എന്ത് വിധിയിത്; ജോലിക്ക് പോയി തിരികെ എത്തിയപ്പോൾ സ്വന്തം വീട് മറ്റൊരാളുടെ പേരിൽ, പുതിയ താമസക്കാരും
അവിടെ കണ്ട കാഴ്ച അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. വീടിന്റെ പുതിയ ഉടമകളെന്ന് അവകാശപ്പെടുന്നവർ അവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.
സ്വന്തം വീട് പൂട്ടിയിട്ട് ചിലപ്പോൾ ദൂരസ്ഥലത്ത് ജോലിക്കും മറ്റും പോകേണ്ടി വരുന്ന അനേകം പേർ ഇന്നുണ്ട്. എന്നാൽ, തിരികെ വരുമ്പോഴേക്കും സ്വന്തം വീട് സ്വന്തം പേരിൽ അല്ലാതായാൽ എന്ത് ചെയ്യും? വീടില്ലാത്തൊരാളായി മാറിയാലെന്ത് ചെയ്യും? അതേ അനുഭവമാണ് ലൂട്ടൺ ടൗണിൽ നിന്നുള്ള മൈക്ക് ഹാളിനും ഉണ്ടായത്.
1990 -ലാണ് മൈക്ക് ഹാൾ ഈ വീട് വാങ്ങിയത്. എന്നാൽ, 2021 -ൽ £131000 (1,37,99,095.95 ഇന്ത്യൻ രൂപ) -യ്ക്ക് തന്റെ വീട് മറ്റൊരാൾക്ക് വിറ്റ വിവരമാണ് ഹാൾ അറിയുന്നത്. ജോലി ആവശ്യത്തിനായി നോർത്ത് വെയിൽസിലായിരുന്നു ഹാളിന്റെ താമസം. അതിനാൽ തന്നെ വീട് വിറ്റതോ മറ്റൊരു ഉടമ ഇപ്പോൾ തന്റെ വീടിനുണ്ട് എന്നതോ ഒന്നും അയാൾ അറിഞ്ഞിരുന്നില്ല. അയൽക്കാരാണ് ഹാൾ അവിടെയില്ലെങ്കിലും വീട്ടിൽ ലൈറ്റുകൾ തെളിയുന്നുണ്ട്, മറ്റാരൊക്കെയോ അവിടെ താമസിക്കുന്നുണ്ട് എന്നും അയാളെ അറിയിച്ചത്.
അപ്പോൾ തന്നെ തിരക്കിട്ട് ഹാൾ തന്റെ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ച അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. വീടിന്റെ പുതിയ ഉടമകളെന്ന് അവകാശപ്പെടുന്നവർ അവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. തന്റെ താക്കോൽ കുറേനേരം ഉപയോഗിച്ചിട്ടും വീട് തുറക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് ആരോ വാതിൽ തുറന്നു. ആ സമയം വീടിനകത്ത് മുഴുവനും പുതിയ ഫർണിച്ചറുകളായിരുന്നു. താൻ ഞെട്ടിപ്പോയി എന്ന് ഹാൾ പറയുന്നു.
അധികം വൈകാതെ ഹാൾ കേസിന് പോയി. ഒരു വ്യാജ ലൈസൻസും അതുവഴി മറ്റ് വ്യാജരേഖകളും വ്യാജ ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കിയാണ് വീട് മറ്റൊരാളുടെ പേരിലാക്കിയിരിക്കുന്നത് എന്ന് പിന്നാലെ തെളിഞ്ഞു. ഒടുവിൽ നിയമപോരാട്ടത്തിനൊടുവിൽ ഹാൾ തന്റെ വീട് തന്റെ തന്നെ പേരിലേക്ക് തിരികെയാക്കി. പക്ഷേ, വേറെയും കുറേ നഷ്ടങ്ങൾ പാവം ഹാളിന് വന്ന് ചേർന്നിട്ടുണ്ടായിരുന്നു. വീട് മൊത്തത്തിൽ അലങ്കോലമാക്കി, പലതും തകർത്തിരുന്നു. 63 ലക്ഷത്തിന്റെ പണിയാണ് ഹാളിന് ഇതിന് മേൽ ചെയ്യേണ്ടി വന്നത്.