16 കോടിക്ക് വാങ്ങിയ സ്വപ്നബംഗ്ലാവ്, എത്തിയപ്പോൾ കുളിമുറിയും ലൈബ്രറിയുമടക്കം ഒന്നുമില്ല, തകർന്ന് ദമ്പതികൾ
ബംഗ്ലാവ് വാങ്ങിയ ശേഷം അവിടേക്കെത്തിയ ദമ്പതികൾ ആകെ തകർന്നുപോയി. ദമ്പതികൾ അറിയിച്ചതിനെത്തുടർന്ന്, മോഷണമടക്കം കുറ്റങ്ങൾ ചുമത്തി മുൻ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
16 കോടി രൂപ കൊടുത്ത് ആശിച്ചുമോഹിച്ച് വാങ്ങിയ വീട്. എന്നാൽ, അവിടെ ആദ്യമായി എത്തുമ്പോൾ കാണുന്ന കാഴ്ച ഹൃദയം തകർക്കുന്ന അനുഭവമുണ്ടാക്കുക. ഏതൊരാളുടെയും ദുഃസ്വപ്നമായിരിക്കും അത് അല്ലേ? എന്നാൽ, യുകെയിൽ നിന്നുള്ള ദമ്പതികൾക്ക് സംഭവിച്ചത് ഇത് തന്നെയാണ്.
മാർട്ടിൻ- സാറ കാറ്റൺ ദമ്പതികൾ വാങ്ങിയതാണ് ഈ സ്വപ്നമാളിക. എന്നാൽ, അവിടെ അവരെ കാത്തുനിന്നത് ഒട്ടും സന്തോഷം നൽകുന്ന കാഴ്ചകളായിരുന്നില്ല. ഓക്ക് ഗോവണി, വാൽനട്ട്-പാനൽ ലൈബ്രറി, ചരിത്രപരമായ സ്റ്റെയിൻ-ഗ്ലാസ് വിൻഡോകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു പ്രോപ്പർട്ടി എന്നാണ് നൽകിയിരുന്നത്. മാത്രമല്ല, പഴക്കമുള്ള, ഗ്രേഡ് II ആയി ലിസ്റ്റ് ചെയ്തിട്ടുള്ള ബംഗ്ലാവ് ആയിരുന്നു ഇത്.
എന്നാൽ, മുൻ ഉടമ ഡോ. മാർക്ക് പെയ്ൻ, എസ്റ്റേറ്റിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുമ്പുതന്നെ അതിന്റെ വാതിലുകൾ, ജനലുകൾ, ഫയർപ്ലേസുകൾ, പ്ലംബിംഗ്, ഇലക്ട്രിക്കൽ തുടങ്ങിയവയെല്ലാം നീക്കം ചെയ്തിരുന്നു. നാല് കുളിമുറികളിൽ മൂന്നെണ്ണം അപ്രത്യക്ഷമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒപ്പം സ്റ്റെയിൻഡ് ഗ്ലാസ് വിൻഡോകളും ലൈബ്രറി പാനലുകളും നീക്കം ചെയ്തിരുന്നു. എസ്റ്റേറ്റിൻ്റെ ക്ലോക്ക് ടവറിൽ നിന്നുള്ള ഗോവണി പോലെയുള്ളവയും മാറ്റിയിരുന്നു. അതിനാൽ തന്നെ മുമ്പ് എങ്ങനെയായിരുന്നോ ആ ബംഗ്ലാവിരുന്നത്. എന്താണോ ബംഗ്ലാവിനെ ഇത്രയും വിലയുള്ളതാക്കി മാറ്റിയത് ഒന്നും തന്നെ അവിടെയില്ലായിരുന്നു.
എന്തായാലും, ബംഗ്ലാവ് വാങ്ങിയ ശേഷം അവിടേക്കെത്തിയ ദമ്പതികൾ ആകെ തകർന്നുപോയി. ദമ്പതികൾ അറിയിച്ചതിനെത്തുടർന്ന്, മോഷണമടക്കം കുറ്റങ്ങൾ ചുമത്തി മുൻ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. 2015 ഏപ്രിലിൽ അവർ കുറച്ച് ഇനങ്ങൾ കണ്ടെടുത്തുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഇയാളെ വിട്ടയച്ചു. കാറ്റൺ ദമ്പതികൾ പിന്നീട് പഴയ ഫോട്ടോഗ്രാഫുകൾ തെളിവായി നൽകിയെങ്കിലും കൗൺസിൽ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
മുൻ ഉടമയിൽ നിന്ന് എടുത്ത സാധനങ്ങൾ പൊലീസ് സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. നീണ്ട ഒമ്പത് വർഷത്തെ പോരാട്ടത്തിന് ശേഷം, 1,000 മൈൽ യാത്ര ചെയ്യുന്നത് തനിക്ക് വളരെയധികം ബുദ്ധിമുട്ടാണെന്ന് അവകാശപ്പെട്ട് ഡോക്ടർ മാർക്ക് പെയ്ൻ ഹിയറിംഗിന് ഹാജരാകാതിരുന്നപ്പോൾ മാർച്ചിൽ ദമ്പതികൾക്ക് അവരുടെ സാധനങ്ങൾ തിരികെ ലഭിച്ചു.