കള്ളന്മാർ സൂക്ഷിക്കുക, ഇവിടെ മോണിക്കയുണ്ട്; പോക്കറ്റടിക്കാർക്ക് പേടിസ്വപ്നമായ 58 -കാരി
ഇവിടെയെത്തുന്ന വിദേശത്തു നിന്നുള്ള സഞ്ചാരികളെയാണ് പലപ്പോഴും പോക്കറ്റടിക്കാർ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് മോണിക്ക പറയുന്നത്. കാരണം, അവർ കേസും കോടതിയുമായി നടക്കില്ല എന്ന് തോന്നുന്നത് കൊണ്ടാണത്രെ അത്.
ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വെനീസ്. അതിമനോഹരമായ നഗരം എന്നതിനപ്പുറം വിനോദസഞ്ചാരികളുടെ ഈ പ്രിയപ്പെട്ട സ്ഥലം മറ്റൊരു പ്രശ്നം കൂടി അഭിമുഖീകരിക്കുന്നുണ്ട്. അതാണ് പോക്കറ്റടി. ഇവിടെയെത്തുന്ന സന്ദർശകരും പ്രാദേശികഭരണകൂടവും എല്ലാം തന്നെ ഈ പോക്കറ്റടിക്കാരെ കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. എന്നാൽ, അവിടെയാണ് രക്ഷകയായി ഒരു സ്ത്രീ എത്തുന്നത്. 58 -കാരിയായ മോണിക്ക പോളിയാണ് അത്.
നഗരത്തിലെത്തുന്നവരെ പോക്കറ്റടിക്കാരിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണ് മോണിക്ക പരിശ്രമിക്കുന്നത്. അവൾ അവിടമാകെ ചുറ്റിനടക്കും. പോക്കറ്റടിക്കാർ എന്ന് തോന്നുന്നവരെ ഭയപ്പെടുത്തും. അങ്ങനെ പോക്കറ്റടിക്കാരിൽ നിന്നും സഞ്ചാരികളെ സംരക്ഷിക്കും.
'അൺഡിസ്ട്രാക്റ്റഡ് സിറ്റിസെൻസ്' എന്ന വളണ്ടിയർ ഗ്രൂപ്പിലെ അംഗമാണ് മോണിക്ക. വെനീസിലൂടെ ചുറ്റിനടന്ന് പോക്കറ്റടിക്കാരെ പിടികൂടാനാണ് അവൾ തന്റെ ദിവസത്തിലെ ഏറിയ പങ്കും ചെലവഴിക്കുന്നത്. 2023 -ൽ പോക്കറ്റടിക്കാരെ സൂക്ഷിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ ആദ്യ വീഡിയോ ഷെയർ ചെയ്തതോടെയാണ് മോണിക്ക ജനശ്രദ്ധയാകർഷിക്കുന്നത്. പിന്നീട് നിരവധി വീഡിയോകൾ അവൾ ഷെയർ ചെയ്യാറുണ്ട്. അതോടെ അവൾക്ക് നിരവധി ഫോളോവേഴ്സുമായി.
ഇവിടെയെത്തുന്ന വിദേശത്തു നിന്നുള്ള സഞ്ചാരികളെയാണ് പലപ്പോഴും പോക്കറ്റടിക്കാർ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് മോണിക്ക പറയുന്നത്. കാരണം, അവർ കേസും കോടതിയുമായി നടക്കില്ല എന്ന് തോന്നുന്നത് കൊണ്ടാണത്രെ അത്. അതിനാൽ തന്നെ മിക്കവാറും പോക്കറ്റടിക്ക് ഇരകളാവുന്നതും ഈ വിനോദസഞ്ചാരികളാവും.
പോക്കറ്റടിക്കെതിരെ പോരാടാനുള്ള അവരുടെ തീരുമാനം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. 1990 -കളിൽ ജാപ്പനീസ് വിനോദസഞ്ചാരികൾക്കിടയിൽ വലിയ പ്രചാരമുള്ള ഒരു തുണിക്കടയിൽ അവൾ ജോലി ചെയ്തിരുന്നു. അന്ന് മുതൽ തുടങ്ങിയതാണത്. പിന്നീടാണ് അവൾ ഈ വളണ്ടിയർ സംഘടനയിൽ ചേരുന്നത്. എന്തായാലും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളും പ്രാദേശിക അധികാരികളും ഒക്കെ വലിയ നന്ദിയോടെയാണ് മോണിക്കയെ കാണുന്നത്.
സിനിമയെ വെല്ലുന്ന ജീവിതം; പിതാവിന് കോടിക്കണക്കിന് രൂപയുടെ ആസ്തി, ഒന്നും വേണ്ടെന്ന് യുവാവ്