Asianet News MalayalamAsianet News Malayalam

'2492 കാരറ്റ്', ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി, നിർണായകമായി എക്സ് റേ സാങ്കേതിക വിദ്യ

കൈ പത്തിയുടെ വലുപ്പമുള്ള വജ്രത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 2017ൽ കമ്പനിയിൽ സ്ഥാപിച്ച മെഗാ ഡയമണ്ട് റിക്കവറി ടെക്നോളജിയാണ് നിർണായ കണ്ടെത്തലിന് സഹായിച്ചതെന്നാണ് ലുകാര ഡയമണ്ട് കോർപ്പറേഷൻ വിശദമാക്കുന്നത്

second largest diamond in the world discovered in Botswana 2492 carat diamond
Author
First Published Aug 24, 2024, 12:43 PM IST | Last Updated Aug 24, 2024, 12:43 PM IST

കരോവെ: ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. ബോട്സ്വാനയിലെ കരോവെ  ഖനിയിൽ നിന്നാണ് 2492 കാരറ്റ് വജ്രം കണ്ടെത്തിയിരിക്കുന്നത്.  ബോട്സ്വാനയിലെ വടക്ക് കിഴക്കൻ മേഖലയിലുള്ള ഖനിയിൽ നിന്നാണ് എക്സ് റേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രം കണ്ടെത്തിയിരിക്കുന്നതെന്നാണ് വ്യാഴാഴ്ച കാനഡ ആസ്ഥാനമായുള്ള ലുകാര ഡയമണ്ട് കോർപ്പറേഷൻ വിശദമാക്കിയിരിക്കുന്നത്. വജ്രത്തിന്റെ മൂല്യം എത്രയാണെന്ന് ലുകാര വ്യക്തമാക്കിയിട്ടില്ല. 

കൈ പത്തിയുടെ വലുപ്പമുള്ള വജ്രത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 2017ൽ കമ്പനിയിൽ സ്ഥാപിച്ച മെഗാ ഡയമണ്ട് റിക്കവറി ടെക്നോളജിയാണ് നിർണായ കണ്ടെത്തലിന് സഹായിച്ചതെന്നാണ് ലുകാര ഡയമണ്ട് കോർപ്പറേഷൻ വിശദമാക്കുന്നത്. വലിയ മൂല്യമുള്ള വജ്രങ്ങളെ എക്സ് റേ പരിശോധനയിലൂടെ കണ്ടെത്തുകയാണ് ഈ യന്ത്രം ചെയ്യുന്നത്. ബോട്സ്വാന പ്രസിഡന്റ് മോക്വീറ്റ്സി മാസിസിയാണ് വ്യാഴാഴ്ച ഈ അപൂർവ്വ വജ്രം ലോകത്തിന് മുൻപിൽ പ്രദർശിച്ചത്. 

യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ വജ്ര ജ്വല്ലറി 77 ഡയമണ്ടിന്റെ മാനേജിംഗ് ഡയറക്ടറായ തോബിയാസ് കോർമിൻഡ് ബോട്സ്വാനയുടെ അവകാശവാദം ശരിവച്ചിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകൾക്കാണ് ഇത്തരം കണ്ടെത്തലിന് പിന്നിൽ അഭിനന്ദനം അർഹിക്കുന്നതെന്നാണ് തോബിയാസ് കോർമിൻഡ്  വിശദമാക്കുന്നത്. തകരാറുകളൊന്നും കൂടാതെ ഇവയെ ഖനനം ചെയ്തെടുക്കാൻ സാങ്കേതിക വിദ്യയാണ് സഹായം നൽകുന്നതെന്നും തോബിയാസ് കോർമിൻഡ് വിശദമാക്കുന്നു. 

ദക്ഷിണാഫ്രിക്കയിൽ 1905ൽ കണ്ടെത്തിയ കുള്ളിനൻ വജ്രമാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം. 3106 കാരറ്റാണ് കുള്ളിനൻ വജ്രം. ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പാദക രാജ്യമാണ് ബോട്സ്വാന. ബോട്സ്വാനയിൽ 2019ൽ കണ്ടെത്തിയ സ്വീവെലോയാണ് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ മൂന്നാമത്തെ വജ്രം. 1758 കാരറ്റാണ് ഈ വജ്രത്തിനുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios