സിസിലിയിൽ ആഡംബര യാച്ച് തകർന്ന് മരിച്ച 4 പേരുടേത് മുങ്ങിമരണമല്ല, കാരണമിത്...
ഇവരുടെ ആരുടേയും ശ്വാസകോശത്തിൽ വെള്ളം ചെന്നിട്ടില്ല. അതിനാൽ ഇത് മുങ്ങി മരണമെന്ന് വിലയിരുത്താനാവില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്
റോം: കഴിഞ്ഞ മാസം ഇറ്റലിയിലെ സിസിലിയിലുണ്ടായ ആഡംബര യാച്ച് തകർന്നുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടത് ക്യാബിനുള്ളിലെ എയർ പോക്കറ്റിൽ കുടുങ്ങി ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുറത്ത് നിന്നും ഒരു രീതിയിലുമുള്ള പരിക്കുകൾ ഇവരുടെ ശരീരത്തിലുണ്ടായിരുന്നില്ല. കടൽത്തറയിലുള്ള തകർന്ന ആഡംബര യാച്ചിനുള്ളിൽ നടത്തിയ പരിശോധനയിലാണ് നാല് പേർ കാർബൺ മോണോസൈഡ് ശ്വസിച്ചുവെന്ന് വ്യക്തമാകുന്നത്. ബാങ്കിംഗ് വിദഗ്ധൻ ജൊനാഥൻ ബ്ലൂമർ, ഭാര്യ ജൂഡി ബ്ലൂമർസ അഭിഭാഷകൻ ക്രിസ് മോർവില്ലോ, ഭാര്യ നേഡ മോർവില്ലോ എന്നിവരാണ് ശ്വാസം മുട്ടി മരിച്ചതായി വ്യക്തമാവുന്നത്.
ഇവരുടെ ആരുടേയും ശ്വാസകോശത്തിൽ വെള്ളം ചെന്നിട്ടില്ല. അതിനാൽ ഇത് മുങ്ങി മരണമെന്ന് വിലയിരുത്താൻ സാധിക്കില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ബ്രിട്ടീഷ് ടെക് വ്യവസായി വഞ്ചാനാ കുറ്റങ്ങളിൽ നിന്ന് മോചിതനായതിന്റെ ആഘോഷത്തിനിടയിലാണ് ആഡംബര യാച്ച് തകർന്നത്. മൈക്ക് ലിഞ്ച്, പതിനെട്ടുകാരിയായ മകൾ ഹന്നാ ലിഞ്ച്, ആഡംബര യാച്ചിലെ പാചക വിദഗ്ധൻ റിക്കാൾഡോ തോമസ് എന്നിവരടക്കം 7 പേരാണ് അപകടത്തിൽ മരിച്ചിരുന്നു. സിസിലിയുടെ തീരത്തിന് സമീപം ആഡംബര ബോട്ട് പ്രതികൂല കാലാവസ്ഥയിൽ തകരുകയായിരുന്നു.
'ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ്' എന്നറിയപ്പെടുന്ന ടെക് വ്യവസായ പ്രമുഖനാണ് മൈക്ക് ലിഞ്ച്. ബയേഷ്യന്‍ എന്ന പേരുള്ള ഉല്ലാസബോട്ടില്‍ 22 യാത്രക്കാരാണുണ്ടായിരുന്നത്. ലിഞ്ചിന്‍റെ ഭാര്യ ആഞ്ചെലാ ബക്കേര്‍സിനെ രക്ഷപ്പെടുത്തിയിരുന്നു. കടലില്‍ അമ്പത് മീറ്റര്‍ ആഴത്തിലാണ് ബോട്ടിന്‍റെ അവശിഷ്ടങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് ടെക് വ്യവസായ പ്രമുഖനായ മൈക്ക് ലിഞ്ച് ഓട്ടോണമി എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സഹസ്ഥാപകനാണ്.
1996ലാണ് ഓട്ടോണമി സ്ഥാപിച്ചത്. ഇന്‍വോക് ക്യാപിറ്റല്‍, ഡാര്‍ക്‌ട്രേസ് എന്നീ കമ്പനികളുടെ സ്ഥാപനത്തിലും ഭാഗമായി. 59 വയസാണ് ഇപ്പോഴത്തെ പ്രായം. മാതാപിതാക്കള്‍ ഐറിഷ് പൗരന്‍മാരാണ്. 2011ല്‍ എച്ച്‌പിക്ക് 11 ബില്യണ്‍ ഡോളറിന് ഓട്ടോണമിയെ വിറ്റതോടെയാണ് ശതകോടീശ്വരനായത്. ഈ കരാറുമായി ബന്ധപ്പെട്ട് നിരവധി വഞ്ചനാ കുറ്റങ്ങള്‍ അമേരിക്കയില്‍ ലിഞ്ചിനെതിരെ രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും 2024 ജൂണില്‍ കുറ്റമോചിതനായി. 965 മില്യണ്‍ ഡോളറിന്‍റെ (8000 കോടി രൂപ) ആസ്തി മൈക്ക് ലിഞ്ചിനുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം