സഹപാഠിയുടെ ഉച്ചഭക്ഷണത്തിന്റെ കടം തീർക്കാൻ 5 ലക്ഷം രൂപ സമാഹരിച്ച് 5 -ാം ക്ലാസുകാരൻ
മിഡിൽ സ്കൂളിലേക്ക് പോകാൻ രണ്ടാഴ്ച മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് ഡാകെൻ സഹപാഠിയുടെ കടം തീർക്കാൻ പണം ശേഖരിച്ച് തുടങ്ങിയത്.
സഹപാഠിയുടെ ഉച്ചഭക്ഷണത്തിനുള്ള കടം വീട്ടിത്തീർക്കാൻ വേണ്ടി അഞ്ച് ലക്ഷം രൂപ സമാഹരിച്ച് അഞ്ചാം ക്ലാസുകാരൻ. യുഎസിലെ മിസോറിയിലെ തോമസ് അൾട്ടിക്കൻ എലിമെൻ്ററി സ്കൂൾ വിദ്യാർത്ഥിയാണ് തന്റെ സഹപാഠിയുടെ കടം തീർക്കാൻ വേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്തത്.
കൻസാസ് സിറ്റി ഏരിയയിൽ നിന്നുള്ള 11 വയസുകാരനായ ഡാകെൻ ക്രാമറാണ് തന്റെ സുഹൃത്തിന്റെ കടം തീർക്കാൻ മുൻകയ്യെടുത്തത്. ബ്ലൂ സ്പ്രിംഗ്സ് സ്കൂൾ ഡിസ്ട്രിക്റ്റ് എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണവും, ആവശ്യമുള്ളവർക്ക് സൗജന്യ പ്രഭാതഭക്ഷണവും നൽകുന്നുണ്ടെങ്കിലും, പല സ്കൂളുകളിലും $225,000 (ഏകദേശം 18 ലക്ഷം രൂപ) ഉച്ചഭക്ഷണത്തിൽ മാത്രം കടം ഉണ്ടായിട്ടുണ്ട്.
മിഡിൽ സ്കൂളിലേക്ക് പോകാൻ രണ്ടാഴ്ച മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് ഡാകെൻ സഹപാഠിയുടെ കടം തീർക്കാൻ പണം ശേഖരിച്ച് തുടങ്ങിയത്. അതിനായി ഒരു PayPal അക്കൗണ്ടും തുടങ്ങി. "ഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഉച്ചഭക്ഷണം കഴിക്കാതെ ഒരു കുട്ടിക്ക് കഴിയാൻ പറ്റുമെന്ന് തോന്നുന്നില്ല" എന്നാണ് ഡാകെൻ പണം ശേഖരിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അവൻ്റെ അമ്മ വനേസ ക്രാമർ പറഞ്ഞത്, "നമുക്ക് ഒരുമിച്ച് നിൽക്കാൻ കഴിയുമെന്ന ബോധ്യം എല്ലാവർക്കും വന്നാൽ ഇവിടെ നമുക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയും" എന്നാണ്.
സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് സംഭാവനകൾ ലഭിക്കാറുണ്ട്. എന്നാൽ, സംഭാവനകൾ ലഭിച്ചിട്ടും പലപ്പോഴും ഉച്ചഭക്ഷണത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് കടബാധ്യതയുണ്ടാകാറുണ്ട്. തങ്ങളുടെ കീഴിലുള്ള പ്രൈമറി സ്കൂളിന് മാത്രം 3,000 ഡോളറിലധികം (ഏകദേശം 2.50 ലക്ഷം രൂപ) കടമുണ്ട് എന്നും ജില്ലയുടെ മൊത്തം കടം 225,000 ഡോളർ കവിഞ്ഞു എന്നുമാണ് തോമസ് അൾട്ടിക്കൻ എലിമെൻ്ററിയുടെ പ്രിൻസിപ്പൽ ഡോ. അലിസൺ ലോങ്‌വെൽ പറഞ്ഞത്.