മനുഷ്യച്ചങ്ങലയിലെ ലക്ഷങ്ങളുടെ തലയെണ്ണുന്നതിലെ ശാസ്ത്രം എന്താണ്?
ഭരണപക്ഷത്തുള്ളവര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ സംഘാടകരും പൊലീസും നടത്തുന്ന അവകാശവാദം തമ്മില്‍ വലിയ മാറ്റമുണ്ടാകുന്നതിന്‍റെ കാരണം എന്താണ്? എങ്ങനെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി എടുക്കാന്‍ സാധിക്കുക
ഒരു പ്രതിഷേധ പരിപാടി നടന്നു കഴിയുമ്പോൾ പൊലീസും പരിപാടിയുടെ സംഘാടകരും പറയുന്ന എണ്ണം തമ്മിൽ എപ്പോഴും ലക്ഷങ്ങളുടെ വ്യത്യാസം കാണും. ഒരു ഗ്രൗണ്ടിൽ, ബീച്ചിൽ, സ്റ്റേജ് കെട്ടി നടക്കുന്ന പരിപാടിയാണെങ്കിൽ ആകാശത്തുനിന്ന് ഫോട്ടോ എടുത്ത ശേഷം, അതിനെ ചെറിയ സോണുകളാക്കി തിരിച്ച് നിർമിത ബുദ്ധിയുടെയും ഡിജിറ്റൽ ഇമേജിങ് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തികച്ചും ശാസ്ത്രീയമായിത്തന്നെ എണ്ണമെടുക്കാൻ സാധിക്കും. എന്നാൽ, നടക്കുന്നത് 623 കിലോമീറ്റർ നീളത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന ഒരു സംസ്ഥാനത്തിന്റെ തെക്കുമുതൽ വടക്കേയറ്റം വരെ ആളുകൾ കൈകോർത്തുപിടിച്ചു നിന്ന് ഉണ്ടാക്കുന്ന ഒരു മനുഷ്യച്ചങ്ങലയിൽ പങ്കുചേരാനെത്തിയവരുടെ എണ്ണമാണെങ്കിലോ ? എങ്ങനെ കൃത്യമായിഎണ്ണും ആ തലകൾ?
ആൾക്കൂട്ടത്തിന്റെ ഏറിയ സാന്ദ്രതയും അതിന്റെ ചലനാത്മക സ്വഭാവവും അതിനെ ശാസ്ത്രീയമായി എണ്ണുന്നതിന് പലപ്പോഴും വിഘാതമാകാറുണ്ട്. വർഷങ്ങളായി ഈ പണി ചെയ്തിരുന്നത് മനുഷ്യർ നേരിട്ടായിരുന്നു. ഉപയോഗിച്ചിരുന്ന സങ്കേതങ്ങളും ഏറെ അശാസ്ത്രീയമായിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും കേസുകളിൽ ഫലവും ഒട്ടും വിശ്വസനീയമായിരുന്നില്ല. ഹോങ്കോങ് സർവകലാശാലയിലെ സാമൂഹ്യശാസ്ത്രം പ്രൊഫസറായ പോൾ യിപ് വർഷങ്ങളായി ജൂലൈ ഒന്നാം തീയതി ചൈന ഹോങ്കോങിന് സവിശേഷ പദവി നൽകിയതിന്റെ വാർഷികദിനത്തിൽ വരുന്നവരുടെ എണ്ണമെടുക്കാൻ ശ്രമിച്ചു പോന്നിരുന്നു. 2003 -ലാണ് അദ്ദേഹം ആദ്യമായി ടെക്സസ് സർവകലാശാലയിലെ എഡ്വിൻ ചൗ, C&R Wise AI യുടെ എംഡി റെയ്മണ്ട് വോങ് എന്നിവരുടെ സഹായത്തോടെ ഈ കാര്യത്തിന് വേണ്ടി നിർമിത ബുദ്ധിയുടെ സഹായം തേടാൻ തീരുമാനിച്ചത്.
