തോലും തലയും ട്രോഫിയായി കണക്കാക്കും, പണം നൽകിയാൽ സിംഹത്തെ വേട്ടയാടിക്കൊല്ലാം, പക്ഷേ ഇനിയില്ല ‘ട്രോഫി ഹണ്ടിങ്’
‘ട്രോഫി ഹണ്ടിങ്’ നടത്തുന്നതിനു മാത്രമായി ദക്ഷിണാഫ്രിക്കയിൽ 350 ഓളം ഫാമുകളിലായി പതിനായിരത്തിലധികം സിംഹങ്ങളുണ്ട്. വേട്ടയാടുന്ന മൃഗത്തിന്റെ തോൽ, തല എന്നിവയൊക്കെയാണ് വേട്ടയാടലിനു ശേഷം ട്രോഫിയായി കണക്കാക്കുന്നത്.
പണം കൊടുത്ത് സിംഹങ്ങളെ വേട്ടയാടുന്ന രീതി നിർത്തലാക്കാൻ ഒരുങ്ങി ദക്ഷിണാഫ്രിക്ക. ‘ട്രോഫി ഹണ്ടിങ്’ എന്ന പേരിൽ രാജ്യത്ത് നിയമാനുസൃതമായി നടത്തിവന്നിരുന്ന സിംഹങ്ങളെ വേട്ടയാടാൻ ഉള്ള അനുമതിയാണ് നിർത്തലാക്കാൻ പോകുന്നത്. ഈ വേട്ടയാടലിനായി മാത്രം കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ ദക്ഷിണാഫ്രിക്കയിൽ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
വന്യജീവികളെ പ്രത്യേക മേഖലയിൽ പാർപ്പിച്ചാണ് ഈ വേട്ടയാടൽ നടത്തിവന്നിരുന്നത്. ഇവയെ വേട്ടയാടാൻ അനുമതി നൽകുന്നതിനെ 'കാൻഡ് ഹണ്ടിങ്' എന്നാണ് പറയുന്നത് (Canned Hunting). ‘ട്രോഫി ഹണ്ടിങ്’ നടത്തുന്നതിനു മാത്രമായി ദക്ഷിണാഫ്രിക്കയിൽ 350 ഓളം ഫാമുകളിലായി പതിനായിരത്തിലധികം സിംഹങ്ങളുണ്ട്. വേട്ടയാടുന്ന മൃഗത്തിന്റെ തോൽ, തല എന്നിവയൊക്കെയാണ് വേട്ടയാടലിനു ശേഷം ട്രോഫിയായി കണക്കാക്കുന്നത്.
2021 -ലാണ് സിംഹങ്ങളെ ഇങ്ങനെ വേട്ടയാടുന്നതിന് നിരോധനമേർപ്പെടുത്താൻ രാജ്യം തീരുമാനിച്ചത്. ഇതിനു മുന്നോടിയായി മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധസംഘം വിശദമായ പഠനം നടത്തിയിരുന്നു. ശേഷം വാണിജ്യ ആവശ്യങ്ങൾക്കായി സിംഹങ്ങളെ ഉപയോഗിക്കരുതെന്ന നിര്‍ദേശവും വിദഗ്ധസംഘം മുന്നോട്ടുവച്ചു. തുടർന്ന് നടത്തിയ നിരവധി അവലോകനയോഗങ്ങളുടെയും മൃഗസംരക്ഷണ വാദികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന ശക്തമായ എതിർപ്പിന്റെയും ഭാഗമായാണ് ‘ട്രോഫി ഹണ്ടിങ്’ നിർത്തലാക്കാൻ ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്.
പടിപടിയായി രണ്ടു വർഷം കൊണ്ട് ഈ വേട്ടയാടൽ രീതി അവസാനിപ്പിക്കാനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി മന്ത്രി ബാർബറാ ക്രീസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാപ്റ്റീവ് ബ്രീഡിങ് നടത്തുന്നവർക്ക് പൂർണമായും ഇത് അവസാനിപ്പിച്ച് മറ്റൊരു ജോലിയിലേക്ക് മാറാനും മറ്റുമാണ് രണ്ടു വർഷത്തെ സമയം അനുവദിച്ചിരിക്കുന്നത്.
വന്യജീവികളെ പണം നൽകി തിരഞ്ഞെടുത്ത് വേട്ടയാടി കൊല്ലുന്ന ട്രോഫി ഹണ്ടിങ് ഇപ്പോഴും പല രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാൽ, വന്യമൃഗങ്ങൾക്കെതിരായ ഈ നീചമായ നടപടിക്കെതിരെ ആഗോളതലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം