3 -ൽ പഠിക്കുന്ന മകന് മാസം 30,000 രൂപ ഫീസ്, വർഷം തോറും കൂടും, ഇങ്ങനെ പോയാലെന്ത് ചെയ്യും; വൈറലായി പോസ്റ്റ്
വർഷത്തിൽ അവർ ഫീസ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. അതിനെ കുറിച്ച് വിശദീകരിക്കാൻ പോലും അവർ തയ്യാറല്ല. രക്ഷിതാക്കൾ ഇതേ കുറിച്ച് പ്രതിഷേധിച്ചാൽ അപ്പോൾ തന്നെ പറയുന്നത് നിങ്ങൾ നിങ്ങളുടെ കുട്ടിയെ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റി ചേർത്തോളൂ എന്നാണ് എന്നും ഉദിത് ഭണ്ഡാരി പറയുന്നു.
എല്ലാത്തിനും ഇന്ന് വൻചിലവാണ്. കുട്ടികളുടെ പഠനത്തിനാണെങ്കിൽ പറയുകയേ വേണ്ട. സ്വകാര്യ സ്കൂളുകളൊന്നും സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. അതുപോലെ ഒരു അച്ഛന്റെ ആധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഗുരുഗ്രാമിൽ നിന്നുള്ള ഒരു റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റാണ് കുട്ടിയുടെ സ്കൂൾ ഫീസ് കൂടിക്കൂടിവരുന്നതിന്റെ ആശങ്ക എക്സിൽ പങ്കുവച്ചിരിക്കുന്നത്.
ഓരോ വർഷവും 10 ശതമാനം വച്ച് ഫീസ് കൂടിവരികയാണ് എന്നാണ് ഇയാൾ പറയുന്നത്. ഉദിത് ഭണ്ഡാരി പറയുന്നത്, തന്റെ മകൻ മൂന്നാം ഗ്രേഡിലാണ് പഠിക്കുന്നത്. ഗുരുഗ്രാമിലെ ഒരു പേരുകേട്ട സിബിഎസ്ഇ സ്കൂളിലാണ് കുട്ടിയുടെ പഠനം. ഓരോ വർഷവും 30,000 രൂപയാണ് ഫീസ്. ഓരോ വർഷവും 10% വച്ച് സ്കൂൾ ഫീസ് കൂടും. അങ്ങനെ നോക്കുമ്പോൾ മകൻ 12 -ാം ക്ലാസിൽ ആകുമ്പോഴേക്കും ഏകദേശം 9,00,000 രൂപ മകന്റെ ഫീസ് ഇനത്തിൽ തന്നെ നൽകേണ്ടി വരും എന്നാണ്.
വർഷത്തിൽ അവർ ഫീസ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. അതിനെ കുറിച്ച് വിശദീകരിക്കാൻ പോലും അവർ തയ്യാറല്ല. രക്ഷിതാക്കൾ ഇതേ കുറിച്ച് പ്രതിഷേധിച്ചാൽ അപ്പോൾ തന്നെ പറയുന്നത് നിങ്ങൾ നിങ്ങളുടെ കുട്ടിയെ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റി ചേർത്തോളൂ എന്നാണ് എന്നും ഉദിത് ഭണ്ഡാരി പറയുന്നു.
നിരവധി രക്ഷിതാക്കളാണ് ഉദിത്തിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. ഇയാൾ പറയുന്നത് ശരിയാണ് എന്ന് തന്നെയാണ് അവരുടേയും അഭിപ്രായം. 'സ്വകാര്യ സ്കൂളുകൾ ഇന്ന് വലിയ ബിസിനസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. അതിൽ നിന്നും സ്കൂളുകൾ വൻ ലാഭം തന്നെ കൊയ്യുന്നു. മിക്ക രക്ഷിതാക്കൾക്കും ഇന്ന് ഒറ്റക്കുട്ടികളാണ് ഉള്ളത്. അവർക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാൻ അവർ ആഗ്രഹിക്കുന്നു. സർക്കാർ സ്കൂളുകളുടെ അവസ്ഥ പരിതാപകരമാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
'സ്വകാര്യ സ്കൂളുകളുടെ ഫീസ് വർധനയിലോ, അവരുടെ പ്രവർത്തനത്തിലോ ഒന്നും സർക്കാർ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല. അതിനാലാണ് ഈ കൊള്ള നടക്കുന്നത്' എന്നും മറ്റ് പലരും കമന്റ് ചെയ്തു.
(ചിത്രം പ്രതീകാത്മകം)