പനയംപാടം അപകടം: അപകടമൊഴിവാക്കാൻ നിർദേശങ്ങൾ, സംയുക്ത സുരക്ഷാ പരിശോധനയുടെ റിപ്പോ൪ട്ട് ഇന്ന് കൈമാറും

പനയംപാടത്ത് സ്ഥിരം മീഡിയൻ സ്ഥാപിക്കണം, ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിംപിള്‍ സ്ട്രിപ് എന്നിവ ഉടൻ സ്ഥാപിക്കണം, റോഡിൽ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ

Panayampadam accident report of joint safety inspection to be handed over today

പാലക്കാട്: പനയംപാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയുടെ റിപ്പോ൪ട്ട് ഇന്ന് ജില്ലാ കലക്ട൪ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയൻ സ്ഥാപിക്കണം, ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിംപിള്‍ സ്ട്രിപ് എന്നിവ ഉടൻ സ്ഥാപിക്കണം, റോഡിൽ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദ൪ശിച്ച ശേഷം നൽകിയ നി൪ദേശങ്ങളും റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തും.

വളവ് നികത്തൽ ഉൾപ്പെടെ കാര്യങ്ങളിൽ ദേശീയ പാത അതോറിറ്റി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥ൪ വീണ്ടും പരിശോധന നടത്തും. അതേസമയം അപകടത്തിന് ശേഷം കരിമ്പ ഹയ൪ സെക്കൻഡറി സ്കൂൾ ഇന്ന് തുറക്കും. രാവിലെ ഒൻപതിന് സ്കൂളിൽ അനുശോചന യോഗവും ചേരും.

അതിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഒരു മണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ ബ്ലാക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് സ്വീകരിക്കേണ്ട നടപടികളാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്.റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.വാഹന പരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios