മകളുടെ സ്ക്രീൻ ടൈം കുറയ്ക്കാൻ അടിപൊളി വഴി കണ്ടെത്തി, ഇപ്പോൾ ഇരട്ടിപ്പണി, ആകെ പെട്ട് മാതാപിതാക്കൾ
അടുത്തിടെ ഒരു മാതാപിതാക്കൾ തങ്ങളുടെ മകളുടെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിനായി ഒരു വഴി കണ്ടെത്തി. മകൾക്ക് ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഒരു പട്ടിക്കുട്ടിയെ സമ്മാനിച്ചു. മാതാപിതാക്കൾ ആഗ്രഹിച്ചതുപോലെ തന്നെ ഇരുവരും വളരെ വേഗത്തിൽ കൂട്ടായി. എന്നിട്ടോ?
ഇന്ന് മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികളുടെ വർദ്ധിച്ചുവരുന്ന സ്ക്രീൻ ടൈം. കുട്ടികൾ പലപ്പോഴും ഐപാഡുകളിലും മറ്റുമായി മണിക്കൂറുകളോളം ചെലവഴിക്കുന്നത് മാതാപിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കാറുണ്ട്. കുട്ടികളുടെ ആരോഗ്യത്തേയും ശ്രദ്ധയേയും ഏകാഗ്രതയേയുമൊക്കെ വളരെ ദോഷമായി ഇത് ബാധിക്കും. എന്നാൽ, കുട്ടികളെ അവരുടെ ഈ ഇഷ്ടത്തിൽ നിന്ന് പുറത്ത് കടത്തുക അത്ര എളുപ്പമല്ല.
അടുത്തിടെ ഒരു മാതാപിതാക്കൾ തങ്ങളുടെ മകളുടെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിനായി ഒരു വഴി കണ്ടെത്തി. മകൾക്ക് ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഒരു പട്ടിക്കുട്ടിയെ സമ്മാനിച്ചു. മാതാപിതാക്കൾ ആഗ്രഹിച്ചതുപോലെ തന്നെ ഇരുവരും വളരെ വേഗത്തിൽ കൂട്ടായി. എന്നിട്ടോ? മൊബൈൽ കാണൽ രണ്ടുപേരും ഒരുമിച്ചാക്കി. ഇപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് മാതാപിതാക്കൾ. ഇപ്പോൾ മകൾ ഫോൺ അൽപ്പ സമയം മാറ്റിവെച്ചാലും നായ്ക്കുട്ടിയ്ക്ക് ഫോൺ നിർബന്ധമാണത്രേ.
മകൾക്കൊപ്പം നായക്കുട്ടി ഐ പാഡിൽ നോക്കിയിരിക്കുന്നതിന്റെ ഒരു വീഡിയോ ഈ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഇപ്പോൾ വൈറലാണ്. നിലത്ത് തറയിൽ കിടന്ന് ഇരുവരും ഒരുമിച്ച് വീഡിയോ കാണുന്ന രസകരമായ ദൃശ്യങ്ങളാണ് ഇത്. സ്ക്രീൻ ടൈം കുറയ്ക്കാൻ അവളെ സഹായിക്കുമെന്ന് കരുതി സമ്മാനിച്ചതാണ്. നോക്കൂ ഇപ്പോൾ രണ്ടാളും ഒരുമിച്ചാണ് കാഴ്ച എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
മെയ് 3 -ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം 1 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി കഴിഞ്ഞു. രസകരമായ വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത് പെർഫക്റ്റ് പാർട്നേഴ്സ് എന്നാണ്. വീഡിയോയ്ക്ക് താഴെ കുട്ടികളുടെ വർദ്ധിച്ചു വരുന്ന സ്ക്രീൻ ടൈംമിനെക്കുറിച്ച് ആശങ്കപ്പെട്ടവരും നിരവധിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം