ചേട്ടനും അനിയനും പ്രണയിക്കുന്നത് ഒരേ പെണ്ണിനെ, വന്‍ ചിലവ്, സമ്മാനം നല്‍കാന്‍ മോഷണപരമ്പരകൾ, ഒടുവിൽ അറസ്റ്റ്
രവി പറയുന്നത്, താൻ ഒരു കള്ളനായിരുന്നില്ല. പക്ഷെ, കാമുകിക്ക് വിലയേറിയ സാധനങ്ങൾ വേണം, മേക്കപ്പിനും വസ്ത്രത്തിനും ഒക്കെ കാശ് വേണം അതിന് വേണ്ടിയാണ് താൻ മോഷ്ടിച്ച് തുടങ്ങിയത് എന്നാണ്. മോഷ്ടിക്കാൻ അവൾ തങ്ങളെ നിരന്തരം പ്രേരിപ്പിക്കാറുണ്ട് എന്നും രവി പറഞ്ഞു.
പ്രണയം മനുഷ്യരെ അന്ധരാക്കും എന്നൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ, പ്രണയം മനുഷ്യനെ കള്ളനാക്കും എന്ന് കേട്ടിട്ടുണ്ടോ? ഈ യുവാക്കൾ പറയുന്നത് ഒരു യുവതിയോടുള്ള തങ്ങളുടെ പ്രണയമാണ് തങ്ങളെ കള്ളന്മാരാക്കിയത് എന്നാണ്. അതിലും രസം സഹോദരന്മാർ ഇരുവരും പ്രണയിക്കുന്നതാവട്ടെ ഒരേ യുവതിയെ തന്നെയാണ് എന്നതാണ്.
ഗ്വാളിയോറിലാണ് സംഭവം. രവി ധനുക് എന്ന 20 -കാരനും സഹോദരനായ വിശാൽ ധനുക് എന്ന 23 -കാരനുമാണ് മോഷണക്കേസിൽ അറസ്റ്റിലായത്. കാമുകിക്ക് വേണ്ടിയാണ് തങ്ങൾ മോഷ്ടിക്കാൻ തുടങ്ങിയത് എന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ഭിന്ദിലെ മെഹ്‌ഗാവ് നിവാസികളാണ് രവിയും വിശാലും. പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലേക്ക് ഉന്നതരാണ് നാട്ടിൽ മോഷണം വർധിക്കുന്ന വിവരം അറിയിച്ചത്. ഇതേ തുടർന്ന് ഹസ്തിനപൂർ പൊലീസ് നിരവധി പ്രതികളെ തിരിച്ചറിയുകയും സൈബർ സെല്ലിൻ്റെ സഹായം തേടുകയും ചെയ്തിരുന്നു. ഇതാണ് പിന്നീട് സഹോദരങ്ങളുടെ അറസ്റ്റിലേക്ക് നയിച്ച നിർണായക വിവരങ്ങൾ കിട്ടാൻ കാരണമായിത്തീർന്നത്.
പ്രതികൾ മറ്റൊരു കുറ്റകൃത്യത്തിനായുള്ള ഒരുക്കത്തിലാണെന്ന് ഞായറാഴ്ച പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രവിയെയും വിശാലിനെയും പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഹസ്തിനപുരത്തു നടന്ന രണ്ട് മോഷണത്തിലും ഉട്ടിലയിൽ നടന്ന മോഷണത്തിലും പങ്കുണ്ടെന്ന് ഇവർ സമ്മതിച്ചു. രവി മദ്യപാനിയാണ് എന്നും വിശാൽ മദ്യത്തിന് അടിമയാണ് എന്നും അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല, ഇരുവരും ഈ മോഷണങ്ങൾ നടത്തുന്നത് പ്രണയത്തിന് വേണ്ടിയാണ് എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇവർ പ്രണയിക്കുന്ന യുവതി നേരത്തെ ഇവരുടെ അയൽപ്പക്കത്ത് താമസിച്ചിരുന്ന ആളാണ്, ഇപ്പോൾ ദില്ലിയിലാണ്.
രവി പറയുന്നത്, താൻ ഒരു കള്ളനായിരുന്നില്ല. പക്ഷെ, കാമുകിക്ക് വിലയേറിയ സാധനങ്ങൾ വേണം, മേക്കപ്പിനും വസ്ത്രത്തിനും ഒക്കെ കാശ് വേണം അതിന് വേണ്ടിയാണ് താൻ മോഷ്ടിച്ച് തുടങ്ങിയത് എന്നാണ്. മോഷ്ടിക്കാൻ അവൾ തങ്ങളെ നിരന്തരം പ്രേരിപ്പിക്കാറുണ്ട് എന്നും രവി പറഞ്ഞു. ഏറെക്കുറെ സമാനമായ കാര്യമാണ് വിശാലും പറഞ്ഞത്. പിന്നീടാണ്, രണ്ട് സഹോദരന്മാരും പ്രണയിക്കുന്നത് ഒരേ യുവതിയെ തന്നെയാണ് എന്ന കാര്യം പൊലീസ് തിരിച്ചറിയുന്നത്.
ഒരു മോട്ടോർ സൈക്കിൾ, ഏഴ് ആൻഡ്രോയിഡ് ഫോണുകൾ, 200 ഗ്രാം വെള്ളി, 15,000 രൂപ എന്നിവയടക്കം 2.75 ലക്ഷം രൂപയുടെ വസ്തുക്കൾ ഇവരിൽ നിന്നും പൊലീസ് കണ്ടെത്തി.