അങ്ങനെ 2019 ജൂലൈയിൽ ഒന്നിന് അവർ ഒരു പുതിയ മോഡൽ പരീക്ഷിച്ചു. ഹോങ്കോങ്ങ് സർവ്വകലാശാലയുടെയും ടെക്സസ് സർവ്വകലാശാലയുടെയും സഹകരണത്തോടെയായിരുന്നു ഈ പരീക്ഷണം. പ്രതിഷേധത്തിൽ അഞ്ചരലക്ഷം പേർ പങ്കെടുത്തതായി പരിപാടിയുടെ സംഘാടകർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ശരിക്കും വന്നത് രണ്ടു ലക്ഷത്തിൽ താഴെ പേർ മാത്രമാണ് എന്ന് പോലീസ് പറഞ്ഞു. നിർമിത ബുദ്ധിയുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ തെളിഞ്ഞത് പരിപാടിയിൽ പങ്കെടുത്തവരുടെ എണ്ണം കൃത്യമായി 265,000 ആണ് എന്നായിരുന്നു. അത് തെളിയിച്ചത് സംഘാടകരുടെ അവകാശവാദങ്ങൾക്ക് പലപ്പോഴും കാര്യമായ ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ടാകാറില്ല എന്നായിരുന്നു.
അങ്ങനെ കൃത്യമായി എണ്ണിയിട്ടിപ്പോൾ എന്താണ് കാര്യം ?
കാര്യം ലളിതമാണ്. ഒരു പാർട്ടി നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നത് അവരുടെ രാഷ്ട്രീയ ശക്തിയുടെ സൂചകമാണ്. എത്ര ചെറിയ പരിപാടി ആയാലും അതിൽ നിറഞ്ഞു കവിഞ്ഞ അരങ്ങുണ്ടാകേണ്ടത് സംഘാടകരുടെ ആവശ്യമാണ്. അത് ആ രാഷ്ട്രീയ മുന്നേറ്റത്തിന്റെ വിജയത്തിന്റെ അളവുകോലാണ്. അത്ര അധികം പേർ വന്നോ അത്രയും നല്ലതാണ്. എന്നാൽ ഗവണ്മെന്റ് ആഗ്രഹിക്കുക നേരെ തിരിച്ചാണ്. തങ്ങൾക്കെതിരായ ഒരു പ്രതിഷേധ പരിപാടിയിൽ എത്ര കുറച്ച് ആൾ വന്നുവോ അത്രയും അവർക്ക് നല്ലതാണത്. അതുകൊണ്ടാണ് സംഘാടകർ സ്വതവേ ഉള്ളതിലും ലക്ഷങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതും, സർക്കാരിന്റെ പ്രതിനിധികളായ പൊലീസ് പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിലും ലക്ഷങ്ങൾ കുറച്ച് റിപ്പോർട്ട് ചെയ്യുന്നതും.
ചരിത്രം കണ്ട വലിയ മനുഷ്യച്ചങ്ങലകൾ
2020 ജനുവരി 19 -ന് ബിഹാറിൽ നടന്ന മനുഷ്യച്ചങ്ങലയാണ് എണ്ണത്തിന്റെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും അവകാശവാദത്തിന്റെ കാര്യത്തിൽ ഏറ്റവും വലുത്. ബിഹാർ സർക്കാരിന്റെ ജൽ-ജീവൻ-ഹരിയാലി മിഷൻ പിന്തുണച്ചു കൊണ്ട്, 16,443 കിലോമീറ്റർ നീളത്തിൽ അണിനിരന്ന ഈ മനുഷ്യച്ചങ്ങലയിൽ 4.29 കോടി പേർ പങ്കുചേർന്നു എന്നും ലോകത്തിലെ ഏറ്റവും വലിയ ഈ മനുഷ്യച്ചങ്ങല ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും അന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.