ബിയറിന് അധികം പൈസയീടാക്കി, മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
തനിക്ക് രണ്ട് മാസമായി ജോലിയില്ല. വാടക കൊടുക്കാൻ പോലും കാശില്ല. അതിനിടയിലാണ് മദ്യം വാങ്ങിയപ്പോൾ അന്യായമായി തന്നിൽ നിന്നും 50 രൂപ അധികം ഈടാക്കിയിരിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്.
മദ്യത്തിന് കൂടുതൽ വിലയീടാക്കി എന്നാരോപിച്ച് മരത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. സംഭവം നടന്നത് മധ്യപ്രദേശിലാണ്. മുഖ്യമന്ത്രിയുടെ ഹെൽപ്‍ലൈനിലും പ്രദേശത്തെ പൊലീസ് സ്റ്റേഷനിലും ഒക്കെ ഇതുകാണിച്ച് പരാതി കൊടുത്തെങ്കിലും നടപടി എടുത്തില്ല എന്ന് കാണിച്ചാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്.
മദ്യക്കുപ്പികൾ വാങ്ങിയപ്പോൾ തന്നിൽ നിന്നും 50 രൂപ അധികം ഈടാക്കി എന്നാണ് യുവാവിന്റെ പരാതി. രാജ്ഗഢ് ജില്ലയിലെ ബ്രിജ്മോഹൻ ശിവഹരെ എന്ന യുവാവാണ് തന്റെ പരാതിയിൽ നടപടിയൊന്നും എടുക്കാത്തതിനെ തുടർന്ന് നിരാശനായി ചൊവ്വാഴ്ച ആത്മഹത്യ ചെയ്യാനായി മരത്തിൽ കയറിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ യുവാവ് മരത്തിൽ കയറുന്നത് കാണാം.
മറ്റൊരു വീഡിയോയിൽ യുവാവ് കരയുന്നതാണ് കാണുന്നത്, ഒപ്പം മാധ്യമങ്ങളോട് ഇയാൾ പരാതി പറയുന്നതും കേൾക്കാം. തനിക്ക് രണ്ട് മാസമായി ജോലിയില്ല. വാടക കൊടുക്കാൻ പോലും കാശില്ല. അതിനിടയിലാണ് മദ്യം വാങ്ങിയപ്പോൾ അന്യായമായി തന്നിൽ നിന്നും 50 രൂപ അധികം ഈടാക്കിയിരിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്. താൻ മദ്യം വാങ്ങിയതിൽ 20 രൂപയും ബിയറിൽ 30 രൂപയുമാണ് അധികം ഈടാക്കിയത്.
ക്വാർട്ടർ ബോട്ടിലിന് 20 രൂപ അധികമായി നൽകേണ്ടി വന്നു. ബിയറിന് 30 രൂപയും. പിന്നാലെ, ഫെബ്രുവരിയിൽ ശിവഹരേ മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ, ലോക്കൽ പൊലീസ് സ്റ്റേഷൻ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം), ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) എന്നിവർക്ക് പരാതി നൽകി. എന്നാൽ, തന്റെ പരാതിയിൽ ഒരുതരത്തിലുള്ള നടപടിയും അധികൃതർ എടുത്തില്ലെന്നാണ് യുവാവിന്റെ പരാതി. നടപടി എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവ് ആത്മഹത്യാശ്രമവും നടത്തിയത്.