ആദിത്യാ കേറിവാടാ; മുതലകൾ നിറഞ്ഞ നദിതീരത്തെ ചെളിക്കുഴിയിൽ 5 ദിവസം, തിരച്ചിലവസാനിപ്പിച്ച് മടങ്ങാൻ നേരം കരച്ചിൽ
വെള്ളിയാഴ്ച വൈകുന്നേരത്തോടെ എല്ലാവരുടേയും പ്രതീക്ഷകൾ അസ്തമിച്ചു. അങ്ങനെ ആളുകൾ മടങ്ങിപ്പോവാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ആളുകൾ ആദിത്യയുടെ കരച്ചിൽ കേട്ടത്.
മുതലകൾ നിറഞ്ഞ നദിയിലെ ചെളിയിൽ പെട്ടുപോയ 19 -കാരൻ അഞ്ചുദിവസത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക്. ഭയാനകമായ സംഭവം നടന്നത് പശ്ചിമ മഹാരാഷ്ട്രയിൽ. ആദിത്യ ബന്ദ്ഗര്‍ എന്ന 19 -കാരനാണ് നദീതീരത്തെ ചെളിക്കുഴിയിൽ അഞ്ചുദിവസം കുടുങ്ങിപ്പോയത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ ആദിത്യ ഇപ്പോൾ ചികിത്സയിലാണ്.
തിങ്കളാഴ്ചയാണ് ആദിത്യ വീട്ടുകാരോട് വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. എന്നാൽ, പിന്നീട് ആദിത്യയെ കാണാതായി. ഇതോടെ ആശങ്കയിലായ വീട്ടുകാർ അവന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. എന്നാൽ, കണ്ടെത്താനായില്ല. പക്ഷേ, തിരച്ചിലിനിടയിൽ അതേ ദിവസം വൈകീട്ടോടെ പഞ്ചഗംഗ നദിയുടെ തീരത്ത് നിന്നും ആദിത്യയുടെ ചെരിപ്പ് കണ്ടെത്തി. പിന്നാലെ, അവനുവേണ്ടി നദിയിലും തിരഞ്ഞെങ്കിലും അവനെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് അവന്റെ വീട്ടുകാർ തങ്ങളുടെ മകനെ കാണാനില്ല എന്നു കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അതേസമയം തന്നെ നാട്ടുകാരും ആദിത്യയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ബോട്ടിൽ നദിയിലെല്ലാം അവർ അവന് വേണ്ടി തിരഞ്ഞു. ഒരുപാട് മുതലകളെ നദിയിൽ കണ്ടെത്തിയതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും ആധി വർധിക്കുകയും ചെയ്തു. അതിനിടെ ഡ്രോണുപയോഗിച്ചും തിരച്ചിൽ നടന്നു. എന്നാൽ, എന്തൊക്കെയായിട്ടും ആദിത്യയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ എല്ലാവരുടേയും പ്രതീക്ഷകൾ അസ്തമിച്ചു. അങ്ങനെ ആളുകൾ മടങ്ങിപ്പോവാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ആളുകൾ ആദിത്യയുടെ കരച്ചിൽ കേട്ടത്. പിന്നാലെ കുളവാഴകൾക്കിടയിൽ ചെളിയിൽ കുടുങ്ങിയ നിലയിൽ അവനെ കണ്ടെത്തി. ചെളി ആയതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഒടുവിൽ ഒരു കയറിട്ട് കൊടുത്താണ് അവനെ നാട്ടുകാർ രക്ഷിച്ചത്. കാലിന് പൊട്ടലുള്ള ആദിത്യയെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം