സൈബീരിയയിലെ 'പാതാള കവാടം' വര്‍ഷാവര്‍ഷം വലുതാകുന്നതായി പഠനം
അതിപുരാതനമായ ചില ജീവികള്‍ പ്രത്യേകിച്ചും മാമോത്ത് പോലുള്ള ജീവികളുടെ അവശിഷ്ടങ്ങള്‍ ഈ പ്രദേശത്ത് നിന്നും നേരത്തെ കണ്ടെത്തിയിരുന്നു.
റഷ്യയിലെ സൈബീരിയ അതിശക്തമായ തണുപ്പ് നിറഞ്ഞ ഒരു പ്രദേശമാണ്. നൂറ്റാണ്ടുകളായി മഞ്ഞിന് അടിയില്‍ കിടക്കുന്ന പ്രദേശം. പക്ഷേ അടുത്തകാലത്തായി പ്രദേശത്തെ മഞ്ഞ് ഉരുക്കം ശക്തമാണ്. മഞ്ഞ് ഉരുകിയ പ്രദേശത്ത് രൂപപ്പെട്ട വലിയ ഗർത്താമാണ് 'പാതാളത്തിലേക്കുള്ള കവാടം' (gateway to the underworld). ഈ കവാടം ഓരോ വര്‍ഷം കൂടുമ്പോഴും പ്രതീക്ഷിച്ചതിനെക്കാള്‍ വലുതായി വരുന്നതായി പഠനം. ലോകത്തിലെ കൂറ്റൻ ഗർത്തങ്ങളിലൊന്നായി കരുതുന്ന ഇവിടെ ഓരോ വർഷവും 35 ദശലക്ഷം ക്യുബിക് അടി വീതം വളരുകയാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സെർബിയയിലെ പെർമാഫ്രോസ്റ്റിൽ (permafrost) സ്ഥിതി ചെയ്യുന്ന വലിയ ഗർത്തം, പ്രദേശത്തെ മഞ്ഞ് ഉരുകുന്നതിന് പിന്നാലെ വികസിക്കുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങളായോ സ്ഥിരമായോ മഞ്ഞിന് അടിയിലോ വെള്ളത്തിന് അടിയിലോ പുതഞ്ഞ് കിടക്കുന്ന പ്രദേശങ്ങളെയാണ് പെർമാഫ്രോസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്.
ഔദ്യോഗികമായി ബറ്റഗേ (Batagay / Batagaika) എന്നാണ് ഈ ഗര്‍ത്തം അറിയപ്പെടുന്നത്. 1991-ൽ ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ആദ്യമായി ഉരുണ്ട പാറക്കെട്ട് പോലെ തോന്നിച്ച ഗർത്തം (the crater or mega slump) കണ്ടെത്തിയത്. റഷ്യയിലെ വടക്കൻ യാകുട്ടിയയിലെ യാന അപ്‌ലാൻഡിലെ മലഞ്ചെരിവുകളുടെ ഒരു ഭാഗം തകർന്നതിനെ തുടർന്നാണ് ഇത് സൃഷ്ടിക്കപ്പെട്ടതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. 6,50,000 വർഷങ്ങളായി തണുത്തുറഞ്ഞ് കിടന്ന മലഞ്ചെരുവിലെ ശേഷിക്കുന്ന ഭാഗങ്ങളിലെ പെർമാഫ്രോസ്റ്റിന്‍റെ പാളികൾ ഈ തകര്‍ച്ച തുറന്നുകാട്ടി. കാലങ്ങളായി മഞ്ഞിന് അടിയില്‍ കിടന്നിരുന്ന ഈ പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇന്ന് മഞ്ഞുരുക്കം കൂടുതലാണ്. അതിപുരാതനമായ ചില ജീവികള്‍ പ്രത്യേകിച്ചും മാമോത്ത് പോലുള്ള ജീവികളുടെ അവശിഷ്ടങ്ങള്‍ ഈ പ്രദേശത്ത് നിന്നും നേരത്തെ കണ്ടെത്തിയിരുന്നു.
'സഹകരണമോ, ഏറ്റുമുട്ടലോ വേണ്ടത് തെരഞ്ഞെടുക്കാം'; ലോകരാജ്യങ്ങളോട് വീണ്ടും അധികാരമേറ്റ് പുടിന്‍
'ഇതേതാ രാജ്യം?'; ബൈക്കില്‍, കാല്‍നട യാത്രക്കാരോട് കൈവീശി കാണിച്ച് പോകുന്ന കരടിയുടെ വീഡിയോ വൈറല്‍
സൈബീരിയയിലെ ഏറ്റവും പഴക്കമേറിയ ഈ പെർമാഫ്രോസ്റ്റ്, ലോകത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തേത് കൂടിയാണ്. പെർമാഫ്രോസ്റ്റ് ഉരുകൽ കാരണം ബറ്റഗേ മെഗാ സ്‌ലമ്പിന്‍റെ മലഞ്ചെരിവ് പ്രതിവർഷം 40 അടി (12 മീറ്റർ) എന്ന നിരക്കിൽ അകലുന്നതായി പുതിയ ഗവേഷണ പഠനങ്ങള്‍ പറയുന്നു. മലയോരത്തെ ഇടിഞ്ഞ ഭാഗം അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. ആർട്ടിക്, സബ്-ആർട്ടിക് ഐസ് സമ്പന്നമായ പെർമാഫ്രോസ്റ്റ് ഭൂപ്രദേശങ്ങളിൽ മഞ്ഞ് ഉരുകുന്നതിന്‍റെ വർദ്ധനവ് രേഖപ്പെടുത്തുകയാണെന്നും മാർച്ച് 31 ന് ജിയോമോർഫോളജി ജേണലിന്‍റെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഗവേഷകര്‍ അവകാശപ്പെട്ടു.
2023-ലെ കണക്കനുസരിച്ച് 3,250 അടി (990 മീറ്റർ) വീതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ഗര്‍ത്തത്തിന്‍റെ ഉരുകല്‍ പ്രക്രിയ കാരണം ഇതുവരെയായി പ്രദേശത്ത് നിന്നും നഷ്ടപ്പെട്ട മഞ്ഞിന്‍റെ അളവ് വളരെ ഏറെ ഉയര്‍ന്നതാണെന്നും പഠനത്തില്‍ പറയുന്നു. 2014-ൽ ഗര്‍ത്തത്തിന്‍റെ വീതി 2,600 അടി (790 മീറ്റര്‍) ആയിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ 2024 ല്‍ അത് 990 മീറ്റലേക്ക് അതായത് 200 മീറ്റർ കൂടുതലായി വളര്‍ന്നു. ആദ്യമായാണ് പ്രദേശത്തെ ഗര്‍ത്തത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഗവേഷര്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മഞ്ഞുരുകുന്നതിന് സ്ഥിരത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ ഗർത്തത്തിന്‍റെ പടിഞ്ഞാറ്, തെക്ക്, തെക്ക് കിഴക്കൻ ഭാഗങ്ങളിലെ മഞ്ഞുരുക്കമാണ് കൂടുതലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.