പുതിയ ഇനം തിളങ്ങുന്ന ചിലന്തിയെ കണ്ടെത്തി, പ്രത്യേകതകൾ ഇവയാണ്...
പെണ്ണിന്റെ ആയുസ്സ് 20 വയസ്സിന് മുകളിലാണ്. അതേസമയം പുരുഷന് പക്വത പ്രാപിക്കാൻ ഏഴ് വർഷം വരെ എടുക്കും. ഇണയെ കണ്ടെത്താനായി മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന അത് അതിന് ശേഷം പെട്ടെന്നുതന്നെ മരിക്കും.
മിയാമിയിൽ ശാസ്ത്രജ്ഞർ ഒരു പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. കാഴ്ചയിൽ ഒരു ചെറിയ തിളങ്ങുന്ന കറുത്ത ടരാന്റുല പോലെ ഇരിക്കുന്ന അത് ഒരു തേനീച്ചയ്ക്ക് സമാനമായി കുത്തിയേക്കാമെന്ന് ഗവേഷകർ കണ്ടെത്തി. ആ കുത്തുകൾ വേദനാജനകമാണെന്ന് മാത്രമല്ല വിഷമയവുമാണ്. പൈൻ റോക്ക്‌ലാന്റ് ട്രാപ്‌ഡോർ ചിലന്തി (ഉമ്മിഡിയ റിച്ച്മണ്ട്) എന്നാണ് അതിന്റെ പേര്. ഫ്ലോറിഡയിലെ സൂ മിയാമിയുടെ മൈതാനത്ത് വച്ച് സൂ കീപ്പറാണ് അതിനെ ആദ്യമായി കണ്ടെത്തുന്നത്.
കാലുകൾ നീട്ടി വച്ചാൽ ആൺചിലന്തിയ്ക്ക് ഒരു പൗണ്ട് നാണയത്തിന്റെ വലുപ്പം കാണും. അതേസമയം പെൺചിലന്തി രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ വലുതായിരിക്കും. ഉമ്മിഡിയ ഒരു ട്രാപ്‌ഡോർ ചിലന്തിയാണ്. അതായത് വേട്ടക്കാരിൽ നിന്ന് ഒളിക്കാനും, ഇരയെ കുരുക്കാനും സഹായിക്കുന്ന ഒരു ട്രാപ്‌ഡോർ പോലെ പ്രവർത്തിക്കുന്ന വാതിലുള്ള ഒരു മാളത്തിലാണ് ഇത് താമസിക്കുന്നത്. ഇത്തരത്തിലുള്ള ചിലന്തികൾക്ക് അവരുടെ ജീവിതകാലം മുഴുവൻ ഒരേ മാളത്തിൽ തന്നെ ജീവിക്കാൻ കഴിയും.
"ഇത് ഒരു കറുത്ത ടരാന്റുലയ്ക്ക് സമാനമാണ്. വല കൊണ്ട് മണ്ണിൽ വാതിലോട് കൂടിയ ഒരു മാളം ഇവ ഉണ്ടാക്കുന്നു. ജീവിതകാലം മുഴുവൻ അതേ മാളത്തിൽ തന്നെ അവ ചെലവഴിക്കുന്നു. ഇര തങ്ങളുടെ കെണിയിൽ അകപ്പെടാൻ ക്ഷമയോടെ കാത്തിരിക്കുന്ന അവ കെണിയിലകപ്പെട്ടാൽ ഇരയെ പിടിക്കാൻ മറഞ്ഞിരിക്കുന്ന മാളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നു" സൂ മിയാമി കൺസർവേഷൻ മേധാവി ഫ്രാങ്ക് റിഡ്‌ഗ്ലി പറഞ്ഞു. മിയാമി സിറ്റി സെന്ററിന്റെ തെക്കുപടിഞ്ഞാറുള്ള മൃഗശാലയ്ക്ക് ചുറ്റുമുള്ള പൈൻ റോക്ക്‌ലാന്റ് വനത്തിലാണ് 2012 -ൽ സൂ മിയാമി സ്റ്റാഫ് ഇതിനെ കണ്ടെത്തിയത്. സ്റ്റാഫ് അതിന്റെ ഫോട്ടോയെടുത്ത് തിരിച്ചറിയുന്നതിനായി മൃഗശാലയുടെ സംരക്ഷണ, ഗവേഷണ വകുപ്പിന് അയച്ചു. എന്നാൽ ഇത് പ്രദേശത്തെ അറിയപ്പെടുന്ന ജീവിവർഗങ്ങളുടെ നിലവിലുള്ള രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.
രണ്ടുവർഷത്തിനുശേഷം, മറ്റൊരു ചിലന്തിയെ കണ്ടെത്തി വീണ്ടുമൊരു വിലയിരുത്തലിനായി വിദഗ്ധർക്ക് അയച്ചു കൊടുത്തു. പിന്നീട് ജോർജിയയിലെ പീഡ്‌മോണ്ട് കോളേജിലെ ഡോ. റെബേക്ക ഗോഡ്‌വിൻ ഇതിനെ കുറിച്ച് പഠിക്കാൻ ഇടയായി. അതോടെ ഇത് ഒരു പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു. ടാരന്റുലകളുമായി ബന്ധപ്പെട്ട നിലവിലുള്ള ജമ്മിഡിയ ജനുസ്സിലെ ഭാഗമാണിത്. 1875 -ൽ സ്വീഡിഷ് ആർക്കനോളജിസ്റ്റ് ടമെർലാൻ തോറെലാണ് ഇതിനെ കുറിച്ച് ആദ്യമായി വിവരിച്ചത്. “ഇത് ഒരു പുതിയ ഇനമാണെന്നതിൽ എനിക്ക് ഒരു സംശയവുമില്ല" ഇതിനെ കുറിച്ച് സൂകീസിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഡോ. ഗോഡ്വിൻ പറഞ്ഞു.
പെണ്ണിന്റെ ആയുസ്സ് 20 വയസ്സിന് മുകളിലാണ്. അതേസമയം പുരുഷന് പക്വത പ്രാപിക്കാൻ ഏഴ് വർഷം വരെ എടുക്കും. ഇണയെ കണ്ടെത്താനായി മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന അത് അതിന് ശേഷം പെട്ടെന്നുതന്നെ മരിക്കും. മൃഗശാലയിലെ ജീവനക്കാർ കണ്ടത് ഇണയെ തേടി നടക്കുന്ന ആൺചിലന്തികളെയാണ് എന്ന് ഡോ. ഗോഡ്വിൻ പറഞ്ഞു. മനുഷ്യരെ സംബന്ധിച്ചിടത്തോളം, ചിലന്തിയുടെ വിഷം തേനീച്ചയുടെ കുത്തിന് സമാനമാണ്. ഇതുപോലുള്ള ചിലന്തികൾ ഇരയെ കീഴടക്കാൻ അവയുടെ വലുപ്പത്തെയും ശക്തിയെയും ആശ്രയിക്കുന്നു. മാത്രമല്ല ഇരയെ അകറ്റാനും ദ്രവീകരിക്കാനും ഈ വിഷം സഹായിക്കുന്നു. ചിലന്തികൾ പക്ഷികൾക്ക് ആഹാരമാകാം അല്ലെങ്കിൽ കടന്നലുകളാൽ ആക്രമിക്കപ്പെടാം. പക്ഷേ, ചിലന്തികളുടെ ഏറ്റവും വലിയ അപകടം അതിന്റെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതാണ്.