ഇന്ത്യൻ വംശജരെ അധിക്ഷേപിച്ചു, അക്രമിച്ചു; അമേരിക്കയിൽ 59 -കാരിക്ക് തടവ്
ഒരു റെസ്റ്റോറന്റിന്റെ പുറത്ത് വച്ചാണ് ഇവർ ഇന്ത്യൻ വംശജരായ സ്ത്രീകളെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തത്. 2022 -ലായിരുന്നു സംഭവം.
ലോകത്തെല്ലായിടത്തും വെറുപ്പും വിദ്വേഷവും വർധിച്ചു വരികയാണ്. ജാതിയുടെ പേരിലും, മതത്തിന്റെ പേരിലും, നാടിന്റെ പേരിലും എല്ലാം വെറുപ്പും വിദ്വേഷവും പടരുന്നു. അതുപോലെ പല രാജ്യങ്ങളിലും മറ്റ് വംശജരെ അവഹേളിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്ന അവസ്ഥകളും ഉണ്ടാവാറുണ്ട്. അടുത്തിടെ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച അമേരിക്കക്കാരിയെ 40 ദിവസത്തേക്ക് തടവിന് ശിക്ഷിച്ചു.
വിദ്വേഷക്കുറ്റങ്ങൾ (Hate crime) -നാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. നാല് ഇന്ത്യൻ വംശജർക്ക് നേരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ഇവർ നടത്തി, ഒപ്പം അവരെ അക്രമിക്കുകയും ചെയ്തു. ടെക്സസ് പ്ലാനോയിൽ നിന്നുള്ള എസ്മെറാൾഡ അപ്ടൺ എന്ന 59 -കാരിയാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു റെസ്റ്റോറന്റിന്റെ പുറത്ത് വച്ചാണ് ഇവർ ഇന്ത്യൻ വംശജരായ സ്ത്രീകളെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തത്. 2022 -ലായിരുന്നു സംഭവം. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടും ഇവർ സ്ത്രീകളെ അധിക്ഷേപിക്കുന്നത് നിർത്തിയില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന്റെ വീഡിയോ ഉടനെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ഞാൻ ഇന്ത്യക്കാരെ വെറുക്കുന്നു, ഇന്ത്യയിലേക്ക് തിരികെ പോ, ഞങ്ങൾക്ക് നിങ്ങളെ ഇവിടെ വേണ്ടാ' എന്ന് ഇവർ അലറുന്നതും വീഡിയോയിൽ കാണാമായിരുന്നു. എസ്മെറാൾഡ അപ്‌ടണിനെ രണ്ട് വർഷത്തെ കമ്മ്യൂണിറ്റി സൂപ്പർവിഷൻ പ്രൊബേഷനും കോളിൻ കൗണ്ടി ജയിലിൽ 40 ദിവസത്തെ തടവിനും ശിക്ഷിച്ചതായിട്ടാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
അക്രമവും ഭീഷണിയും അടക്കം വിവിധ കുറ്റങ്ങൾ ഇവർക്കുമേൽ ചുമത്തിയിട്ടുണ്ട്. ഹർജി നൽകിയതിന്റെ ഭാഗമായി എസ്മെറാൾഡ അപ്‌ടൺ ജൂലൈ 19 മുതൽ വാരാന്ത്യങ്ങളിലാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇതിൽ വിട്ടുവീഴ്ച വരുത്തിയാൽ തുടർച്ചയായി ജയിൽവാസം അനുഭവിക്കേണ്ടി വരും.
അക്രമം നേരിടേണ്ടി വന്ന ഇന്ത്യൻ വംശജർ പറയുന്നത് ഈ സംഭവം അവരിൽ ആഴത്തിലുള്ള ഭയമുണ്ടാക്കി എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം