'മരിച്ച' സ്ത്രീ വീട്ടിൽ പയറുപോലെ ഓടി നടക്കുന്നു; എല്ലാം ഭർത്താവിന്റെ സൂത്രം

2023 -ലാണ് ജയ്പൂരിലെ ആശുപത്രിയിൽ ഇയാള്‍ ഭാര്യയെ അഡ്മിറ്റാക്കുന്നത്. പിന്നീട്, ചില ടെസ്റ്റുകളെല്ലാം നടത്തി അവിടെ നിന്നും മടങ്ങുകയും ചെയ്തു.

man fakes wife death for one crore rupees insurance rlp

ഇൻഷുറൻസ് തുകയായ ഒരു കോടി രൂപ കിട്ടാനായി വീട്ടിൽ പയറു പോലെ ഓടിനടക്കുന്ന ഭാര്യയെ 'കൊന്ന്' ഭർത്താവ്. അവസാനം കള്ളം പൊളിഞ്ഞത് ഇൻഷുറൻസ് കമ്പനിക്കാരുടെ അന്വേഷണത്തിൽ. സംഭവം നടന്നത് മനേസറിലാണ്. ജീവിച്ചിരിക്കുന്ന ഭാര്യ മരിച്ചതായി വ്യാജരേഖകളുണ്ടാക്കിയാണ് ഇയാൾ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിക്കാൻ ശ്രമിച്ചത്.

ജയ്‍പ്പൂരിലെ ഒരു ആശുപത്രിയിൽ നിന്നാണ് ഭാര്യ മരിച്ചതായി കാണിക്കുന്ന വ്യാജരേഖകൾ ഇയാൾ സംഘടിപ്പിച്ചത്. പിന്നീട്, ഇത് മുനിസിപ്പാലിറ്റിയിൽ കാണിച്ച് ഒരു ഒറിജിനൽ മരണ സർട്ടിഫിക്കറ്റും ഇയാൾ ഒപ്പിച്ചെടുക്കുകയായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം വെരിഫിക്കേഷൻ പ്രോസസിനിടെയാണ് രേഖകളെല്ലാം കള്ളമാണെന്നും സ്ത്രീ വീട്ടിൽ തന്നെ ജീവിച്ചിരിപ്പുണ്ട് എന്നും കണ്ടെത്തുന്നത്. 

ജാറ്റിൻ എന്നയാൾ 2023 -ലാണ് ജയ്പൂരിലെ ആശുപത്രിയിൽ ഭാര്യയെ അഡ്മിറ്റാക്കുന്നത്. പിന്നീട്, ചില ടെസ്റ്റുകളെല്ലാം നടത്തി അവിടെ നിന്നും മടങ്ങുകയും ചെയ്തു. പിന്നീട്, ആശുപത്രിയിലുള്ള ജീവനക്കാരെ സ്വാധീനിച്ച് അവിടെ നിന്നും ഭാര്യ മരിച്ചതായും മറ്റുമുള്ള വ്യാജരേഖകൾ സംഘടിപ്പിച്ചു. പിന്നീട്, അത് മുനിസിപ്പാലിറ്റിയിൽ നൽകി മരണ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു. ശേഷമാണ് ഒരുകോടി രൂപ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത്. 

മരണ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി കോർപ്പറേഷന് കത്തെഴുതിയതായി ഗ്രേറ്റർ ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ രജിസ്ട്രാർ (ജനന-മരണം) പ്രദീപ് പരീഖ് പറയുന്നു. “ഒരു ആശുപത്രിയുടെ ഐഡൻ്റിറ്റി പോർട്ടലിൽ മരണം രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ഞങ്ങൾ മരണ സർട്ടിഫിക്കറ്റ് നൽകും. ഇതിനുപുറമെ, ശ്മശാനത്തിൽ നിന്നോ സെമിത്തേരിയിൽ നിന്നോ തയ്യാറാക്കിയ ശവസംസ്കാര റിപ്പോർട്ടായാലും മതി. ഈ സാഹചര്യത്തിൽ, ഞങ്ങൾക്ക് ആശുപത്രിയുടെ പോർട്ടലിൽ നിന്നുള്ള രജിസ്ട്രേഷൻ ലഭിച്ചു. അതിനാലാണ് ഞങ്ങൾ മരണ സർട്ടിഫിക്കറ്റ് നൽകിയത് ” എന്നും പരീഖ് പറഞ്ഞു.

മരണസർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതിനും മറ്റും ജാറ്റിനെതിരെ നിയമനടപടി ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios