അന്ന് ക്ലാസിലെ പയ്യന്റെ പല്ലിടിച്ചുകൊഴിച്ച വികൃതിക്കുട്ടി, ഇന്നെവിടെയെന്ന് കണ്ടോ? അധ്യാപികയുടെ പോസ്റ്റ് വൈറൽ
ഇത്തിരിനേരം പോലും അവൾക്ക് അടങ്ങിയിരിക്കാനാവുമായിരുന്നില്ല. ക്ലാസിൽ അവളെ ബുദ്ധിമുട്ടിച്ച ഒരു പയ്യന്റെ പല്ലുപോലും അവൾ ഇടിച്ചു തകർത്തിരുന്നു എന്നും അധ്യാപിക പറയുന്നു.
അധ്യാപകർക്ക് ശരിക്കും തങ്ങളുടെ വിദ്യാർത്ഥികൾക്ക് പ്രചോദനമാവാൻ സാധിക്കും. അതുപോലെ തന്നെ അവരെ അപകർഷതയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയാനും അധ്യാപകർക്ക് കഴിയും. എന്നാൽ, തന്റെ ഒരു വിദ്യാർത്ഥിനിയെ കുറിച്ച് ഒരു അധ്യാപിക അഭിമാനത്തോടെ കുറിച്ച വാക്കുകളാണ് ഇപ്പോൾ ആളുകളെ വല്ലാതെ സ്പർശിക്കുന്നത്. ആരും കൊതിച്ചുപോകും ഇങ്ങനെ ഒരു അധ്യാപികയെ കിട്ടാൻ. ഒരിക്കൽ എല്ലാവരും വികൃതിക്കാരിയായി കണ്ട തന്റെയാ പഴയ വിദ്യാർത്ഥിനി ഇന്നൊരു അധ്യാപികയാണ് എന്നാണ് അവളുടെ പഴയ അധ്യാപിക പറയുന്നത്.
Revs എന്ന യൂസറാണ് തന്റെ വിദ്യാർത്ഥിനിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അലിഷ എന്നാണ് വിദ്യാർത്ഥിനിയുടെ പേര്. അലിഷയ്ക്കൊപ്പം നിൽക്കുന്ന രണ്ട് ചിത്രങ്ങളും അവർ ഷെയർ ചെയ്തിട്ടുണ്ട്. 13 വർഷത്തെ വ്യത്യാസമുണ്ട് ഈ രണ്ട് ചിത്രങ്ങളും തമ്മിൽ എന്നാണ് അവർ പറയുന്നത്. തന്റെ ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയിൽ നിന്നും ഇന്ന് ഭിന്നശേഷിക്കാരായ, പ്രത്യേകം ശ്രദ്ധ വേണ്ടുന്ന കുട്ടികളുടെ അധ്യാപികയായി അലിഷ മാറി എന്നാണ് പറയുന്നത്.
സ്കൂളിലെ മറ്റ് അധ്യാപകർ തനിക്ക് അലിഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അവളുടെ ബോസ് അവൾ തന്നെ ആയിരുന്നു. അവൾ ചെയ്യാനാഗ്രഹിക്കുന്നത് അവൾ ചെയ്തു. ഒരിക്കൽ താൻ അലിഷയെ കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അവളുടെ ഭാവി എന്തായിത്തീരും എന്ന് ചിന്തിച്ചിരുന്നു. അവളുടെ ജീവിതം മെച്ചപ്പെടുത്താൻ തനിക്കെന്ത് ചെയ്യാനാവുമെന്നും ആലോചിച്ചിരുന്നു. ഇത്തിരിനേരം പോലും അവൾക്ക് അടങ്ങിയിരിക്കാനാവുമായിരുന്നില്ല. ക്ലാസിൽ അവളെ ബുദ്ധിമുട്ടിച്ച ഒരു പയ്യന്റെ പല്ലുപോലും അവൾ ഇടിച്ചു തകർത്തിരുന്നു എന്നും അധ്യാപിക പറയുന്നു. എന്നാൽ, അന്നത്തെ അവളുടെ വീട്ടിലെ സാഹചര്യം അതായിരുന്നു എന്നും ട്വീറ്റിൽ പറയുന്നുണ്ട്.
രണ്ട് വർഷം കഴിഞ്ഞപ്പോൾ ആ സ്ഥാപനത്തിലെ തന്റെ ഫെലോഷിപ്പ് കഴിഞ്ഞു. എന്നാൽ, അലിഷ എഴുതിയ ഒരു ലേഖനം അവിടുത്തെ ഒരു ടീച്ചർ തനിക്ക് അയച്ചു തന്നിരുന്നു. അതിൽ അവളെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായി തന്നെ കുറിച്ച് അവൾ എഴുതിയിരുന്നു. അതുപോലെ ആരും അവളെ വിശ്വസിക്കാതിരുന്നപ്പോഴും അവളെ വിശ്വസിച്ച ആളെന്ന നിലയിൽ അലിഷ അധ്യാപികയോട് നന്ദിയും പറയുന്നുണ്ട്. ഈ വർഷമാണ് അലിഷ മുംബൈയിലെ ഒരു സ്കൂളിൽ സ്പെഷ്യൽ കിഡ്‍സിന്റെ അധ്യാപികയായി മാറിയത്. അവളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്നാണ് അധ്യാപിക ട്വീറ്റിൽ പറയുന്നത്.
ചിലപ്പോൾ നമ്മളെ വിശ്വസിക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ മതി അല്ലേ നമ്മുടെ ജീവിതം മാറിമറിയാൻ. അലിഷയും ഇനി തന്റെ വിദ്യാർത്ഥികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരധ്യാപികയായി മാറിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം