Asianet News MalayalamAsianet News Malayalam

ഗുരുവായൂരിലെ കല്യാണമേളം കേട്ടതിലുമപ്പുറം! റെക്കോർഡ് കല്യാണ ദിനത്തിലെ വിശേഷങ്ങൾ ഇങ്ങനെ

റെക്കോർ‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഉണ്ടാകില്ല എന്ന് ദേവസ്വം ബോർഡ്‌ അറിയിച്ചിട്ടുണ്ട്

Biggest wedding fair in history today in Guruvayur 351 weddings are taking place details here
Author
First Published Sep 8, 2024, 1:00 AM IST | Last Updated Sep 8, 2024, 8:14 AM IST

തൃശൂർ: ഗുരുവായൂരിൽ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം. 351 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി മുതൽ കല്യാണങ്ങൾ നടത്തും. ടോക്കൺ കൊടുത്താകും വധൂ വരന്മാരെ മണ്ഡപത്തിൽ കയറ്റുക. ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്ക് ഒപ്പം കൂടുതൽ പൊലീസിനെ നിയോഗിക്കാനും തീരുമാനമുണ്ട്. റെക്കോർ‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഉണ്ടാകില്ല എന്ന് ദേവസ്വം ബോർഡ്‌ അറിയിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾ ഇങ്ങനെ

ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമാണ് സെപ്റ്റംബർ  8 ന്. ഞായറാഴ്ച അവധിയും ഓണാഘോഷവും കൂടി ആകുന്നതോടെ  ഗുരുപവനപുരി അക്ഷരാർത്ഥത്തിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയിലാകും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോഡ് വിവാഹങ്ങള്‍ നടക്കുന്ന ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ശീട്ടാക്കാന്‍ സൗകര്യമുള്ളതിനാല്‍ വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത്രയും വിവാഹങ്ങള്‍ നടക്കുന്ന ദിവസം ഭക്തര്‍ തിരക്കിലമര്‍ന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത് മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഭക്തര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് സഹകരിക്കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. പുലര്‍ച്ചെ നാല് മുതല്‍ താലികെട്ട് ആരംഭിക്കും.

താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങിന് കാര്‍മികത്വം വഹിക്കാന്‍ ആറ് കോയ്മമാരെ നിയോഗിക്കും. രണ്ട് മംഗളവാദ്യസംഘം ഉണ്ടാകും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. ടോക്കണ്‍ വാങ്ങിയാല്‍ പന്തലില്‍ വിശ്രമിക്കണം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും.

ഊഴമായാല്‍ മണ്ഡപത്തിലെത്തി താലികെട്ട് കഴിഞ്ഞ് തെക്കേ നട വഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധൂ വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനുള്ള ഭക്തരെ പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദര്‍ശനത്തിനുള്ള പൊതുവരി വടക്കേനടയിലൂടെ, പടിഞ്ഞാറേ കോര്‍ണര്‍ വഴി ക്യൂ കോംപ്ലക്‌സിനകത്തേക്ക് കയറ്റി വിടും. ദര്‍ശനശേഷം പടിഞ്ഞാറേ നട വഴിയോ തെക്കേ തിടപ്പള്ളി വാതില്‍ വഴിയോ പുറത്തുപോകണം.

ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്‌സ് വഴി മാത്രം കടത്തിവിടും. കിഴക്കേനടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കൂടുതല്‍ സെക്യുരിറ്റി ജീവനക്കാരെ നിയോഗിക്കും. കൂടുതല്‍ പോലീസിന്റെ സേവനവും ഉറപ്പുവരുത്തും. കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍  കിഴക്കേ നടയിലെ ബഹുനില വാഹന പാര്‍ക്കിങ് സമുച്ചയത്തിന് പുറമെ, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനവും സജ്ജമാക്കും.

ഓണക്കാലം വെള്ളത്തിലാകുമോ? ഇന്ന് പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios