ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം
പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി റഹ്‌മാൻ മാലിക് പ്രതികരിച്ചത് ക്യാപ്റ്റൻ സൗരഭ് കാലിയ ലഡാക്ക് മലനിരകളിലെ പ്രതികൂലമായ കാലാവസ്ഥ താങ്ങാനാവാതെ മരിച്ചുപോയതാവും എന്നായിരുന്നു.
1999 മെയ് 15. 121 ബ്രിഗേഡിലെ ക്യാപ്റ്റൻ സൗരഭ് കാലിയ അടങ്ങുന്ന ആറംഗ പട്രോൾ സംഘം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അതിർത്തി രേഖ കടന്നുപോകുന്ന കാർഗിലിലെ ദ്രാസ്സ്-ബറ്റാലിക്ക് സെക്ടറിലെ 18,000 അടി ഉയരത്തിലുള്ള, തങ്ങളുടെ പോസ്റ്റ് ലക്ഷ്യമാക്കി പട്രോളിനിറങ്ങി. ക്യാപ്റ്റൻ സൗരഭ് കാലിയ, ഫോർത്ത് ജാട്ട് റജിമെന്റിലെ സെപോയ്മാരായ അർജുൻ റാം, ലാൽ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ്ങ് എന്നിവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. മഞ്ഞു വീഴ്ച ശക്തമായതിനെത്തുടർന്ന് തങ്ങൾ ഉപേക്ഷിച്ചു പോന്ന ബജ് രംഗ് പോസ്റ്റിലെ ബങ്കറുകൾ വീണ്ടും വാസയോഗ്യമായോ എന്ന് വിലയിരുത്തലായിരുന്നു പട്രോൾ സംഘത്തിന്റെ ദൗത്യം.
മരണക്കെണിയിലേക്ക് ഒന്നുമറിയാതെ നടത്തിയ പട്രോൾ
ഒരു മരം പോലും ഇല്ലാത്ത ഭൂപ്രകൃതിയാണ് LoCയോടടുപ്പിച്ചുള്ള ലഡാക്കിലെ മലനിരകളിൽ. നേരത്തേ നിർണ്ണായകമായ പൊസിഷനുകളിൽ നിലയുറപ്പിച്ചു കഴിഞ്ഞിരുന്ന ഒരു വലിയ സംഘം പാക് നുഴഞ്ഞുകയറ്റക്കാർക്കു നടുവിലേക്കാണ്, ഇങ്ങനെ ഒരു നുഴഞ്ഞുകയറ്റത്തെപ്പറ്റി യാതൊരുവിധ മുൻ ധാരണകളുമില്ലാതിരുന്ന കാപ്റ്റൻ കലിയയുടെ സംഘം ചെന്ന് കയറിക്കൊടുത്തത്.
ആകെ അന്ധാളിച്ചുപോയ അവർ വെടിയൊച്ച കേട്ടിടം ലക്ഷ്യമാക്കി തിരിച്ചും വെടിയുതിർത്തുക കൊണ്ടിരുന്നു. താമസിയാതെ അവരുടെ വെടിയുണ്ടകൾ തീർന്നുപോയി. ഇന്ത്യൻ സൈനികരുടെ കയ്യിലെ അമ്യൂനിഷൻ തീർന്നു എന്നുറപ്പായതോടെ അവർക്കു ചുറ്റും നിന്ന് വെടിയുതിർത്തുകൊണ്ടിരുന്ന ഒരു പ്ലാറ്റൂൺ പാക്ക് സൈനികർ താഴെയിറങ്ങി വന്നു. സായുധരായ, അവരുടെ പത്തിരട്ടി വരുന്ന പാക് സൈന്യത്തിന് മുന്നിൽ നിരായുധരായ പെട്ടുപോയി ആ ആറംഗ സംഘം. ഇന്ത്യൻ സൈന്യത്തെ അവർ വിവരമറിയിച്ചെങ്കിലും, റീഇന്ഫോഴ്സ്മെന്റ്റ് എത്തും മുമ്പേ അവർ ശത്രുക്കളായ പാക് റേഞ്ചേഴ്‌സിന്റെ പിടിയിലായി.
ഈ പട്രോൾ സംഘത്തിന്റെ തിരോധാനമാണ് ഇന്ത്യൻ സൈന്യത്തിന്, അതിർത്തികടന്നു നുഴഞ്ഞുകേറി വന്ന് തങ്ങളുടെ പോസ്റ്റുകൾ കയ്യേറിയിരിക്കുന്ന പാക് പ്ലാറ്റൂണിനെപ്പറ്റിയുള്ള കൃത്യമായ വിവരം കിട്ടുന്നത്. താമസിയാതെ പാകിസ്ഥാനിലെ റേഡിയോ സ്‌കാർഡു ക്യാപ്റ്റൻ സൗരഭ് കാലിയയെ പിടികൂടിയ വിവരം അനൗൺസ് ചെയ്തു.
