കറുത്ത വസ്ത്രങ്ങൾ, 13 -ന് വെള്ളിയാഴ്ച സെമിത്തേരിയിൽ ചടങ്ങ്, വ്യത്യസ്തമായി വിവാഹം കഴിച്ച് ദമ്പതികള്‍
ഹന്ന വിവാഹദിനത്തിൽ ധരിച്ചിരുന്നത് ഒരു കറുത്ത ഗൗണായിരുന്നു. മാത്യു ധരിച്ചതാവട്ടെ ഒരു കറുത്ത സ്യൂട്ടും. സാധാരണ വിവാഹവസ്ത്രങ്ങളായി കറുത്ത വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ വിരളമാണല്ലോ?
13 -ാം തീയതി വെള്ളിയാഴ്ച, ഒട്ടും ശുഭകരമല്ലെന്നാണ് പാശ്ചാത്യരാജ്യത്തുള്ളവർ വിശ്വസിക്കുന്നത്. അതിനാൽ തന്നെ ഒരു ശുഭകാര്യങ്ങളും ആ ദിവസം അവർ ചെയ്യാൻ തയ്യാറാവില്ല. എന്നാൽ, ഈ അന്ധവിശ്വാസത്തെ എതിർക്കുന്നതിന് വേണ്ടി ഈ ബ്രിട്ടീഷ് ദമ്പതികൾ വിവാഹം കഴിക്കാൻ തെരഞ്ഞെടുത്തത് അതേ തീയതിയാണ്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹം.
ഹന്ന, മാത്യു പർഫിറ്റ് എന്നിവരാണ് വെള്ളിയാഴ്ച 13 -ാം തീയതി വിവാഹിതരായത്. ബിബിസിയിലെ റിപ്പോർട്ട് അനുസരിച്ച് റോണ്ട സൈനോൺ ടാഫിലെ പോണ്ടിപ്രിഡ് സ്വദേശികളാണ് ഇവർ. സെമിത്തേരിയിലെ ഒരു മുറിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. നേരത്തെ ഹാലോവീൻ ദിനത്തിൽ വിവാഹിതരാവാനാണ് ഇരുവരും തീരുമാനിച്ചത്. എന്നാൽ, അന്ന് കനത്ത മഴയായതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. പിന്നീട്, 13 -ാം തീയതി വിവാഹിതരാവാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഹന്ന വിവാഹദിനത്തിൽ ധരിച്ചിരുന്നത് ഒരു കറുത്ത ഗൗണായിരുന്നു. മാത്യു ധരിച്ചതാവട്ടെ ഒരു കറുത്ത സ്യൂട്ടും. സാധാരണ വിവാഹവസ്ത്രങ്ങളായി കറുത്ത വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ വിരളമാണല്ലോ? മെഴുകുതിരികൾ കത്തിച്ചുവച്ചുകൊണ്ടായിരുന്നു വിവാഹം. ഒപ്പം പ്രത്യേകം കർട്ടനുകളും മറ്റും ഇട്ടുകൊണ്ട് മൊത്തത്തിൽ ഒരു ഭയാനകമായ അന്തരീക്ഷവും വിവാഹത്തിന് സൃഷ്ടിച്ചിരുന്നു.
ബ്രിസ്റ്റോളിലെ അർനോസ് വേൽ വിക്ടോറിയൻ സെമിത്തേരി വിവാഹങ്ങൾ നടത്താൻ ലൈസൻസുള്ള സ്ഥലമാണ്. അവിടെ വച്ചായിരുന്നു വിവാഹം. യഥാർത്ഥ ശവകുടീരങ്ങൾക്കരികിലായിരുന്നില്ല ഞങ്ങളുടെ വിവാഹം. അത് മരിച്ചുപോയവരെ ബഹുമാനിക്കാത്തതിന് തുല്യമാവുന്നത് കൊണ്ടാണ് അത്തരം ശവകുടീരങ്ങൾക്കരികിൽ വിവാഹിതരാവാതിരുന്നത് എന്നും ഹന്ന പറയുന്നു. ഒപ്പം കുറച്ച് മാസങ്ങൾക്ക് മുമ്പ് തങ്ങൾ വിവാഹിതരായിട്ട് മൂന്നുമാസമായി എന്നും വിവാഹം കഴിച്ചത് 13 വെള്ളിയാഴ്ചയായിട്ടും തങ്ങൾക്കൊന്നും സംഭവിച്ചില്ല എന്നും പറഞ്ഞ് ഇവർ ഫേസ്ബുക്കിൽ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.