കവിളിലെ മുറിവിന് സ്വയം ചികിത്സിച്ച് ഒറാങ്ങൂട്ടാൻ, അമ്പരപ്പിക്കുന്ന നിരീക്ഷണവുമായി ഗവേഷകർ
ബുദ്ധിശക്തിയുള്ള സസ്തനി ആയതിനാൽ തന്നെ ഇവ മരത്തിന്റെ കമ്പുകൾ കൊണ്ട് ഉപകരണങ്ങളുണ്ടാക്കുന്നത് ഇതിന് മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വയം ചികിത്സിക്കുന്നത് ഇത് ആദ്യമായാണ് ശ്രദ്ധിക്കുന്നത്
സുമാത്ര: കവിളിലേറ്റ പരിക്കിന് മരുന്ന് ചെടികൾ പുരട്ടി ചികിത്സയെടുത്ത് ഒറാങ്ങൂട്ടാൻ. ഇന്തോനേഷ്യയിലെ ഗുനംഗ് ലീസർ ദേശീയ പാർക്കിലാണ് ഏറെ നാളായുള്ള മുറിവിന് വലിയ കുരങ്ങൻ ഇനത്തിലുള്ള ഒറാങ്ങൂട്ടാൻ സ്വയം ചികിത്സ തേടിയതെന്ന് ഗവേഷകർ വിശദമാക്കുന്നത്. ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം ശ്രദ്ധിക്കുന്നതെന്നാണ് കുരങ്ങനെ നിരീക്ഷിക്കുന്ന ഗവേഷകർ വിശദമാക്കുന്നത്. ഒരു ചെടിയുടെ ഇല പറിച്ച് അത് മുറിവിൽ നിരവധി തവണ പുരട്ടുന്നതാണ് ഗവേഷകരുടെ ശ്രദ്ധ നേടിയത്. ഒരു മാസത്തിനുള്ളിൽ ഈ മുറിവ് ഭേദമായെന്നും ഗവേഷകർ വിശദമാക്കുന്നു.
സസ്തനികളുടെ വിഭാഗത്തിലെ ഉന്നത ശ്രേണിയിലാണ് ഒറാങ്ങൂട്ടാനുകൾ ഉൾപ്പെടുന്നത്. ബുദ്ധിശക്തിയുള്ള സസ്തനി ആയതിനാൽ തന്നെ ഇവ മരത്തിന്റെ കമ്പുകൾ കൊണ്ട് ഉപകരണങ്ങളുണ്ടാക്കുന്നത് ഇതിന് മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വയം ചികിത്സിക്കുന്നത് ഇത് ആദ്യമായാണ് ശ്രദ്ധിക്കുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. മനുഷ്യ വംശത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന സസ്തനികളാണ് ഇവയെന്നതിന്റെ മറ്റൊരു തെളിവായാണ് ഈ സംഭവത്തെ നരവംശ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. കവിളിൽ വലിയ മുറിവുമായി 2022 ജൂണിലാണ് ഒറാങ്ങൂട്ടാനെ ശ്രദ്ധിക്കുന്നത്.
മറ്റ് ഒറാങ്ങൂട്ടാനുകളോടുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതാവാമെന്നായിരുന്നു മുറിവിനേക്കുറിച്ച് ഗവേഷകർ വിശദമാക്കുന്നത്. ഇതിന് ശേഷം അകാർ കൂനിംഗ് എന്ന ചെടിയുടെ കമ്പുകൾ ഈ ഒറാങ്ങൂട്ടാൻ ചവയ്ക്കുന്നതും ഇതിന്റെ ഇലകൾ മുറിവിൽ പുരട്ടുന്നതും ഗവേഷകർ കണ്ടെത്തിയിരുന്നു. പ്രാദേശികമായി മലേറിയയും ഡയബറ്റീസിനും മരുന്നായി ഉപയോഗിക്കുന്ന ഈ ചെടി ബാക്ടീരിയകൾക്കെതിരായി പ്രവർത്തിക്കുന്ന ഗുണങ്ങളോട് കൂടിയതാണ്.
ഈ ചെടി നിരവി തവണയാണ് ഒറാങ്ങൂട്ടാൻ മുറിവിൽ പുരട്ടുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇലകൾ ചവച്ച ശേഷമായിരുന്നു മുറിവിൽ ഒറാങ്ങൂട്ടാൻ പുരട്ടിയിരുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം ഒറാങ്ങൂട്ടാനെ കാണുമ്പോൾ മുറിവിൽ അണുബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമായതാണ് ഗവേഷകർ വിശദമാക്കുന്നത്. ഒരു മാസത്തിന് ശേഷം മുറിവ് പൂർണമായി ഭേദമായെന്നും ഗവേഷകർ വിശദമാക്കുന്നു.
പരിക്കുണ്ടായതിന് ശേഷം സാധാരണയിലും അധികം സമയം ഒറാങ്ങൂട്ടാൻ വിശ്രമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതായാണ് ഗവേഷകർ വിശദമാക്കുന്നത്. 1960ൽ ജീവശാസ്ത്രകാരൻ ജീൻ ഗുഡാൽ ചിംപാൻസികൾ മരുന്ന് ചെടികൾ കഴിക്കുന്നതായി വിശദമാക്കിയിരുന്നു. സയന്റിഫിക് റിപ്പോർട്ട്സ് എന്ന സയൻസ് ജേണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം