ഒന്നാം റാങ്ക് കിട്ടണ്ടായിരുന്നു, ട്രോളുകൾ അത്രയേറെ വേദനിപ്പിച്ചു; മനസ് തുറന്ന് പ്രാചി
'ഒന്നോ രണ്ടോ മാർക്ക് കുറഞ്ഞാലും സാരമില്ലായിരുന്നു. തനിക്ക് ഒന്നാം സ്ഥാനം കിട്ടാതെ രണ്ടാം സ്ഥാനമോ മറ്റോ കിട്ടിയാൽ മതിയായിരുന്നു. അങ്ങനെയാണെങ്കിൽ തന്നെ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടില്ലായിരുന്നു' എന്നാണ് അവൾ പറഞ്ഞത്.
പ്രാചി നിഗം, അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പേരായിരുന്നു ഇത്. ഉത്തർ പ്രദേശിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ഫലം വന്നപ്പോൾ 98.5 മാർക്ക് വാങ്ങിയാണ് അവൾ അടുത്ത സംസ്ഥാനക്കാരെ പോലും ഞെട്ടിച്ചത്. എന്നാൽ, അതിന് പിന്നാലെ, അഭിനന്ദനങ്ങൾക്ക് പകരം ഒന്നാം സ്ഥാനത്തെത്തിയ ഈ മിടുക്കിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് കടുത്ത സൈബർ ബുള്ളീയിംഗും വിമർശനങ്ങളും പരിഹാസങ്ങളും ആയിരുന്നു. അതിന് കാരണമായിത്തീർന്നത് അവളുടെ മുഖത്തെ രോമങ്ങളാണ്.
കടുത്ത പരിഹാസങ്ങളാണ് പ്രാചിക്ക് തന്റെ മുഖത്തെ രോമത്തിന്റെ പേരിൽ കേൾക്കേണ്ടി വന്നത്. ആരേയും ഞെട്ടിക്കാൻ പോന്ന മിന്നുന്ന വിജയം പോലും ആ പരിഹാസങ്ങളിൽ മുങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴിതാ ബിബിസി ഹിന്ദിയോട് താൻ അതിന്റെ പേരിൽ അനുഭവിച്ച മാനസിക പ്രയാസങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് പ്രാചി. 'ഒന്നാം സ്ഥാനം കിട്ടേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി' എന്നാണ് പ്രാചി ബിബിസിയോട് പറഞ്ഞത്.
'ഒന്നോ രണ്ടോ മാർക്ക് കുറഞ്ഞാലും സാരമില്ലായിരുന്നു. തനിക്ക് ഒന്നാം സ്ഥാനം കിട്ടാതെ രണ്ടാം സ്ഥാനമോ മറ്റോ കിട്ടിയാൽ മതിയായിരുന്നു. അങ്ങനെയാണെങ്കിൽ തന്‍റെ ചിത്രം വൈറലാവില്ലായിരുന്നു. തന്നെ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടുകയുമില്ലായിരുന്നു' എന്നാണ് അവൾ പറഞ്ഞത്. 'ആ പ്രതികരണങ്ങൾ വേദനിപ്പിച്ചു. പക്ഷേ, സോഷ്യൽ മീഡിയയിൽ ഉള്ള ആളുകൾ അവർക്ക് തോന്നിയതെല്ലാം പറയും. ഒന്നിനും അതിനെ തടയാൻ സാധിക്കില്ല' എന്നും പ്രാചി പറയുന്നു.
സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾക്ക് ഇരയാകേണ്ടി വന്നതിന് പിന്നാലെ പ്രാചിയെ പിന്തുണച്ചുകൊണ്ടും ഒരുപാടാളുകൾ മുന്നോട്ട് വന്നിരുന്നു. 'അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ഇന്ന് ഏറ്റവും വേദന നിറഞ്ഞ ഓർമ്മയായിരിക്കുന്നു. സോഷ്യൽ മീഡിയ അങ്ങേയറ്റം ക്രൂരമാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ശരിക്കും ജീവിതത്തിൽ പരാജയപ്പെട്ടിരിക്കുന്നവരാണ് അവളെ പരിഹസിക്കാനെത്തിയിരിക്കുന്നവർ' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം