6 വർഷത്തിനിടെ 100 അധ്യാപകർ ആത്മഹത്യ ചെയ്തു, ദക്ഷിണ കൊറിയയിലെ അധ്യാപകരനുഭവിക്കുന്ന ദുരിതമിങ്ങനെ
കഴിഞ്ഞ വർഷം ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു 26 -കാരിയായ പ്രൈമറി സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു. വിദ്യാർത്ഥികളുമായുള്ള പ്രശ്നത്തെ തുടർന്ന് രക്ഷിതാക്കൾ നിരന്തരം അവളെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പ്രചരിച്ചത്. ഒരു പ്രൈമറി എലിമെൻ്ററി സ്‌കൂളിൽ വൈസ് പ്രിൻസിപ്പലിനെ ഒരു വിദ്യാർത്ഥി അടിക്കുന്ന വീഡിയോ ആയിരുന്നു ഇത്. വിദ്യാർത്ഥി വൈസ് പ്രിൻസിപ്പലിനെ തല്ലുകയും അസഭ്യം പറയുകയും ബാഗെടുത്ത് എറിയുകയും ചെയ്യുന്നതായിരുന്നു വീഡിയോ. അനുമതിയില്ലാതെ മൂന്നാം ക്ലാസ് വിദ്യാർഥിയെ സ്‌കൂൾ വിട്ട് പോകുന്നത് വൈസ് പ്രിൻസിപ്പൽ തടയാൻ ശ്രമിച്ചതാണത്രെ ഇതിനെല്ലാം കാരണമായിത്തീർന്നത്.
എന്നാൽ, വൈസ് പ്രിൻസിപ്പലാവട്ടെ വിദ്യാർത്ഥി ചെയ്യുന്നതിലൊന്നും പ്രതിഷേധിക്കാതെ കൈകൾ പിന്നിൽ കെട്ടി മിണ്ടാതെ നിൽക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കണ്ടത്. ഇത് പിന്നീട് കോടതിയിലേക്കും മറ്റും എത്തുമെന്ന് ഭയന്നതിനാലാവാം വൈസ് പ്രിൻസിപ്പൽ പ്രതികരിക്കാതിരുന്നത് എന്നാണ് പറയുന്നത്. ദക്ഷിണ കൊറിയയിൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകർക്ക് വലിയ സമ്മർദ്ദവും അധിക്ഷേപവും സഹിക്കേണ്ടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനേക്കാൾ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് ചാനൽ ന്യൂസ് പുറത്ത് വിടുന്നത്.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 100 അധ്യാപകർ ദക്ഷിണ കൊറിയയിൽ ആത്മഹത്യ ചെയ്തിരുന്നുവത്രെ. ജനുവരി 2018 നും ജൂൺ 2023 നും ഇടയിലുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു 26 -കാരിയായ പ്രൈമറി സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു. വിദ്യാർത്ഥികളുമായുള്ള പ്രശ്നത്തെ തുടർന്ന് രക്ഷിതാക്കൾ നിരന്തരം അവളെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഇനിയരിക്കലും പഠിപ്പിക്കാനാവില്ല എന്നും ജയിലിൽ കയറ്റുമെന്നും അവർ അവളെ ഭീഷണിപ്പെടുത്തി. 1500 ഭീഷണി മെസ്സേജുകൾ തന്റെ മകൾക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും ലഭിച്ചു എന്നും അധ്യാപികയുടെ അച്ഛൻ ആരോപിച്ചിരുന്നു. അധ്യാപിക തന്റെ ഡയറിയിൽ ഇതെല്ലാം കുറിച്ച് വച്ചിരുന്നത്രെ.
ദക്ഷിണകൊറിയയിൽ മിക്കവർക്കും ഒറ്റക്കുട്ടിയാണ്. സ്കൂളിൽ നല്ല വിജയമുണ്ടെങ്കിലേ നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ച് നല്ല ജോലിയും ജീവിതനേട്ടങ്ങളും ഉണ്ടാക്കാനാവൂ. ഇത് കുട്ടികളുടെ തലയിൽ വലിയ ഭാരം എടുത്തു വയ്ക്കുന്നതിന് കാരണമായിത്തീരുന്നു. അവർ പഠിച്ചില്ലെങ്കിൽ അതിന്റെ പഴിയും ഭീഷണിയും അധ്യാപകർക്കാണ്. കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചിൽഡ്രൻ പ്രൊട്ടക്ഷൻ ആക്ട് ദുരുപയോഗം ചെയ്യുന്നതായും വാർത്തയുണ്ട്.
അടുത്തിടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നുമുള്ള പീഡനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് എടുത്തുചാടി അധ്യാപകരെ ജോലിയിൽ നിന്നും പിരിച്ചുവിടില്ല എന്നൊരു തീരുമാനവും സ്കൂളുകൾ എടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.)