ആരെടാ ഇത് ചെയ്തത്? വിവർത്തനത്തിൽ പിഴവ്, വൈറലായി കർണാടക ഹൈവേയിലെ സൈൻബോർഡ്
വിവർത്തനത്തിലെ പിഴവിനെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ തമാശയായി എടുത്തപ്പോൾ മറ്റൊരു വിഭാഗം അധികൃതരുടെ അനാസ്ഥയെ കുറ്റപ്പെടുത്തി.
കർണാടകയിലെ കുടകിന് സമീപമുള്ള ഹൈവേയിൽ സ്ഥാപിച്ചിട്ടുള്ള എമർജൻസി സൈൻബോർഡ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. കാര്യം മറ്റൊന്നുമല്ല. കന്നടയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ ചെറിയ ഒരു കയ്യബദ്ധം. കാര്യങ്ങൾ ചെറുതായൊന്നു മാറിപ്പോയി. അതുവഴി കടന്നുപോയ യാത്രക്കാരിൽ ചിലർ സൈൻബോഡിനെ തൂക്കിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി.
'Kodagu Connect' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് സൈൻബോർഡിൻറെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവസരവേ അപഘാതക്കെ കാരണ' (Avasarave Apaghatakke Karana) എന്ന കന്നഡ വാക്യത്തിൻ്റെ വിവർത്തനത്തിൽ വന്ന ചെറിയൊരു പിഴവാണ് സംഗതി വൈറലാകാൻ കാരണം. 'അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണം' എന്നാണ് കവി ഉദ്ദേശിച്ചത് എങ്കിലും ഇംഗ്ലീഷിൽ വിവർത്തനം ചെയ്തപ്പോൾ അത് 'Urgent make an accident' എന്നായി പോയി. 'അതായത് അടിയന്തരമായി ഒരു അപകടം ഉണ്ടാക്കുക' എന്ന്.
ഈ സൈൻബോർഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലമായി പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത് മടിക്കേരി- മംഗളൂരു ദേശീയപാത 275 -ൽ സാമ്പാജെയ്ക്ക് സമീപം ആണെന്നാണ്. സംഗതി സോഷ്യൽ മീഡിയയിൽ വൈറലാണെങ്കിലും ഇത് വ്യാജനാണോ അതോ സത്യമാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചെറിയ തർക്കങ്ങൾ ഒക്കെയുണ്ട്. എന്നാൽ, ഇത് സ്ഥാപിച്ചിരിക്കുന്ന സ്ഥലം കൂടി ചേർത്തിട്ടുള്ളതിനാൽ സംഗതി സത്യമാകാനാണ് സാധ്യത എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
വിവർത്തനത്തിലെ പിഴവിനെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ തമാശയായി എടുത്തപ്പോൾ മറ്റൊരു വിഭാഗം അധികൃതരുടെ അനാസ്ഥയെ കുറ്റപ്പെടുത്തി. തിടുക്കമാണ് അപകടകാരണം എന്നാകാം കവി യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് എന്നും ചിലർ സൂചിപ്പിച്ചു. Urgent -ന് ശേഷം ഒരു കോമ ചേർത്തിരുന്നെങ്കിൽ അർത്ഥം പൂർണമായും മാറിയേനെ എന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.