പഠനമുപേക്ഷിച്ചു, കൗമാരക്കാരനെ കയറുകൊണ്ട് കെട്ടി പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ പിതാവിൻറെ ശ്രമം
സ്കൂളിൽ പോകാതെ മദ്യപിച്ചും പുകവലിച്ചും തെരുവിലൂടെ അലയുന്നതായിരുന്നു കൗമാരക്കാരന്റെ പതിവ്. കൂടാതെ ചൂതാട്ടത്തിലും ഹരം കണ്ടെത്തിയിരുന്നു.
സ്കൂൾ പഠനം ഉപേക്ഷിച്ച കൗമാരക്കാരനായ മകനെ പൊതുസ്ഥലത്ത് വെച്ച് കയറുകൊണ്ട് ബന്ധിച്ചു പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ച പിതാവിനെതിരെ രൂക്ഷ വിമർശനം. മധ്യ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം രാജ്യത്തെ പാരന്റിംഗ് രീതികളെക്കുറിച്ച് ചൂടേറിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
കിഴക്കൻ ചൈനയിലെ സെജിയാങ്ങിലെ ഹുനാൻ പ്രവിശ്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തിനെതിരെ വലിയ ജനരോഷമുയർന്നത്. മകനെ കയറുകൊണ്ട് കെട്ടി പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പിതാവ് ശ്രമിക്കുന്നതും മകന് അത് തടയുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ഇരുവരും തമ്മിലുള്ള മൽപ്പിടുത്തവും തർക്കവും നിരവധി ആളുകൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. മകൻറെ പഠനത്തെക്കുറിച്ച് പരാതി പറയാൻ അധ്യാപകർ സ്കൂളിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു പിതാവിൻറെ ഈ പ്രവൃത്തി. പേര് തിരിച്ചറിയാത്ത ഇയാൾ ഹുനാനിലെ ഒരു കുടിയേറ്റ തൊഴിലാളിയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
14 -നും 15 -നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥി സ്ഥിരമായി ക്ലാസുകൾ ഒഴിവാക്കാറുണ്ടായിരുന്നുവെന്നും പഠനം പൂർണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു എന്നുമാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. സ്കൂളിൽ പോകാതെ മദ്യപിച്ചും പുകവലിച്ചും തെരുവിലൂടെ അലയുന്നതായിരുന്നു കൗമാരക്കാരന്റെ പതിവ്. കൂടാതെ ചൂതാട്ടത്തിലും ഹരം കണ്ടെത്തിയിരുന്നു.
സ്കൂളിൽ നിന്നും മടങ്ങിയെത്തിയ പിതാവ് മകനെ തെരുവിൽ കണ്ടതോടെ രോഷാകുലനാവുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുകയും ചെയ്തു. ഇതിന് കൗമാരക്കാരൻ വിസമ്മതിച്ചതോടെ കയറുകൊണ്ട് കെട്ടി പോലീസ് സ്റ്റേഷനിൽ എത്തിക്കാനായി പിതാവിന്റെ ശ്രമം. ഒടുവിൽ പോലീസ് തന്നെ ഇരുവരെയും സമാധാനിപ്പിച്ച് പറഞ്ഞയച്ചു. കുട്ടിയോട് നിർബന്ധമായും സ്കൂളിൽ പോകണമെന്നും നിർദ്ദേശിച്ചു. ചൈനയുടെ ഒമ്പത് വർഷത്തെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി പ്രകാരം കുട്ടികൾക്ക് ഏകദേശം 15 - 16 വയസ്സ് വരെ സ്‌കൂളിൽ പോകേണ്ടതുണ്ട്.
(ചിത്രം പ്രതീകാത്മകം)