'ജെൻ സീ' യുവാക്കളെ ജോലിക്കെടുക്കാൻ താല്പര്യമില്ല, കാരണം ഇത്, പോസ്റ്റുമായി യുവതി, വിമർശനം
ഇതാണ് ജനറേഷൻ ഗ്യാപ്പ് എന്ന് പറഞ്ഞവരും ഉണ്ട്. ഒരു ജനറേഷന് മറ്റൊരു ജനറേഷനെ അംഗീകരിക്കാനാവില്ല എന്നും പലരും അഭിപ്രായപ്പെട്ടു.
1997 നും 2012 നും ഇടയിൽ ജനിച്ചവരെയാണ് ജനറേഷൻ Z (Generation Z), ജെൻ സീ എന്നെല്ലാം വിശേഷിപ്പിക്കുന്നത്. ജെൻ സീയിൽ പെടുന്ന യുവാക്കളെ കുറിച്ചുള്ള ഒരു യുവതിയുടെ സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചിലരൊക്കെ യുവതിയെ അനുകൂലിച്ചെങ്കിലും വലിയ വിമർശനങ്ങളും പോസ്റ്റിനെതിരെ ഉയരുന്നുണ്ട്. ഹർണിദ് കൗർ എന്ന യുവതിയാണ് പോസ്റ്റിട്ടിരിക്കുന്നത്. അതിൽ പറയുന്നത്, തന്റെ പല സുഹൃത്തുക്കളും ഇപ്പോൾ ജെൻ സീ ആയവരെ ജോലിക്കെടുക്കാൻ താല്പര്യപ്പെടുന്നില്ല എന്നാണ്. അതിന് കാരണം ഈ യുവാക്കൾക്ക് കഴിവില്ലാത്തതോ, സ്മാർട്ടല്ലാത്തതോ അല്ല. അവരുടെ പരുഷമായ പെരുമാറ്റം കാരണമാണ് അവരെ ജോലിക്കെടുക്കാൻ ആളുകൾ താല്പര്യം കാണിക്കാത്തത് എന്നാണ് കൗർ പറയുന്നത്.
എൻ്റെ സുഹൃത്തുക്കളിൽ പലരും ഇപ്പോൾ ജെൻ Z -നെ ജോലിക്കെടുക്കാറില്ല. അത് അവർ സ്മാര്‍ട്ടല്ലാത്തതുകൊണ്ടോ, ജോലിയിൽ നല്ലവരല്ലാത്തത് കൊണ്ടോ അല്ല. അവർ പരുഷസ്വഭാവമുള്ളവരും കൂടെ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവരും ആയതുകൊണ്ടാണ് എന്നാണ് യുവതി പറയുന്നത്. മാത്രമല്ല, മറ്റ് സഹപ്രവർത്തകരോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് അറിയില്ല എന്നും യുവതി എഴുതുന്നു.
വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി മാറി. അനവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അത് ശരിയാണ് എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. തങ്ങൾക്കും ഇങ്ങനെ തോന്നിയിട്ടുണ്ട് എന്നും വളരെ പരുക്കമായിട്ടാണ് ഈ യുവാക്കൾ പെരുമാറുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ, 'ഇതാണ് ജനറേഷൻ ഗ്യാപ്പ്' എന്ന് പറഞ്ഞവരും ഉണ്ട്. 'ഒരു ജനറേഷന് മറ്റൊരു ജനറേഷനെ അംഗീകരിക്കാനാവില്ല' എന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, മറ്റൊരാൾ കമന്റ് നൽകിയത്, ഇതിലും പാടാണ് പ്രായമായവരുമായി ഇടപെടുന്നത് എന്നാണ്. പ്രായമാവുന്തോറും ഈ ആളുകൾ കൂടുതൽ കൂടുതൽ പരുക്കരായി മാറുന്നു എന്നും അയാൾ അഭിപ്രായപ്പെട്ടു.
അതേപോലെ, ജെൻ സീയിൽ പെട്ടവരെ പണ്ട് ചെയ്തുവന്നതുപോലെ പേടിപ്പിച്ച് ചൂഷണം ചെയ്യാനാവില്ല, അതാവാം അവരെ ജോലിക്കെടുക്കാൻ താല്പര്യമില്ലാത്തതിന് കാരണം എന്ന് പറഞ്ഞവരും ഉണ്ട്.