ഇങ്ങനെയുണ്ടോ ഒരു ആഡംബരം; ഒരുരാത്രി താമസത്തിന് 5.5 ലക്ഷം രൂപ നൽകി, വൈറലായി ഇന്ത്യൻ ദമ്പതികളുടെ പോസ്റ്റ്
ആരും മോഹിക്കുന്ന ഒരു സ്വപ്നയാത്ര എന്നാണ് നെറ്റിസൺസിൽ ഭൂരിഭാഗവും പോസ്റ്റിനോട് പ്രതികരിച്ചത്.
കെനിയയിലെ മസായ് മാരയിലെ ഒരു ആഡംബര റിസോർട്ടിൽ താമസിച്ചതിൻ്റെ അസാധാരണമായ അനുഭവം പങ്കുവെച്ച ഇന്ത്യൻ ദമ്പതികളുടെ സോഷ്യൽ മീഡിയാ പോസ്റ്റ് വൈറലാകുന്നു. ഒരു ക്രെഡിറ്റ് കാർഡ് പ്രേമിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനിർബൻ ചൗധരിയാണ് എക്സിൽ തൻ്റെ ആഡംബരയാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ചത്. താനും ഭാര്യയും ചേർന്ന് മാരിയറ്റിൻ്റെ ഏറ്റവും ആഡംബര സൗകര്യമായ മാരിയറ്റ് മസായ് മാരയിൽ ഒരു രാത്രി താമസിച്ചു എന്നും നികുതി ഉൾപ്പെടെ 5.5 ലക്ഷം രൂപ ചെലവായെന്നുമാണ് ചൗധരി പോസ്റ്റിൽ പറയുന്നത്. മാരിയറ്റ് ബോൺവോയ് പോയിൻ്റുകൾ ഉപയോഗിച്ചാണ് താൻ താമസം ബുക്ക് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തൻ്റെ പോസ്റ്റിൽ, ചൗധരി ആഡംബര യാത്ര മുഴുവനും വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. താമസം, ഭക്ഷണം, പാനീയങ്ങൾ, ബുഷ് മീൽസ്, സൺഡൗണറുകൾ, ഡെയ്‌ലി ഗെയിം ഡ്രൈവുകൾ തുടങ്ങിയ പ്രീമിയം സേവനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ കുതിര സവാരി, ഹോട്ട് എയർ ബലൂൺ സവാരി, മസായി ഗ്രാമ പര്യടനം എന്നിവയുൾപ്പെടെയുള്ള മറ്റ് പണമടച്ചുള്ള വിനോദയാത്രകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. അവിസ്മരണീയമായ അനുഭവം എന്നാണ് തൻറെ ആഡംബര യാത്രയെ അദ്ദേഹം വിശേഷിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ പോസ്റ്റിനോട് 1.5 ദശലക്ഷത്തിലധികം ആളുകളാണ് പ്രതികരിച്ചത്. ആരും മോഹിക്കുന്ന ഒരു സ്വപ്നയാത്ര എന്നാണ് നെറ്റിസൺസിൽ ഭൂരിഭാഗവും പോസ്റ്റിനോട് പ്രതികരിച്ചത്.
മസായ് മാര നാഷണൽ റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിൽ ശാന്തമായ തലേക് നദിക്ക് അഭിമുഖമായി 22 കൂടാര സ്യൂട്ടുകൾ ഉണ്ട്. കീകോറോക്ക് എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 30-40 മിനിറ്റ് സഞ്ചരിക്കാനുള്ള ദൂരമുണ്ട് ലോഡ്ജിലേക്ക്. താമസം, ഭക്ഷണം, തിരഞ്ഞെടുത്ത പാനീയങ്ങൾ, ബുഷ് മീൽസ്, സൺഡൗണറുകൾ, ഡെയ്‌ലി ഗെയിം ഡ്രൈവുകൾ എന്നിങ്ങനെയുള്ള പ്രീമിയം സേവനങ്ങളുടെ ഒരു ശ്രേണി തന്നെ ഉൾപ്പെടുന്ന പാക്കേജ് ആണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.