മദ്യപിച്ച് ട്രെയിൻ സീറ്റിൽ മൂത്രമൊഴിച്ചു, സൈനികനെതിരെ പ്രധാനമന്ത്രി ഇടപെടണമെന്ന് ഛത്തീസ്ഗഢ് യുവതി
യുവതിയോടൊപ്പം അവരുടെ ഏഴ് വയസ്സുള്ള മകനും ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് അബോധാവസ്ഥയിലായ സൈനികൻ ഇവരുടെ ബർത്തിലേക്ക് മൂത്രം ഒഴിച്ചത്.
ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്ത സൈനികൻ തന്റെ സീറ്റിൽ മൂത്രമൊഴിച്ചു എന്ന പരാതിയുമായി ഛത്തീസ്ഗഡിൽ നിന്നുള്ള യുവതി. ഗോണ്ട്വാന എക്‌സ്‌പ്രസിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ യുവതി പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി. താൻ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തൻറെ സീറ്റിലേക്ക് സൈനികൻ മൂത്രമൊഴിച്ചു എന്നാണ് യുവതിയുടെ പരാതി. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഢിലെ ദുർഗിലേക്കുള്ള യാത്രാമധ്യേ ബി-9 കോച്ചിലാണ് സംഭവം.
കോച്ചിനുള്ളിൽ ബർത്ത് നമ്പർ 24 -ലാണ് സൈനികൻ യാത്ര ചെയ്തിരുന്നത്. ബർത്ത് നമ്പർ 23 -ലായിരുന്നു യുവതി ഉണ്ടായിരുന്നത്. യുവതിയോടൊപ്പം അവരുടെ ഏഴ് വയസ്സുള്ള മകനും ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് അബോധാവസ്ഥയിലായ സൈനികൻ ഇവരുടെ ബർത്തിലേക്ക് മൂത്രം ഒഴിച്ചത്. ഉടൻതന്നെ യുവതി മറ്റൊരു ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന തൻറെ ഭർത്താവിനെ വിവരമറിയിക്കുകയും ഇവർ റെയിൽവേ ഹെൽപ് ലൈനിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ല എന്നാണ് യുവതി പറയുന്നത്. പരാതി നൽകി മണിക്കൂറുകൾക്കുശേഷം മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിയപ്പോൾ, ആർപിഎഫ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയെങ്കിലും പ്രത്യേകിച്ച് നടപടികൾ ഒന്നും എടുത്തില്ല എന്നും യുവതി ആരോപിച്ചു.
തുടർന്ന് ലളിത്പൂരിൽ നിന്ന്, ജാൻസിയിൽ ആർപിഎഫ്, ഗവൺമെൻ്റ് റെയിൽവേ പൊലീസ് (ജിആർപി), എംസിഎഒ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത സംഘം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി ട്രെയിനിൽ കയറിയെങ്കിലും അവരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഒന്നുമുണ്ടായില്ലെന്നും യുവതി കൂട്ടിച്ചേർത്തു. ആർപിഎഫിൻ്റെ നിഷ്‌ക്രിയത്വത്തിൽ നിരാശ പ്രകടിപ്പിച്ച യുവതി പിഎംഒയ്ക്കും റെയിൽവേ മന്ത്രിക്കും ഓൺലൈനായി പരാതി നൽകി.
എന്നാൽ, സംഭവത്തെക്കുറിച്ച് ആർപിഎഫ് നൽകുന്ന വിശദീകരണം പരിശോധനയ്ക്കായി ട്രെയിനിനുള്ളിൽ കയറിയപ്പോൾ പരാതിക്കാരിയായ യുവതിയെ അവരുടെ സീറ്റിൽ കണ്ടില്ലെന്നും അബോധവസ്ഥയിലായിരുന്ന സൈനികൻ ഉറങ്ങുകയായിരുന്നു എന്നുമാണ്.