Asianet News MalayalamAsianet News Malayalam

രണ്ട് ദിവസം കടലിൽ പെട്ടു, അഭയം തേടിയത് അപകടസൂചന നൽകാൻ വച്ച പൊങ്ങിൽ അള്ളിപ്പിടിച്ച്

നല്ല കാറ്റുണ്ടായിരുന്നു. കാലാവസ്ഥയും നല്ലതായിരുന്നില്ല. അതിനാൽ‌ തന്നെ സോറസ് തീരുമാനിച്ചത് ഒഴുക്കിനൊപ്പം നീന്താനായിരുന്നു. അങ്ങനെ അയാൾ ഒഴുക്കിനൊപ്പം നീങ്ങി.

fisherman fallen from boat survived two days in signal buoy
Author
First Published Dec 30, 2022, 10:05 AM IST | Last Updated Dec 30, 2022, 10:05 AM IST

അവിശ്വസനീയമായ അതിജീവനത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ട്. ഇതും അതുപോലെ ഒന്നാണ്. ബോട്ടിൽ നിന്നും കടലിലേക്ക് വീണു പോയ ഒരു മത്സ്യത്തൊഴിലാളി രണ്ട് ദിവസമാണ് അവിശ്വസനീയമായ സാഹചര്യത്തിൽ പിടിച്ച് നിന്നത്. അടയാളം കാണിക്കുന്ന ഒരു പൊങ്ങിന്റെ (signal buoy) മുകളിലാണ് രണ്ട് ദിവസവും ഇയാൾ കഴിഞ്ഞത്. ഡേവിഡ് സോറസ് എന്ന മുപ്പത്തിനാലുകാരനാണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് ബോട്ടിൽ‌ നിന്നും വീണത്. രണ്ട് ദിവസത്തിന് ശേഷമാണ് മറ്റ് മത്സ്യത്തൊഴിലാളികൾ ഇയാളെ കണ്ടെത്തിയത്. 

പ്രാദേശിക മാധ്യമങ്ങളോട് സോറസ് പറഞ്ഞത് ഈ പൊങ്ങ് കണ്ടെത്തുന്നതിന് മുമ്പ് നാല് മണിക്കൂർ അയാൾ നീന്തി എന്നാണ്. പിന്നീടാണ് അത് കണ്ടെത്തിയതും അതിൽ അഭയം പ്രാപിച്ചതും. ഡിസംബർ 25 -ന് റിയോ ഡി ജനീറോയുടെ വടക്ക് ഭാഗത്തുള്ള അറ്റഫോണ ബീച്ചിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സോറസ്. തനിച്ചായിരുന്നു യാത്ര. അതിനിടയിലാണ് ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് തെന്നി വീഴുന്നത്. 

ആദ്യത്തെ പത്ത് മിനിറ്റ് തന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. കാരണം ആ സമയത്ത് താൻ എങ്ങനെ എങ്കിലും ബോട്ടിനടുത്തേക്ക് പോകാൻ ശ്രമിച്ചു എന്ന് സോറസ് പറയുന്നു. എന്നാൽ, അയാൾക്ക് തിരികെ ബോട്ടിൽ കയറാൻ സാധിച്ചില്ല. ഇനി അതിന് സാധിക്കില്ല എന്ന് മനസിലായപ്പോൾ ഭാരം ഒഴിവാക്കാൻ അയാൾ ഷർട്ടും പാന്റും അഴിച്ച് മാറ്റി. 

നല്ല കാറ്റുണ്ടായിരുന്നു. കാലാവസ്ഥയും നല്ലതായിരുന്നില്ല. അതിനാൽ‌ തന്നെ സോറസ് തീരുമാനിച്ചത് ഒഴുക്കിനൊപ്പം നീന്താനായിരുന്നു. അങ്ങനെ അയാൾ ഒഴുക്കിനൊപ്പം നീങ്ങി. നാല് മണിക്കൂർ നേരം നീന്തിയപ്പോഴാണ് അടയാളത്തിന് വേണ്ടിയുള്ള പൊങ്ങ് കണ്ടെത്തിയത്. അയാൾ അതിൽ അഭയം പ്രാപിക്കുകയായിരുന്നു. 

രണ്ട് ദിവസം അയാൾ അവിടെ തുടർന്നു. അതിന് ശേഷമാണ് മറ്റ് മത്സ്യത്തൊഴിലാളികൾ സോറസിനെ കണ്ടെത്തുന്നത്. ഡീഹൈഡ്രേഷന് പിന്നീട് അയാൾ ചികിത്സ തേടി. അദ്ദേഹത്തെ കണ്ടെത്തുമ്പോൾ സന്തോഷവും സങ്കടവും കൊണ്ട് മറ്റ് മത്സ്യത്തൊഴിലാളികൾ കരയുകയായിരുന്നു. എന്നാൽ, സോറസ് ഈ അനുഭവങ്ങളെയെല്ലാം പുഞ്ചിരിയോടെയാണ് നേരിട്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios