ജന്മനാട്ടിൽ മാർഗരറ്റ് താച്ചറിന്റെ പ്രതിമ, സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിൽ മുട്ടയേറ്
ഞായറാഴ്ച ചടങ്ങുകളില്ലാതെയാണ് പ്രതിമ അനാച്ഛാദനം ചെയ്‍തത്. താച്ചറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട നിന്നിരുന്ന സ്ഥലത്തിന് സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഞായറാഴ്ചയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറി(Margaret Thatcher)ന്റെ ജന്മനാട്ടിൽ അവരുടെ ഒരു പ്രതിമ (statue) അനാച്ഛാദനം ചെയ്തത്. എന്നാൽ, അനാച്ഛാദനം ചെയ്‍ത് മണിക്കൂറുകൾക്കുള്ളിൽ പ്രതിമയ്ക്ക് നേരെ മുട്ടയേറ്. ഞായറാഴ്ച രാവിലെ ലിങ്കൺഷെയറിലെ ഗ്രന്ഥാ(Grantham)മിലാണ് പത്തടി ഉയരത്തിൽ പ്രതിമ സ്ഥാപിച്ചത്. എന്നാൽ, വൈകാതെ തന്നെ പ്രദേശവാസികളിൽ നിന്നും പ്രതിമയ്ക്ക് നേരെ വാക്കാലും പ്രവൃത്തിയാലുമുള്ള അധിക്ഷേപമുണ്ടായി.
മാത്രവുമല്ല, ഇത് കണക്കിലെടുത്ത് അധികൃതർ പ്രതിമയ്ക്ക് ചുറ്റും ഒരു വേലിയും പണിതു. എന്നാൽ, മുട്ടയേറിനെ തടുക്കാൻ ഈ വേലിക്കും കഴിഞ്ഞില്ല. ലിങ്കൺഷെയറിലാണ് മാർഗരറ്റ് താച്ചർ ജനിച്ചതും വളർന്നതും. എന്നാൽ, അംഗീകരിക്കപ്പെടുന്നത് പോലെ തന്നെ താച്ചറിനെ ചൊല്ലി വിമർശനങ്ങളും എക്കാലവും ഉയരുന്നുണ്ട്.
ഞായറാഴ്ച പ്രതിമ സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഒരു പ്രതിഷേധക്കാരൻ ഇതിനെതിരെ മുട്ടയെറിഞ്ഞത്. എന്നാൽ, ഇതിന്റെ പേരിൽ ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വേലിക്ക് പുറമെ പ്രതിമയുടെ സുരക്ഷയ്ക്കായി സിസിടിവി -യും വച്ചിട്ടുണ്ട്. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലായിരുന്നു ആദ്യം പ്രതിമ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഇത് നിരസിച്ചതിനെത്തുടർന്നാണ് വെങ്കല പ്രതിമ സൗത്ത് കെസ്റ്റീവൻ ഡിസ്ട്രിക്റ്റ് കൗൺസിലിന് വാഗ്ദാനം ചെയ്തത്.
താച്ചറിനെ ഒരു വിവാദവ്യക്തിയായി കണക്കാക്കിയാൽ പോലും ഗ്രന്ഥാമിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും പ്രധാനഭാഗം തന്നെയാണ് അവരെന്ന് കൗൺസിൽ നേതാവ് കെൽഹാം കുക്ക് പറഞ്ഞു. താച്ചറും അവരുടെ വീട്ടുകാരും ഇവിടെ ജീവിച്ചിരുന്നവരാണ്. താച്ചർ ജനിച്ചതും വളർന്നതും സ്കൂളിൽ പോയതും ഇവിടെയാണ് എന്നും കുക്ക് പറയുന്നു. അതിനാൽ തന്നെ അവരുടെ പാരമ്പര്യത്തെ ചൊല്ലി വിവാദം നിലനിൽക്കുന്നതിനാൽ തന്നെ അവരുടെ പ്രതിമ ഇവിടെ തന്നെയാണ് വരേണ്ടതും എന്നും കുക്ക് പറഞ്ഞു.
വൻതുക ചെലവാക്കിയുള്ള അനാച്ഛാദനച്ചടങ്ങും പ്രഖ്യാപിച്ചപ്പോൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. മുട്ടയെറിയുന്നതിനായി ആഹ്വാനം ചെയ്‍തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനും നിരവധിപ്പേരാണ് പിന്തുണയറിയിച്ചത്. എന്നാൽ, ഈ അനാച്ഛാദനപരിപാടി പിന്നീട് ഒഴിവാക്കുകയായിരുന്നു.
ഞായറാഴ്ച ചടങ്ങുകളില്ലാതെയാണ് പ്രതിമ അനാച്ഛാദനം ചെയ്‍തത്. താച്ചറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട നിന്നിരുന്ന സ്ഥലത്തിന് സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 1925 -ൽ ഗ്രന്ഥാമിൽ ജനിച്ച മുൻ പ്രധാനമന്ത്രി 2013 ഏപ്രിലിൽ 87 -ാം വയസ്സിൽ അന്തരിച്ചു.