വൈദ്യുതാഘാതമേറ്റ് താഴെ വീണ കാക്കയ്ക്ക് സിപിആർ നൽകി ജീവന്‍ രക്ഷിച്ച് അഗ്നിശമന സേനാംഗം; വീഡിയോ വൈറൽ
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച വെള്ളാദുരൈ എല്ലാവരും സിപിആർ ചെയ്യാന്‍ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിലൂടെ മനുഷ്യരെയും മൃഗങ്ങളെയും അടിയന്തര സാഹചര്യത്തിൽ സഹായിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നും പറഞ്ഞു.
ഭൂമിയിലെ ഓരോ ജീവനുകളും വിലപ്പെട്ടതാണ്. മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും ഇത് സത്യമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. വൈദ്യുതാഘാതമേറ്റ് താഴെ വീണ കാക്കയെ രക്ഷിക്കാൻ ഒരു അഗ്നിശമന സേനാംഗം കാണിച്ച മനസ്സാണ് സംഭവത്തിന് പിന്നിൽ. കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തി ഇദ്ദേഹം കാക്കയെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഹീറോയായി മാറിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ.
2013 മുതൽ അഗ്നിശമന സേനയിൽ ജോലി ചെയ്യുന്ന തെങ്കാശി ജില്ലയിലെ സൗത്ത് പനവടാലിയിൽ നിന്നുള്ള ഫയർമാൻ വി വെള്ളദുരൈയാണ് സമയോചിതമായ ഇടപെടലിലൂടെ കാക്കയുടെ ജീവൻ രക്ഷിച്ചത്. സെപ്തംബർ 19 -ന് രാവിലെ 8.30 ഓടെയാണ് ട്രാൻസ്ഫോർമറില്‍ നിന്നും ഷോക്കേറ്റ് കാക്ക നിലത്ത് വീണത്. ഇത് കണ്ടുകൊണ്ട് നിന്ന വെള്ളദുരൈ വേഗത്തിൽ കാക്കയെ കൈയ്യിലെടുത്ത് സിപിആർ നൽകുകയായിരുന്നു.
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച വെള്ളാദുരൈ എല്ലാവരും സിപിആർ ചെയ്യാന്‍ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിലൂടെ മനുഷ്യരെയും മൃഗങ്ങളെയും അടിയന്തര സാഹചര്യത്തിൽ സഹായിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നും പറഞ്ഞു. പരിശീലന സമയത്ത് പ്രഥമ ശുശ്രൂഷയുടെ ഭാഗമായി തങ്ങൾ സിപിആർ നൽകാൻ പഠിച്ചതിനാലാണ് കാക്കയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വർഷം ആദ്യം, ഉത്തർപ്രദേശിൽ നിന്നുള്ള വികാസ് തോമർ എന്ന പോലീസുകാരൻ സിപിആർ നടത്തി ഒരു കുരങ്ങിന്‍റെ ജീവൻ രക്ഷിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മെയ് 24 ന്, ബുലന്ദ്ഷഹർ ജില്ലയിൽ ഡ്യൂട്ടിക്കിടെയാണ്, കൊടും ചൂടിൽ ബോധരഹിതനായ കുരങ്ങിനെ അദ്ദേഹം കണ്ടത്. ഉടൻതന്നെ അദ്ദേഹം സിപിആർ നൽകുകയും നിരവധി ശ്രമങ്ങൾക്ക് ശേഷം കുരങ്ങന് ബോധം തിരിച്ചു കിട്ടുകയും ചെയ്തു.