112 കോടി ലോട്ടറിയടിച്ചു, ജീവിതം തീരാദുരിതമായി എന്ന് യുവാവ്, സമാധാനത്തോടെ ഉറങ്ങാനാവുന്നില്ലെന്നും പരാതി
തന്റെ പങ്കാളിയോട് ഈ വിവരം ആരോടും പറയരുത് എന്നും ലോട്ടറിയടിച്ച കാര്യം 2032 വരെ രഹസ്യമാക്കി വയ്ക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. 2032 -ലാണ് ഇവരുടെ മകൾക്ക് 18 വയസ്സ് തികയുക.
ലോട്ടറിയടിക്കുന്നത് ഭാഗ്യം എന്ന് പറയാറുണ്ട്. എന്നാൽ, ലോട്ടറിയടിച്ചതിന് പിന്നാലെ ജീവിതം ദുരന്തമായിപ്പോയവരുടെ കഥകളും നമ്മൾ കണ്ടിട്ടുണ്ടാകും. ഇതും അതുപോലെ ഒരാളുടെ കഥയാണ്. അതും യുഎസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി അടിച്ച ഒരാളുടെ കഥ.
2023 ജനുവരിയിൽ, ലെബനനിലെ മെയിനിൽ നിന്നും ടിക്കറ്റ് വാങ്ങിയ ഒരാൾക്കാണ് 1.35 ബില്യൺ ഡോളർ (112 കോടി രൂപ) ലോട്ടറിയടിച്ചത്. എന്നാൽ, കഴിഞ്ഞ ആറുമാസമായി തന്റെ വീട്ടുകാരുമായി നിയമപോരാട്ടത്തിലാണ് ഈ ലോട്ടറി സമ്മാന ജേതാവ്.
ജോൺ ഡോ എന്നാണ് കോടതിരേഖകളിൽ ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത് (യഥാർത്ഥ പേരല്ല). നികുതിയും മറ്റുമെല്ലാം കഴിച്ച് 41 കോടിയാണ് ഇയാൾക്ക് ലോട്ടറി സമ്മാനത്തിൽ നിന്നും വീട്ടിൽ കൊണ്ടുവരാൻ സാധിച്ചത്. എന്നാൽ, ആ പണം കുടുംബത്തിലെ ആരുമായും പങ്കുവയ്ക്കാൻ അയാൾ തയ്യാറായിരുന്നില്ല. മാത്രവുമല്ല, തന്റെ പങ്കാളിയോട് ഈ വിവരം ആരോടും പറയരുത് എന്നും ലോട്ടറിയടിച്ച കാര്യം 2032 വരെ രഹസ്യമാക്കി വയ്ക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. 2032 -ലാണ് ഇവരുടെ മകൾക്ക് 18 വയസ്സ് തികയുക.
എന്നാൽ, പങ്കാളി ഈ വിവരം കുടുംബക്കാരോട് പറഞ്ഞു എന്നാണ് യുവാവിന്റെ ആരോപണം. എന്നാൽ, കോടതി പറയുന്നത് പങ്കാളിയല്ല ലോട്ടറിയടിച്ച യുവാവ് തന്നെയാണ് സമ്മാനത്തിന്റെ കാര്യം വീട്ടുകാരോട് പറഞ്ഞത് എന്നാണ്. ലോട്ടറി അടിച്ച വിവരം മകൻ തന്നെ അറിയിച്ചിരുന്നതായി ഇയാളുടെ പിതാവ് പറഞ്ഞുവെന്നും കോടതിരേഖകളിൽ പറയുന്നു.
തൻ്റെ അച്ഛന് പഴയ കാറുകൾ നന്നാക്കുന്ന ഒരു ഗാരേജ് നിർമ്മിച്ച് നൽകാമെന്നും, അച്ഛൻ തന്നെ വളർത്തിയ വീട് വാങ്ങി നൽകുമെന്നും, അച്ഛന് വേണ്ടി ഒരു മില്യൺ ഡോളർ ട്രസ്റ്റ് ഫണ്ടുണ്ടാക്കുമെന്നും മകൻ വാഗ്ദാനങ്ങൾ നൽകിയെന്നും ഇയാളുടെ അച്ഛൻ പറയുന്നു. ആവശ്യമെങ്കിൽ അച്ഛന്റേയും രണ്ടാനമ്മയുടേയും ചികിത്സാച്ചെലവും താൻ വഹിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നത്രെ. എന്നാൽ, അച്ഛനോട് താൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും എന്നാൽ, തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് പങ്കാളിയാണ് എന്നുമാണ് ഇയാളുടെ ആരോപണം.
എന്തായാലും, ലോട്ടറി അടിച്ച ശേഷം സമാധാനത്തോടെ ഒന്നുറങ്ങിയിട്ടില്ല എന്നും കുടുംബക്കാർ മൊത്തം വെറുപ്പിലായി എന്നുമാണ് യുവാവ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം