ഇടത്തരം കുടുംബം, വീട് വാങ്ങാൻ ഒരുപാട് കാത്തിരുന്നു, പഠനത്തിനിടെ ജോലി ചെയ്തു; അമ്മയ്ക്കൊപ്പം കമലാ ഹാരിസ്
'കോളേജിൽ, പണം സമ്പാദിക്കാൻ വേണ്ടി ഞാൻ മക്ഡൊണാൾഡിൽ ജോലി ചെയ്തു. എൻ്റെ കൂടെ ജോലി ചെയ്തിരുന്ന ചിലർ ആ ശമ്പളം കൊണ്ട് കുടുംബം പോറ്റുന്നവരായിരുന്നു. വാടക നൽകാനും ഭക്ഷണം വാങ്ങാനും അവർ വേറെയും ജോലികൾ ചെയ്തു.'
കൗമാരത്തിൽ പണമുണ്ടാക്കാൻ വേണ്ടി തനിക്ക് ഫാസ്റ്റ് ഫുഡ് ശൃംഖലകളിൽ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് യുഎസ്സ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. ഒപ്പം അമ്മയ്ക്കൊപ്പമുള്ള തന്റെ ബാല്യകാല ഫോട്ടോയും അവർ പങ്കുവച്ചിട്ടുണ്ട്. ഇടത്തരം കുടുംബങ്ങളുടെ ജീവിതത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചുമാണ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ കമലാ ഹാരിസ് കുറിച്ചിരിക്കുന്നത്.
ഹൃദയസ്പർശിയായ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ 59 -കാരിയായ കമലാ ഹാരിസ് തന്റെ കുട്ടിക്കാലം താൻ ചെലവഴിച്ചത് ഒരു ഇടത്തരം കുടുംബത്തിലായിരുന്നു എന്ന് പറയുന്നു. വീട് വാങ്ങാൻ വേണ്ടി ഒരു ദശാബ്ദക്കാലം അമ്മ പണം സൂക്ഷിച്ചു വയ്ക്കുകയായിരുന്നു എന്നും അവർ പറയുന്നു. ഒടുവിൽ ആ ദിവസം വന്നപ്പോൾ താനൊരു കൗമാരക്കാരിയായിരുന്നു. അമ്മ അന്നെത്ര ആവേശഭരിതയായിരുന്നു എന്ന് താനോർമ്മിക്കുന്നതായും കമലാ ഹാരിസ് കുറിച്ചു.
'കോളേജിൽ, പണം സമ്പാദിക്കാൻ വേണ്ടി ഞാൻ മക്ഡൊണാൾഡിൽ ജോലി ചെയ്തു. എൻ്റെ കൂടെ ജോലി ചെയ്തിരുന്ന ചിലർ ആ ശമ്പളം കൊണ്ട് കുടുംബം പോറ്റുന്നവരായിരുന്നു. വാടക നൽകാനും ഭക്ഷണം വാങ്ങാനും അവർ വേറെയും ജോലികൾ ചെയ്തു' എന്നും അവർ തന്റെ പോസ്റ്റിൽ പറയുന്നു.
ജീവിതച്ചെലവ് കൂടുമ്പോഴാണ് അത് ബുദ്ധിമുട്ടാകുന്നത്. ഞാൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, ചെലവ് കുറയ്ക്കുന്നതിനും മുഴുവൻ അമേരിക്കക്കാർക്കും സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഞാൻ മുൻഗണന നൽകും എന്നും കമലാ ഹാരിസ് എഴുതി.
അതേസമയം, വിവിധ സർവേകൾ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് വിജയം പ്രവചിച്ചിട്ടുണ്ട്.