ആരുടേയും മനസ്സുമരവിപ്പിക്കുന്ന കൊടും പീഡനങ്ങൾ
ക്യാപ്റ്റൻ സൗരഭ് കാലിയ ധീരനായ ഒരു ഇന്ത്യൻ സൈനിക ഓഫീസറായിരുന്നു. ഹിമാചൽ പ്രദേശിലെ പാലംപൂർ സ്വദേശി. വെറും 22 വയസ്സുമാത്രം പ്രായം. നാലുമാസത്തെ സർവീസ്. 22 ദിവസം നീണ്ടുനിന്ന നരകയാതനകൾ. പിന്നെ, പിറന്നനാടിനുവേണ്ടി ജീവത്യാഗം. 1999 മെയ് 15 -ന് അറസ്റ്റിലായി, ജൂൺ 7-ന് മരിച്ചുപോകും വരെ ക്യാപ്റ്റൻ സൗരഭ് കാലിയയ്ക്കും സംഘത്തിനും നേരിടേണ്ടിവന്നത് സങ്കൽപ്പിക്കാൻ പോലും ആവാത്ത പീഡനങ്ങളാണ്. അവരുടെ മൃതദേഹങ്ങൾ പാക് സൈന്യം ഇന്ത്യക്ക് കൈമാറിയത് ജൂൺ 9 -നാണ്.
അവരുടെ ശരീരങ്ങളിൽ സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകൾ, ചെവികളിലൂടെ ചുട്ടുപഴുപ്പിച്ച കമ്പി കുത്തിയിറക്കിയതിന്റെയും, കണ്ണുകൾ ചൂഴ്ന്നെടുത്തതിന്റെയും, മിക്കവാറും എല്ലാ എല്ലുകളും പല്ലുകളും അടിച്ച് ഒടിച്ചുകളഞ്ഞതിന്റെയും, കൊഴിച്ചുകളഞ്ഞതിന്റെയും, തലയോട്ടി പിളർന്നതിന്റെയും, ചുണ്ടുകൾ മുറിച്ചു കളഞ്ഞതിന്റെയും, കൈ കാലുകളും ജനനേന്ദ്രിയങ്ങളും വെട്ടിക്കളഞ്ഞതിന്റെയും ഏറ്റവും ഒടുവിൽ നെറ്റിയുടെ ഒത്തനടുവിലൂടെ വെടിയുണ്ട പായിച്ച് കൊന്നുകളഞ്ഞതിന്റെയും ഒക്കെ അടയാളങ്ങളുണ്ടായിരുന്നു. മൃതദേഹങ്ങളിൽ കണ്ട പരിക്കുകൾ മരണത്തിന് മുമ്പ് സഹിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളിൽ നിന്നും ഏറ്റവയാണ് എന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. ജൂൺ 9-ന് സൗരഭ് കാലിയയുടെ അച്ഛൻ എൻ കെ കാലിയ തന്റെ മകന്റെ വികൃതമാക്കപ്പെട്ട മൃതദേഹം ഏറ്റുവാങ്ങി.
നേരത്തെ പോയ സംഘത്തെ കാണാഞ്ഞ് അടുത്ത ദിവസം മറ്റൊരു സംഘം പോയതും, അവരെയും നുഴഞ്ഞുകയറ്റക്കാർ ആക്രമിച്ചതും, പിന്നീട് അത് കാർഗിൽ യുദ്ധമായി മാറിയതും ഒക്കെ ചരിത്രത്തിന്റെ ഭാഗം. ക്യാപ്റ്റൻ സൗരഭ് കാലിയയ്ക്ക് നേരെ നടന്നത് ജനീവാ കൺവെൻഷന്റെ നഗ്നമായ ലംഘനമായിരുന്നു. ഇന്ത്യൻ മണ്ണിൽ വെച്ചാണ് നുഴഞ്ഞുകയറിയ പാക് സൈന്യം സൗരഭ് കാലിയയെയും സംഘത്തെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നുകളഞ്ഞത്. എന്നിട്ടും, അതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ഇന്ത്യക്കായില്ല. എന്തിനധികം പറയുന്നു, ഇങ്ങനെയൊരു പീഡനം പാക്കിസ്ഥാൻ സൈന്യം നടത്തിയിട്ടുണ്ട് എന്നൊരു കുറ്റസമ്മതം പോലും അവരുടെ ഭാഗത്തുനിന്നും നേടിയെടുക്കാൻ ഇന്ത്യയ്ക്കായില്ല.
