പാതിരാത്രിയിലും ബിരിയാണി വയ്ക്കണം, മാന്യതയുള്ളവളാവണം, 'ജൂനിയർ ഭാര്യ'യെ തേടുന്നു എന്ന് ലിങ്ക്ഡിനിൽ യുവാവ്, രോഷം
പാചകത്തിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടാവണം, രാത്രിയിൽ ഉണർന്ന് ബിരിയാണി വയ്ക്കാനുള്ള കഴിവ് വേണം, ആശയവിനിമയത്തിൽ നല്ല കഴിവ് വേണം, മാന്യയും അനുസരണയുള്ളവളും ആയിരിക്കണം, സ്നേഹമുള്ളവളും ലക്ഷ്യബോധമുള്ളവളും ആയിരിക്കണം എന്നും യുവാവ് പറയുന്നു.
വിചിത്രമായ ഒരുപാട് പോസ്റ്റുകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. ചിലതൊക്കെ നമ്മെ രസിപ്പിക്കുമെങ്കിലും ചിലത് നമ്മളിൽ രോഷമുണ്ടാക്കും. എന്നാൽ, ലിങ്ക്ഡിൻ (LinkedIn) തൊഴിൽ തേടുന്നവർക്കും തൊഴിലാളികളെ തേടുന്നവർക്കും വേണ്ടിയാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ലിങ്ക്ഡിനിൽ ഒരു ടെക്കിയുടെ പോസ്റ്റാണ് ഇപ്പോൾ ആളുകളെ രോഷം കൊള്ളിക്കുന്നത്.
ടെക്കി അന്വേഷിക്കുന്നത് ഒരു ജോലിയല്ല. മറിച്ച്, തനിക്കൊരു ജൂനിയർ ഭാര്യയെ വേണം എന്നാണ് ഇയാൾ ലിങ്ക്ഡിനിൽ കുറിച്ചത്. വലിയ തരത്തിലുള്ള വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. ജിതേന്ദ്ര സിംഗ് എന്ന യുവാവാണ് താൻ ഒരു ജൂനിയർ ഭാര്യയെ തേടുന്നു എന്നും പെട്ടെന്ന് തന്നെ അവരെ നിയമിക്കും എന്ന് കുറിച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 'അടിയന്തര നിയമനം! എൻ്റെ ജീവിതത്തിലേക്ക് ഞാൻ ഒരു 'ജൂനിയർ ഭാര്യ'യെ തിരയുന്നു. ശ്രദ്ധിക്കുക - പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ (ഭാര്യമാർ) അപേക്ഷിക്കരുത്. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക നിയമനം ഞാൻ വേറെ നടത്തും. ജോലിയുടെ സ്വഭാവം: ജീവിതകാലം മുഴുവനും. കരിയർ ലെവൽ: എൻട്രി ലെവൽ (ഒട്ടും പരിചയം ആവശ്യമില്ല) ശമ്പളം: രഹസ്യമാണ്. മൂന്ന് റൗണ്ട് ഇൻ്റർവ്യൂ ഉണ്ടാകും. അവസാന റൗണ്ട്: മുഖാമുഖം.'
പാചകത്തിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടാവണം, രാത്രിയിൽ ഉണർന്ന് ബിരിയാണി വയ്ക്കാനുള്ള കഴിവ് വേണം, ആശയവിനിമയത്തിൽ നല്ല കഴിവ് വേണം, മാന്യയും അനുസരണയുള്ളവളും ആയിരിക്കണം, സ്നേഹമുള്ളവളും ലക്ഷ്യബോധമുള്ളവളും ആയിരിക്കണം എന്നും യുവാവ് പറയുന്നു.
എന്തായാലും പോസ്റ്റിനെതിരെ വലിയ രോഷപ്രകടനമാണ് ആളുകളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇമ്മാതിരി ഒരു വിഡ്ഢിത്ത പോസ്റ്റ് എങ്ങനെയാണ് ലിങ്ക്ഡിൻ പോലെ ഒരു പ്രൊഫഷണൽ പ്ലാറ്റ്‍ഫോം വച്ചുപൊറുപ്പിക്കുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയത്.
മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, ഇങ്ങനെ ഒരു പോസ്റ്റ് നിങ്ങൾക്ക് ജോലി കിട്ടാനുള്ള സാധ്യതയെ പോലും ഇല്ലാതാക്കി കളയും എന്നാണ്. അതേസമയം മറ്റൊരു യൂസർ കമന്റിട്ടിരിക്കുന്നത്, ഇന്ത്യക്കാരെ തന്നെ മോശമായി മറ്റുള്ളവർ കാണാൻ ഇത്തരം പോസ്റ്റുകൾ കാരണമാകും, ഈ പോസ്റ്റ് പിൻവലിക്കൂ എന്നാണ്.
എന്തായാലും, താൻ ഒരു തമാശയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു പോസ്റ്റിട്ടത് എന്ന് യുവാവ് പിന്നാലെ വിശദീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം