രണ്ട് വർഷത്തെ യാത്ര കഴിഞ്ഞെത്തിയ യുവാവറിഞ്ഞത് താൻ 'മരിച്ച' വിവരം..!
ഇപ്പോൾ 34 -കാരനായ നിക്ക് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ കഷ്ടപ്പെടുകയാണ്. ഇത് വളരെ ബുദ്ധിമുട്ടാണ് എന്നും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ താൻ കഷ്ടപ്പെടുകയാണ് എന്നുമാണ് നിക്ക് പറയുന്നത്.
ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചുവെന്ന് സർക്കാർ പറഞ്ഞാലെന്ത് ചെയ്യും? ആകെ പൊല്ലാപ്പാകും. നമ്മൾ ജീവിച്ചിരിപ്പുണ്ട് എന്ന് നേരിട്ട് പറഞ്ഞാൽ മാത്രം പോരാ, അത് തെളിയിക്കേണ്ട അവസ്ഥ കൂടി വരും. അതേ ദുരവസ്ഥയിലാണ് ഇപ്പോൾ മധ്യ അമേരിക്കയിലെ കോസ്റ്റ റിക്കയിൽ നിന്നുള്ള ഒരു 34 -കാരനും.
നിക്ക് ഫാറ്റോറോസ് എന്ന യുവാവാണ് രണ്ട് വർഷത്തെ യാത്ര കഴിഞ്ഞ് തിരികെ വന്നപ്പോൾ താൻ 'മരിച്ച'തായി തിരിച്ചറിയുന്നത്. അയാൾ ആകെ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? നിക്ക് ഔദ്യോഗികമായി മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. അമിതവേഗത്തിൽ വാഹനമോടിച്ചതിന് നിക്കിന് പിഴയൊടുക്കേണ്ടതുണ്ടായിരുന്നു. രണ്ട് വർഷമായി അധികൃതർ അതിന് ശ്രമിക്കുകയായിരുന്നു. എന്നാൽ, അവർക്ക് നിക്കിനെ ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നാലെയാണത്രെ ഇയാൾ മരിച്ചതായി രേഖപ്പെടുത്തിയത്.
ഇപ്പോൾ 34 -കാരനായ നിക്ക് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ കഷ്ടപ്പെടുകയാണ്. ഇത് വളരെ ബുദ്ധിമുട്ടാണ് എന്നും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ താൻ കഷ്ടപ്പെടുകയാണ് എന്നുമാണ് നിക്ക് പറയുന്നത്. താന്‍ മരിച്ചതായിട്ടുള്ള അറിയിപ്പ് കിട്ടിയെങ്കിലും അമ്മ അത് തുറന്നിരുന്നില്ല എന്നും നിക്ക് പറയുന്നു. യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് അങ്ങനെ ഒരു മെയില്‍ വന്നതായി കാണുന്നത് എന്നും നിക്ക് പറഞ്ഞു. നിക്കിന്റെ വക്കീലായ വില്യം കോർബാറ്റ്ലി പറയുന്നത്, ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ, അത് വളരെ വളരെ അപൂർവമാണ് എന്നാണ്. നിക്കിന്റെ ജീവിതത്തിൽ ഇനിയങ്ങോട്ട് എല്ലാ മേഖലകളിലും ഇത് ബാധിക്കും. എത്രയും പെട്ടെന്ന് നിക്ക് മരിച്ചിട്ടില്ല എന്ന് രേഖകളിൽ തിരുത്ത് വരേണ്ടതുണ്ട് എന്നും വക്കീൽ പറയുന്നു.
എന്നാൽ, മന്ത്രാലയം പറയുന്നത്, തെറ്റ് പറ്റിപ്പോയി. പക്ഷേ, ഉടനടി തന്നെ അത് ശരിയാക്കി നിക്ക് മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന് വിവിധ രേഖകളിൽ മാറ്റം വരുത്തും എന്നാണ്.