അന്വേഷണത്തിൽ വൻ പ്ലാനിംഗിന്‍റെ കഥ വെളിച്ചത്ത്, സമൂസയിൽ കോണ്ടം കണ്ടെത്തിയ സംഭവത്തിന് പിന്നില്‍
പൊലീസ് പറയുന്നതനുസരിച്ച്, നിലവിൽ സമൂസ നൽകാൻ കരാർ എടുത്ത സ്ഥാപനത്തിന്റെ പേര് ചീത്തയാക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ നേരത്തെ ഒഴിവാക്കിയ സ്ഥാപനത്തിന്റെ മൂന്ന് പങ്കാളികൾ ചേർന്ന് ഇത്തരം ഒരു കാര്യം നടപ്പിലാക്കിയത്.
കാന്റീനിൽ വിളമ്പിയ സമൂസയിൽ കോണ്ടം, കല്ലുകൾ, ഗുട്ഖ തുടങ്ങിയ വസ്തുക്കൾ. ഞെട്ടിക്കുന്ന സംഭവം നടന്നത് പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിൽ. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ പുറത്ത് വന്നിരിക്കുന്നത് ഒരു വന്‍ പ്ലാനിംഗിന്‍റെ കഥയാണ്.
മാർച്ച് 27 -നാണ് സമൂസയിൽ നിന്നും വിചിത്രവസ്തുക്കൾ കണ്ടെത്തിയ വിവരം പുറത്തുവന്നത്. ഇവിടെയുള്ള ജീവനക്കാർ തന്നെയാണ് സമൂസയിൽ നിന്നും കല്ലും ഗുട്ഖയും കോണ്ടവും കണ്ടെത്തിയത്. ജീവനക്കാർ അറിയിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. സമൂസ വിതരണം ചെയ്ത സബ് കോൺട്രാക്ടിംഗ് സ്ഥാപനത്തിലെ രണ്ട് തൊഴിലാളികളും ഭക്ഷണത്തിൽ മായം ചേർത്തതിന് നേരത്തെ തന്നെ ഇവിടെ നിന്നും ഒഴിവാക്കിയ മറ്റൊരു സ്ഥാപനത്തിൻ്റെ മൂന്ന് പങ്കാളികളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ സംഭവത്തിൽ കേസെടുത്തു.
ഓട്ടോമൊബൈൽ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതിലുള്ള പ്രതികാരനടപടിയായി ഒരു ബിസിനസുകാരനാണ് ഈ പ്രവൃത്തി നടത്തിയതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, നിലവിൽ സമൂസ നൽകാൻ കരാർ എടുത്ത സ്ഥാപനത്തിന്റെ പേര് ചീത്തയാക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ നേരത്തെ ഒഴിവാക്കിയ സ്ഥാപനത്തിന്റെ മൂന്ന് പങ്കാളികൾ ചേർന്ന് ഇത്തരം ഒരു കാര്യം നടപ്പിലാക്കിയത്. അതിനായി അവരാണ് രണ്ട് തൊഴിലാളികളെ സമൂസയിൽ കല്ലും ഗുട്ഖയുമെല്ലാം നിറക്കാൻ ഏല്പിച്ചത്.
നേരത്തെ എസ്ആർഎ എൻ്റർപ്രൈസസ് എന്ന കമ്പനിക്കായിരുന്നു ഇവിടെ സമൂസ നൽകുന്നതിന് കരാർ നൽകിയിരുന്നത്. എന്നാൽ, വൃത്തിയില്ലായ്മയും മറ്റും കാരണം ആ കരാർ ഓട്ടോമൊബൈൽ കമ്പനി റദ്ദാക്കുകയും കാറ്റലിസ്റ്റ് സർവീസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കാൻ്റീനിൽ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ചുമതല ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, അവരത്, മനോഹർ എൻ്റർപ്രൈസ് എന്ന മറ്റൊരു സബ് കോൺട്രാക്റ്റിംഗ് സ്ഥാപനത്തെ ഏൽപ്പിക്കുകയുമായിരുന്നു.
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നീ രണ്ട് തൊഴിലാളികൾ സമൂസയിൽ കോണ്ടം, ഗുട്ഖ, കല്ലുകൾ എന്നിവ നിറച്ചതായി സമ്മതിച്ചു. തങ്ങൾ എസ്ആർഎ എൻ്റർപ്രൈസസിലെ ജീവനക്കാരാണെന്നും ഭക്ഷണത്തിൽ മായം കലർത്താൻ മനോഹർ എൻ്റർപ്രൈസസിലേക്ക് തങ്ങളെ അയച്ചത് കമ്പനിയുടെ പാർട്ണേഴ്സാണെന്നും ഇവർ സമ്മതിച്ചതായും പൊലീസ് പറയുന്നു.