നാണക്കേട്, 6.30 ആണ് സമയം, ഓഫീസിൽ ഒറ്റൊരാളില്ല, ഞാൻ മാത്രമേയുള്ളൂ; യുവാവിന്റെ പോസ്റ്റിന് വൻ വിമർശനം
എട്ട് മണിക്കൂർ ശമ്പളം കിട്ടുന്നതിന് ഇങ്ങനെ പാതിരാത്രി വരെ ജോലി ചെയ്യേണ്ട കാര്യമില്ല. ആ സമയം മാത്രം ജോലി ചെയ്താല്‍ മതി. ആളുകൾ ഇപ്പോൾ സ്മാർട്ടായിട്ടാണ് വർക്ക് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു.
രണ്ടുതരം ജീവനക്കാർ എല്ലാ ഓഫീസുകളിലും ഉണ്ടാവും. ഒന്ന് പണിയെല്ലാം തീർത്ത് ജോലി സമയം കഴിഞ്ഞയുടനെ വീട്ടിൽ പോകുന്നവർ. രണ്ട് പരമാവധി സമയം ഓഫീസിൽ തന്നെ ചെലവഴിക്കുന്നവർ. അതിൽ ആരോഗ്യകരം ജോലി തീർത്ത് സമയത്ത് വീട്ടിൽ പോവുന്നതായിരിക്കും. കാരണം, കുടുംബത്തിനും കൂട്ടുകാർക്കും അവനവന് തന്നെയും ജോലിക്കൊപ്പം നാം സമയം നൽകേണ്ടതുണ്ട്.
എന്നാൽ, ചിലർ കൂടുതൽ നേരം ജോലിസ്ഥലത്തിരിക്കുകയും ജോലി ചെയ്യുകയും സമയത്തിന് പോകുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത ഒരാൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ വിമർശിക്കപ്പെട്ടു. Sagar Lele എന്ന യൂസറാണ് തന്റെ ശൂന്യമായി കിടക്കുന്ന ഓഫീസിന്റെ ചിത്രമെടുത്ത് എക്സിൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം സാഗർ കുറിച്ചത്, 'രാവിലെ 7 മണിക്ക് ഓഫീസിൽ എത്തുകയും രാത്രി 2 മണിക്ക് പോവുകയും ചെയ്യേണ്ടുന്ന ഒരു സമയമുണ്ടായിരുന്നു. ഞാനാണ് ഓഫീസിൽ ആദ്യം എത്തുകയും അവസാനം പോവുകയും ചെയ്യുന്നത്' എന്നാണ്. 'വൈകുന്നേരം 6.30 -നുള്ള ചിത്രമാണ് ഇതെന്നും നാണക്കേട്' എന്നും അതിനൊപ്പം ഇയാൾ കുറിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ, യുവാവ് പ്രതീക്ഷിച്ച പ്രതികരണമല്ല പോസ്റ്റ് കണ്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എട്ട് മണിക്കൂർ ശമ്പളം കിട്ടുന്നതിന് ഇങ്ങനെ പാതിരാത്രി വരെ ജോലി ചെയ്യേണ്ട കാര്യമില്ല. ആ സമയം മാത്രം ജോലി ചെയ്താല്‍ മതി. ആളുകൾ ഇപ്പോൾ സ്മാർട്ടായിട്ടാണ് വർക്ക് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു.
അതുപോലെ, ട്രാഫിക് ഒഴിവാക്കാൻ നേരത്തെ പോവുകയും വർക്ക് ഫ്രം ഹോം ചെയ്യുകയും ചെയ്യുന്നവരുണ്ടാകാം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. മുഴുവൻ സമയവും ഓഫീസിൽ ഇരിക്കാനാവുമോ? ആളുകൾക്ക് കുടുംബവും അവരുടേതായ കാര്യങ്ങളും കാണില്ലേ എന്ന് ചോദിച്ചവരും ഉണ്ട്. അതേസമയം ചുരുക്കം ചിലർ യുവാവിനെ അനുകൂലിച്ചിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം