കിടപ്പുമുറിയില്‍ അസഹ്യമായ നാറ്റം; ഒടുവില്‍ മുറിയിലെ കാര്‍പെറ്റ് നീക്കിയപ്പോള്‍ കണ്ട കാഴ്ച !
കിടപ്പുമുറിയില്‍ അസാധാരണമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെ ഇരുവരും പരസ്പരം പഴിചാരി. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അതെന്തെന്ന് അന്വേഷിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.
സ്വന്തം വീടിന്‍റെ ഉള്ളകത്ത് എന്തൊക്കെയുണ്ടെന്ന് നമ്മുക്കറിയാമെന്നൊരു ധാരണ നമ്മുക്കെല്ലാവര്‍ക്കുമുണ്ട്. സ്വന്തം മേല്‍നോട്ടത്തില്‍ പണിത വീടാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍, വിലയ്ക്ക് വാങ്ങിയ വീടോ, വാടക വീടോ ആണെങ്കില്‍ അതിനുള്ളിലുള്ള രഹസ്യ അറകളെ കുറിച്ച് താമസിക്കുന്നവര്‍ക്ക് വലിയ അറിവുണ്ടാകണമെന്നില്ല. അത്യപൂര്‍വ്വമായി അത്തരം രഹസ്യ അറകളോ മുറികളോ കണ്ടെത്തുമ്പോള്‍ അവ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടുന്നു. വീട്ടിനുള്ളിലെ അസാധാരണമായ ദുര്‍ഗന്ധത്തിന്‍റ ഉറവിടം തേടിപ്പോയ രണ്ട് യുവാക്കള്‍ അസാധാരണ കണ്ടെത്തല്‍ നടത്തിയപ്പോള്‍ ഞെട്ടിയത് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കൂടിയായിരുന്നു.
അറോറ ബ്ലെസിംഗ്സ്റ്ററും അദ്ദേഹത്തിന്‍റെ സുഹൃത്തും താമസിക്കുന്ന മുറിയിലായിരുന്നു അസാധാരണമായ ദുര്‍ഗന്ധം അനുഭവപ്പെട്ടത്. പിന്നാലെ ഇരുവരും പരസ്പരം പഴിചാരി. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അതെന്തെന്ന് അന്വേഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു. അങ്ങനെ ഇരുവരും മുറികളോരോന്നായി അന്വേഷണം ശക്തമാക്കി. ഒടുവില്‍ കിടപ്പ് മുറിയുടെ കാര്‍പ്പെറ്റ് മാറ്റിയപ്പോള്‍ അതിനടിയില്‍ ഒരു ഇരുമ്പിന്‍റെ അടപ്പ് കണ്ടെത്തി. ദുര്‍ഗന്ധം അവിടെ നിന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. അങ്ങനെ ഒരു പബ്ലറെ വിളിച്ച് പരിശോധിച്ചപ്പള്‍ അത് ഒരു സെപ്റ്റിക്ക് ലൈനാണെന്നും അതാണ് മുറിയിലെ ദുര്‍ഗന്ധത്തിന്‍റെ കാരണമെന്നും മനസിലായി. ഈ കണ്ടെത്തല്‍ ഇരുവരും വീഡിയോയില്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ പങ്കുവച്ചപ്പോള്‍ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. കിടപ്പുമുറിയുടെ തൊട്ട് താഴെ സെപ്റ്റിക്ക് ടാങ്കിലേക്കുള്ള പൈപ്പ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് മറ്റ് ചിലര്‍ എഴുതി.
ടിക് ടോക്കില്‍ ഏറെ പേര്‍ വീഡിയോ കണ്ടു. വീഡിയോയില്‍ മാന്‍ഹോളിന്‍റെ മൂടി ഉയര്‍ത്തുമ്പോള്‍ മലിനജല പൈപ്പ് ലൈൻ വെളിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. അത്തരമൊരു മാന്‍ഹോള്‍ തങ്ങളുടെ കിടപ്പുമുറിക്കുള്ളിലൂടെ ഒഴുകുന്നത് ഇരുവര്‍ക്കും അറിയില്ലായിരുന്നുവെന്നത് വീഡിയോയില്‍ വ്യക്തം.സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വാടക വീടുകളിലും വില്പനയ്ക്ക് വച്ച വീടുകളിലും ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുമെന്ന് കുറിച്ചു. സുരക്ഷിതത്വം വെറും സങ്കല്പമാണെന്ന് എഴുതിയവരും ഉണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ എങ്ങനെയാണ് സെപ്റ്റിക് ലൈന്‍ കടന്നുപോവുക എന്നായിരുന്നു മറ്റൊരാളുടെ സംശയം. കിടപ്പുമുറിയില്‍ ഇത്തരം സംഗതികള്‍ പാടില്ലെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി. '
'നമ്മുടെയെല്ലാം കുട്ടിക്കാലം എന്ത് മാത്രം കള്ളങ്ങള്‍ നിറഞ്ഞതാണ്'; വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഓഫീസർ