വിദൂരദ്വീപിൽ ദിവസങ്ങളോളം കുടുങ്ങി, ഒരു രക്ഷയുമില്ല, ഒടുവിൽ സഹായിച്ചത് പനയോല, സംഘം പുറത്തുകടന്നത് ഇങ്ങനെ
കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു സ്ത്രീ യുഎസ് കോസ്റ്റ്ഗാർഡിനെ വിളിച്ച് ഇവരെ കാണാതായ വിവരം പറയുന്നത്. തന്റെ മൂന്ന് അമ്മാവന്മാർ പടിഞ്ഞാറൻ പസഫിക്കിലെ ഒരു ചെറിയ ദ്വീപായ പികെലോട്ട് അറ്റോളിൽ നിന്നും മടങ്ങി വന്നില്ല എന്നാണ് യുവതി കോസ്റ്റ് ഗാർഡിനെ അറിയിച്ചത്.
ദിവസങ്ങളോളം പസഫിക് ദ്വീപിൽ കുടുങ്ങിപ്പോയ മൂന്നുപേർക്ക് ഒടുവിൽ ആശ്വാസം. കഴിഞ്ഞ ദിവസമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ എളുപ്പം കണ്ടെത്താൻ സഹായിച്ചത് പനയോലകളാണ്. പനയോലകൾ കൊണ്ട് HELP (ഹെൽപ്) എന്ന് ബീച്ചിൽ എഴുതിയതിനെ തുടർന്നാണ് നേവി എയർ ക്രാഫ്റ്റ് സംഘത്തിന് ഇവരെ എളുപ്പം കണ്ടെത്താനായത്.
കടലില് യാത്ര ചെയ്ത് അനുഭവപരിചയമുള്ള 40 വയസിൽ മുകളിൽ പ്രായമുള്ള മൂന്ന് പേരാണ് ദ്വീപിൽ അകപ്പെട്ടത്. മാർച്ച് 31 -ന് മൈക്രോനേഷ്യയിലെ പൊലോവാട്ട് അറ്റോളിൽ നിന്നാണ് ബോട്ടിൽ സംഘം പുറപ്പെട്ടത്. എന്നാൽ, എഞ്ചിൻ തകരാറിനെ തുടർന്ന് ഇവർ ഒരു ദ്വീപിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു സ്ത്രീ യുഎസ് കോസ്റ്റ്ഗാർഡിനെ വിളിച്ച് ഇവരെ കാണാതായ വിവരം പറയുന്നത്. തന്റെ മൂന്ന് അമ്മാവന്മാർ പടിഞ്ഞാറൻ പസഫിക്കിലെ ഒരു ചെറിയ ദ്വീപായ പികെലോട്ട് അറ്റോളിൽ നിന്നും മടങ്ങി വന്നില്ല എന്നാണ് യുവതി കോസ്റ്റ് ഗാർഡിനെ അറിയിച്ചത്.
മൂവരും ബീച്ചിൽ പനയോല കൊണ്ട് ഹെൽപ് എന്ന് എഴുതിയതാണ് അവരെ പെട്ടെന്ന് കണ്ടെത്താൻ സഹായിച്ചത് എന്നാണ് സെർച്ച് ആൻഡ് റെസ്ക്യൂ മിഷൻ കോർഡിനേറ്റർ ലെഫ്റ്റനൻ്റ് ചെൽസി ഗാർസിയ പറയുന്നത്.
ഒരു യുഎസ് നേവി എയർ ക്രാഫ്റ്റാണ് മൂന്നുപേരെയും ദ്വീപിൽ ആദ്യം കണ്ടത്. ഹെൽപ് എന്നെഴുതിയത് കണ്ടതോടെ കൃത്യമായും അവർ എവിടെയാണ് ഉള്ളത് എന്ന് മനസിലാക്കാൻ സാധിക്കുകയായിരുന്നു. എയർ ക്രാഫ്റ്റ് പിന്നീട് ഇവർക്ക് പിടിച്ചുനിൽക്കാൻ വേണ്ടുന്ന അത്യാവശ്യസാധനങ്ങളെല്ലാം എത്തിച്ചുകൊടുത്തു. ഒരു ദിവസം കഴിഞ്ഞ് രക്ഷാപ്രവർത്തകർ നാവികർക്ക് ഒരു റേഡിയോയും നൽകി. തങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എന്നും ഭക്ഷണവും വെള്ളവും ഉണ്ട് എന്നും മൂവരും അറിയിച്ചു.
ഒടുവിൽ, ചൊവ്വാഴ്ചയാണ് മൂവരേയും ഈ വിദൂരദ്വീപിൽ നിന്നും രക്ഷപ്പെടുത്തിയത്. എന്തായാലും പനയോലയാണ് തങ്ങളുടെ രക്ഷപ്പെടലിൽ പ്രധാന പങ്കുവഹിച്ചത് എന്നാണ് ഇവർ പറയുന്നത്.