എന്റമ്മോ ഓടിരക്ഷപ്പെട്ടേക്കാം; പ്രതിശ്രുതവധുവിന്റെ ചെലവ് ലിസ്റ്റ് കണ്ടു, വിവാഹത്തിൽ നിന്നും പിന്മാറി യുവാവ്
ഒരു മാച്ച്മേക്കിങ്ങ് ഏജൻസിയുടെ സഹായത്തോടെ ഇദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടെത്തി. ആദ്യ കാഴ്ചയിൽ തന്നെ ഇരുവർക്കും ഇഷ്ടമായി. വിവാഹം കഴിക്കാനും തീരുമാനിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതി അയാൾക്ക് ഒരു ഡോക്യുമെന്റ് അയച്ചുകൊടുത്തു. ആകാംക്ഷയോടെ തുറന്ന് നോക്കിയ അയാൾ അമ്പരന്നു.
സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ചൈനയിലെ ഒരു മനുഷ്യൻ അതുപോലെ തനിക്കു യോജിച്ച ഒരു പങ്കാളിയെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ, അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് മനസ്സിൽ ഉറപ്പിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ അയാൾക്ക് തന്റെ ചിലവിന്റെ ഒരു പട്ടിക അയച്ചുകൊടുത്തു. ഒരു മാസം 1.16 ലക്ഷം രൂപയായിരുന്നു യുവതിയുടെ ചെലവ്. ചെലവ് പട്ടിക കിട്ടിയതും കക്ഷി വിവാഹത്തിൽ നിന്നും പിന്മാറിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം, കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗ നിവാസിയായ 35 -കാരനാണ് ഈ കഥയിലെ നായകൻ. രണ്ട് അപ്പാർട്ട്‌മെൻ്റുകളുടെ ഉടമയായ ഇയാൾക്ക് പ്രതിമാസം 100,000 യുവാൻ (ഏകദേശം 11.62 ലക്ഷം രൂപ) വരുമാനമുണ്ട്. അങ്ങനെ ഒരു മാച്ച്മേക്കിങ്ങ് ഏജൻസിയുടെ സഹായത്തോടെ ഇദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടെത്തി. ആദ്യ കാഴ്ചയിൽ തന്നെ ഇരുവർക്കും ഇഷ്ടമായി. വിവാഹം കഴിക്കാനും തീരുമാനിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതി അയാൾക്ക് ഒരു ഡോക്യുമെന്റ് അയച്ചുകൊടുത്തു. ആകാംക്ഷയോടെ തുറന്ന് നോക്കിയ അയാൾ അമ്പരന്നു. യുവതിയുടെ ഒരു മാസത്തെ ചെലവിന്റെ വിവരങ്ങളായിരുന്നു അതിൽ.
1.16 ലക്ഷം രൂപയാണ് ഓരോ മാസവും അവർക്ക് ചെലവിന് വേണ്ടി മാത്രം വേണ്ടിയിരുന്നത്. മാതാപിതാക്കളുടെ ചികിത്സ, ഭാവിയിൽ കുട്ടികളെ വളർത്തൽ, യൂട്ടിലിറ്റി ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, ഗതാഗതം, വിനോദം, വസ്ത്രങ്ങൾ, ഗാഡ്‌ജെറ്റുകൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ഭാവിയിലേക്ക് പണം കൂടുതൽ ആവശ്യമായി വരുമെന്നും അതിനാൽ ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി വരുമാനം ലഭിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനും യുവതി ആവശ്യപ്പെട്ടു. ഇതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.