടിയെടുക്കാൻ വേണ്ടിയും ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, എല്ലാത്തിനും ഒരു പരിധിയുണ്ടല്ലേ? ഓവറാക്കരുത് എന്നർത്ഥം. അങ്ങനെ ഓവറാക്കിയ നിരവധി ബാങ്ക് ജീവനക്കാർക്ക് ജോലി പോയി. യുഎസ്സിലാണ് സംഭവം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൂന്നാമത്തെ വലിയ ബാങ്കാണ് വെൽസ് ഫാർഗോ. ഇവിടെ ഒരു ഡസനിലധികം ജീവനക്കാരെയാണ് പിരിച്ചുവിടുകയോ രാജി വെപ്പിക്കുകയോ ചെയ്തിരിക്കുന്നത്. വിദൂര സ്ഥലത്ത് ജോലി ചെയ്യുന്നവരാണ് പിരിച്ചുവിട്ടവരിൽ മിക്കവരും. അതിൽത്തന്നെ വെൽത്ത് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് യൂണിറ്റിനുള്ളിലാണ് ഏറെപ്പേരെ പിരിച്ചുവിട്ടിരിക്കുന്നത്. കീബോർഡിൽ ജോലി ചെയ്യുന്നതായി നടിച്ച് പറ്റിച്ചു എന്നതാണ് ഇവർക്കെതിരെ വന്ന ആരോപണം.
ഫിനാൻഷ്യൽ ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയിൽ (ഫിൻറ) ഫയൽ ചെയ്ത വെളിപ്പെടുത്തലുകളിൽ പറയുന്നത്, സജീവമായ ജോലി ചെയ്യുന്നു എന്ന് കാണിക്കുന്നതിന് വേണ്ടി കീബോർഡ് ആക്ടിവിറ്റി സിമുലേഷൻ നടത്തി. അത് കാരണമാണ് ഈ ജീവനക്കാരെ പിരിച്ചുവിട്ടത് എന്നാണ്. സാധാരണയായി പ്രധാന ഓഫീസുകളിലല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇത്തരം കള്ളം കാണിക്കുന്നത്. മൗസ് മൂവറുകൾ, മൗസ് ജിഗ്ലറുകൾ എന്നറിയപ്പെടുന്ന ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും ഒക്കെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
വെൽസ് ഫാർഗോ പറയുന്നത്, തങ്ങളുടെ ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച, പ്രൊഫഷണലായിട്ടുള്ള പെരുമാറ്റമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അതില്ലെങ്കിൽ അതിനെതിരെ ഇതുപോലെ നടപടികൾ സ്വീകരിക്കും എന്നാണ്. വലിയ വലിയ കമ്പനികൾ തങ്ങളുടെ ദൂരെ ഓഫീസുകളിലും വർക്ക് ഫ്രം ഹോം ആയും ഒക്കെ ജോലി ചെയ്യുന്ന ജീവനക്കാരെ നിരീക്ഷിക്കാറുണ്ട്.