മോട്ടോർസൈക്കിൾ സമ്മാനമെന്ന് ഉറപ്പുനൽകി, വൃദ്ധകർഷകനെ പറ്റിച്ചു, നഷ്ടപ്പെട്ടത് കൃഷി ചെയ്യാൻ വച്ച പണം
തൻ്റെ കൃഷിക്ക് വേണ്ടി താൻ വച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത് എന്നാണ് ഭയ്യാറാം പറയുന്നത്. അതിൽ വലിയ വേദനയിലാണ് അദ്ദേഹം.
പലതരത്തിലുള്ള തട്ടിപ്പുകളും ഇന്ന് നടക്കുന്നുണ്ട്. ആളുകളുടെ കയ്യിൽ നിന്നും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ കാശും പറ്റിച്ച് മുങ്ങി നടക്കുന്ന എത്രയോ പേരുണ്ടിന്ന്. അതുപോലെ ഒരു സംഭവമാണ് മധ്യപ്രദേശിലും നടന്നിരിക്കുന്നത്.
മധ്യപ്രദേശിലെ ഛത്തർപൂരിൽ ഭയ്യാറാം പാൽ എന്ന എഴുപതുകാരനായ കർഷകനാണ് ഈ തട്ടിപ്പിന് ഇരയായി മാറിയത്. അദ്ദേഹം തന്റെ വീടിനടുത്ത് എരുമയെ മേയ്ക്കുകയായിരുന്നു. അപ്പോഴാണ് അവിടെ ഒരു മരത്തിന്റെ ചുവട്ടിലിരിക്കുകയായിരുന്ന കുറച്ചുപേർ അയാളെ അടുത്ത് വിളിച്ചത്. ഭയ്യാറാം അടുത്തെത്തിയപ്പോൾ, അവർ വളരെ സ്നേഹത്തോടെയും ദയവോടെയുമാണ് സംസാരിച്ചത്. സൗജന്യമായി ഗുട്ട്ഖ നൽകുകയും ചെയ്തു. പിന്നീട്, എങ്ങനെയാണ് തങ്ങൾക്ക് വലിയ വലിയ സമ്മാനങ്ങൾ ലഭിച്ചത് എന്നും അങ്ങനെ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നും പറഞ്ഞു.
സമീപത്തിരിക്കുന്ന പെട്ടികൾ കാണിച്ചുകൊണ്ട് അതിൽ ഒന്നിൽ മോട്ടോർസൈക്കിൾ ആണെന്നും മറ്റൊന്നിൽ റെഫ്രിജറേറ്ററാണെന്നും മറ്റും ആ പാവപ്പെട്ട കർഷകനെ വിശ്വസിപ്പിക്കുകയും ചെയ്തു. അത് തുറക്കുന്നതിന് വേണ്ടി കാശ് എടുത്തുകൊണ്ടുവരാനും പറഞ്ഞു. അങ്ങനെ 9,000 രൂപയാണ് കർഷകൻ വീട്ടിൽ പോയി എടുത്തുകൊണ്ടുവന്നത്. അത് തട്ടിപ്പുകാർക്ക് നൽകുകയും ചെയ്തു.
പിന്നാലെ, പെട്ടി തുറന്നപ്പോൾ അതിൽ കണ്ടത് രണ്ടുമൂന്ന് തുണികളാണ്. ആ സമയം കൊണ്ട് തട്ടിപ്പുകാർ സ്ഥലം വിടുകയും ചെയ്തിരുന്നു. അവർ ഭയ്യാറാമിനോട് പേര് പോലും ചോദിച്ചിരുന്നില്ല. അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതായി അയാൾക്ക് മനസിലാവുന്നത്. തൻ്റെ കൃഷിക്ക് വേണ്ടി താൻ വച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത് എന്നാണ് ഭയ്യാറാം പറയുന്നത്. അതിൽ വലിയ വേദനയിലാണ് അദ്ദേഹം.
മോട്ടോർസൈക്കിൾ കിട്ടുമെന്ന വിശ്വാസം കൊണ്ടാണ് വലിയ തുക നഷ്ടപ്പെട്ടത്. താൻ രണ്ടു ദിവസമായി ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. താനോ പറ്റിക്കപ്പെട്ടു. ഇനി മറ്റൊരാളും അങ്ങനെ പറ്റിക്കപ്പെടരുത് എന്ന് കരുതി മറ്റുള്ളവർക്ക് ഇത്തരം ചതികളിൽ പെടരുത് എന്ന് മുന്നറിയിപ്പ് നൽകുകയാണ് ഭയ്യാറാം.