ഇന്ത്യയുടെ ചോദ്യങ്ങളോടുളള പാക്കിസ്ഥാന്റെ സമീപനം
ഈ വിഷയത്തിൽ, 1999 ജൂൺ 14 നുതന്നെ ഇന്ത്യയിലെ പാകിസ്ഥാനി ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി ജനീവാ കൺവെൻഷൻ ലംഘനത്തിനുള്ള നോട്ടീസ് നൽകിയെങ്കിലും പാക്കിസ്ഥാൻ അന്നുതൊട്ടിന്നുവരെ ഇത് നിഷേധിച്ചിട്ടേയുള്ളൂ. വളരെ ക്രൂരമായ രീതിയിൽ ഒരു മകന്റെ ജീവൻ നഷ്ടപ്പെട്ട അച്ഛന്റെ ചോദ്യങ്ങളോട് ഏറെക്കുറെ പരിഹാസ്യമായ രീതിയിൽ പോലുമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ള മറുപടി. ഉദാ. 2012 ഡിസംബർ 14 -ന് പാകിസ്ഥാൻ ആഭ്യന്തരമന്ത്രിയായ റഹ്‌മാൻ മാലിക് പറഞ്ഞത് ക്യാപ്റ്റൻ സൗരഭ് കാലിയ ലഡാക്ക് മലനിരകളിലെ പ്രതികൂലമായ കാലാവസ്ഥ താങ്ങാനാവാതെ മരിച്ചുപോയതാവും എന്നായിരുന്നു. സൗരഭിന്റെ അച്ഛനെ നേരിൽ കണ്ടാൽ ചോദിക്കാമായിരുന്നു എന്നുപോലും മാലിക്ക് പറഞ്ഞുകളഞ്ഞു. തന്റെ മകൻ നഷ്ടപ്പെട്ട നാൾ മുതൽ ദേശീയ അന്തർദേശീയ കോടതികളിലും, ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി പോലുള്ള ഏജൻസികളിലും ഒക്കെയായി നീതിക്കുവേണ്ടി പോരാടുകയാണ് ക്യാപ്റ്റൻ സൗരഭ് കാലിയയുടെ അച്ഛനായ എൻ കെ കാലിയ. സൗരഭ്യന് നീതി കിട്ടാനുള്ള തന്റെ ശ്രമങ്ങൾ മരിക്കും വരെ തുടരും എന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ പറയുന്നത്.
ഇന്ത്യക്ക് നഷ്ടമായത് മിടുക്കനായ ഒരു കരസേനാ ഓഫീസറെ
CSIR-ലെ ശാസ്ത്രജ്ഞനായ ഡോ. എൻ.കെ. കാലിയയുടെയും വിജയ് കാലിയയുടെയും മകനായ സൗരഭ് പഠിക്കാൻ വളരെ മിടുക്കനായിരുന്നു. ഉജ്ജ്വലമായ അക്കാദമിക് റെക്കോർഡ് ഉണ്ടായിരുന്നു അദ്ദേഹത്തിന്. സൗരഭ് ഒരു പക്ഷേ, അച്ഛന്റെ വഴി പിന്തുർന്ന് ഒരു ശാസ്ത്രജ്ഞനായിരുന്നേനെ. എന്നാൽ, 1997-ൽ എഴുതിയ കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) പ്രവേശന പരീക്ഷയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ആദ്യത്തെ രണ്ടു വട്ടം ചെറിയ ചില കാരണങ്ങളാൽ മെഡിക്കൽ തോറ്റെങ്കിലും, മൂന്നാം വട്ടം അദ്ദേഹം പ്രവേശനം നേടി.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനം കഴിഞ്ഞ്‍ 1998 ഡിസംബറിലാണ് അദ്ദേഹം നാലാം ജാട്ട് റെജിമെന്റിൽ കമ്മീഷൻ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവനെടുത്ത ആ പട്രോളിങ് വേണമെങ്കിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെ പറഞ്ഞയച്ചാൽ മതിയായിരുന്നു. എന്നിട്ടും, അതിർത്തിയിൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട് എന്ന ഒരു രഹസ്യവിവരം ലഭിച്ച സാഹചര്യത്തിൽ ആ റിസ്ക്ക് സ്വയം ഏറ്റെടുത്ത്, സംഘത്തെ മുന്നിൽ നിന്ന് നയിച്ച് മരണത്തിലേക്ക് സ്വയം നടന്നു പോവുകയായിരുന്നു സൗരഭ് എന്ന ധീരനായ സൈനിക ഓഫീസർ.
ക്യാപ്റ്റൻ സൗരഭ് കാലിയ സ്മാരകം
ക്യാപ്റ്റൻ സൗരഭ് കലിയയുടെ വസ്ത്രങ്ങളും, ഫോട്ടോഗ്രാഫുകളും യൂണിഫോമുകളും, ട്രോഫികളും മറ്റും പാലംപൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ ഒരു മുറിയിൽ സൂക്ഷിച്ചു പരിപാലിക്കുകയാണ് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും. പാലംപൂരിൽ സൗരഭ് വൻ വിഹാർ എന്നപേരിൽ 35 ഏക്കറിൽ ഒരു വലിയ പാർക്കുതന്നെയുണ്ട്. പാലംപൂരിലെ ഒരു റോഡ് 'ക്യാപ്റ്റൻ സൗരഭ് കാലിയാ മാർഗ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. പാലംപൂരിൽ സൗരഭ് നഗർ എന്ന പേരിൽ ഒരു സ്ഥലമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു എൽപിജി ഗ്യാസ് ഏജൻസിയും സർക്കാർ അനുവദിച്ചുകൊടുത്തിട്ടുണ്ട്.
അതൊന്നും തന്നെ ആ അച്ഛനും അമ്മയ്ക്കും സഹിക്കേണ്ടി വന്ന നഷ്ടങ്ങൾക്ക് പകരമാവില്ല എങ്കിലും...
(തുടരും )